ഇന്ധന നികുതി കുറയ്ക്കില്ലെ; ഇന്ധനവില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തിനില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വർധനവിലും പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ധനവില കൂടുന്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോൾ 13 തവണയാണ് ഇന്ധന വില കൂട്ടിയത്. യുപിഎ സർക്കാരിന്‍റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സർക്കാർ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ധന തീരുവ ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്നും ധനമന്ത്രി പറഞ്ഞു. നേരത്തേ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കിഫ്ബിക്ക് പണമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ഇന്ധന നികുതി ഒഴിവാക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ തീരുമാനം കച്ചവടക്കാരന്‍റെ മനോഭാവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

Related posts