തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണത്തിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ അന്വേഷണം; മന്ത്രിയാണെന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണ മുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ട് കിട്ടിയാലുടൻ തുടർ നടപടികൾ സ്വീകരിക്കും. അടുത്ത ദിവസം തന്നെ ഇടക്കാല റിപ്പോർട്ട് ലഭിക്കും.

ഇതിന് ശേഷം തുടർ നടപടികൾ ആലോചിക്കുമെന്നും ജില്ലാ കളക്ടറുമാരുടെ സ്ഥലം മാറ്റത്തെ തുടർന്നാണ് റിപ്പോർട്ട് വൈകിയതെന്നും മന്ത്രി അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിയാണ് എന്നുള്ളത് അന്വേഷണത്തിന് തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ഡിജിപി അടുത്ത ദിവസം അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.

Related posts