കള്ള് മാത്രം മതി, തൊട്ടുകൂട്ടല്‍ മേലില്‍ വേണ്ട! കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ല; വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് എക്‌സൈസ് വകുപ്പിന്റെ മറുപടി ഇങ്ങനെ

അടുത്ത കാലത്തായി ഒരു ഷാപ്പ് എന്ന് പറയുമ്പോള്‍ തന്നെ ഒരു ഫാമിലി റസ്റ്ററന്റ് എന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്. മനസില്‍ തെളിയുന്നതും കള്ള് മാത്രമല്ല, നാവില്‍ കൊതിയൂറുന്ന രീതിയിലുള്ള വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളുമാണ്. അതുകൊണ്ട് തന്നെയാണ് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കുന്നതിനുവേണ്ടി ആളുകള്‍ കുടുംബ സമേതം പോലും ഷാപ്പുകള്‍ തേടി പോവുന്നത്.

പക്ഷേ ആ വിഭവങ്ങള്‍ ഇനി പഴംങ്കഥയാക്കുകയാണ് എക്സൈസ് വകുപ്പ്. കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ലെന്നാണ് എക്സൈസ് അധികൃതര്‍ അറിയിച്ചത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നിലമ്പൂര്‍ എക്സൈസ് അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലുടനീളം ഷാപ്പുകളില്‍ കപ്പയും മീന്‍കറിയും ഉള്‍പ്പെടെ വിവിധ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ കരിമീന്‍, താറാവ് ഇറച്ചി തുടങ്ങിയ വിഭവങ്ങളുടെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍വരെ ഭക്ഷ്യവിഭവങ്ങളുടെ രുചി ആസ്വദിക്കാന്‍ ഷാപ്പുകളിലെത്താറുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവരും കള്ളും ഒപ്പം വാങ്ങും. ഭക്ഷണവും കള്ളും പാഴ്സലായി വാങ്ങിപ്പോകുന്ന യുവാക്കളുമുണ്ട്.

ഈ സാഹചര്യമെല്ലാം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനവുമായി എക്സൈസ് എത്തിയത്. കള്ളിനൊപ്പം ‘ടച്ചിങ്സ്’ വില്‍ക്കാന്‍പോലും അനുവാദമില്ലാത്തിടത്താണ് ഷാപ്പുകളില്‍ പലയിടത്തും വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ഇനി അത് പാടില്ല എന്ന് ചുരുക്കം.

Related posts