ഭുവനേശ്വർ: മോട്ടോർ ഗതാഗത നിയമത്തിന്റെ അടിസ്ഥാനത്തിൽ ട്രക്കിനു പിഴയിട്ടത് ആറര ലക്ഷം രൂപ. ഒഡീഷയിലെ സാംബൽപുരിലാണു സംഭവം.
നാഗാലൻഡ് രജിസ്ട്രേഷനുള്ള എൻഎൽ-08 ഡി 7079 ട്രക്കിന്റെ ഉടമയ്ക്കാണു ഭീമൻ പിഴ വിധിച്ചത്. പുതിയ മോട്ടർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്പു, കഴിഞ്ഞ മാസം പത്തിനാണ് ഇത്തരത്തിൽ പിഴ വിധിച്ചത് എന്നതാണു ശ്രദ്ധേയം. ഏഴു ട്രാഫിക് നിയമ ലംഘനങ്ങൾക്കായിരുന്നു പിഴയിടീൽ.
അഞ്ചു വർഷത്തെ റോഡ് നികുതി അടയ്ക്കാത്തതിന് ഒഡിഷ മോട്ടോർ വാഹന നിയമപ്രകാരം 6,40,500 രൂപയാണു പിഴ വിധിച്ചത്. 600 രൂപ റോഡ് നിയമങ്ങൾ പാലിക്കാത്തതിനും 1000 രൂപ വായുശബ്ദ മലിനീകരണത്തിനും 5000 രൂപ ചരക്കു വാഹനത്തിൽ യാത്രക്കാരെ കയറ്റിയതിനുമാണ്. പെർമിറ്റില്ലാതെ വാഹനം ഉപയോഗിച്ചതിന് 5000 രൂപയും ഇൻഷ്വറൻസ് ഇല്ലാത്തതിന് 1000 രൂപയും പിഴ ചുമത്തി.
ട്രക്ക് ഡ്രൈവർ ദിലീപ് കർത്തയുടെയും ഉടമസ്ഥൻ ഷൈലേഷ് ശങ്കർ ലാൽ ഗുപ്തയുടെയും പേരിലാണു വാഹന പരിശോധകർ രസീത് നൽകിയിരിക്കുന്നത്. ഇവർ പിഴയടച്ചോ എന്നു വ്യക്തമല്ല.