കൊല്ലം: ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന പാചകം ചെയ്ത ഭക്ഷണ പായ്ക്കറ്റുകളിൽ ക്യൂആർ കോഡുകൾ നിർബന്ധമാക്കുന്നു. ഈ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം പാകം ചെയ്ത അടുക്കളയുടെ പേര്, പാക്കേജിംഗ് തീയതി, ഭക്ഷണം കേടുകൂടാതെ ഇരിക്കുന്ന സമയപരിധി തുടങ്ങിയ വിശദ വിവരങ്ങൾ യാത്രക്കാരന് അറിയാൻ സാധിക്കും. മാത്രമല്ല ട്രെയിനുകളിൽ ഭക്ഷണ മെനുകളും അവയുടെ നിരക്കുകളും നിർബന്ധമായും പ്രദർശിപ്പിക്കുകയും വേണം.
റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ മൊബൈൽ നമ്പരിലേയ്ക്ക് ഭക്ഷണത്തിൻ്റെ മെനു ലിങ്കുകൾ സഹിതമുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ലഭ്യമാക്കുന്ന പുതിയ പരിഷ്കാരവും റെയിൽവേ ആരംഭിച്ച് കഴിഞ്ഞു.നിലവിൽ റെയിൽവേയിൽ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളുടെയും മെനുവും നിരക്കുകളും യാത്രക്കാർക്ക് കൃത്യമായി അറിയാൻ അവ ഐആർസിറ്റിസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പുതിയ നിർദേശം അനുസരിച്ച് എല്ലാ വിശദാംശങ്ങളും അടങ്ങിയ മെനു കാർഡ് വെയിറ്റർമാരുടെ പക്കൽ ലഭ്യമാക്കണം. മാത്രമല്ല അവർ ഇവ യാത്രക്കാർക്ക് ആവശ്യാനുസരണം നൽകുകയും വേണം. ഇനി മുതൽ നിരക്ക് പട്ടിക പാൻട്രി കാറുകളിലും യാത്രക്കാർക്ക് ഒറ്റനോട്ടത്തിൽ വായിക്കാൻ സാധിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
ട്രെയിനുകളിൽ ഇപ്പോൾ ലഭിക്കുന്ന ഭക്ഷണത്തിൻ്റെ ശുചിത്വം, ഗുണനിലവാരം എന്നിവ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.മെച്ചപ്പെട്ട ഭക്ഷണം ഉറപ്പു വരുത്തുന്നതിന് തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ആധുനിക ബേസ് കിച്ചണുകൾ പുതുതായി കമ്മീഷൻ ചെയ്യും.
ഭക്ഷണം തയാറാക്കുന്നത് നിരീക്ഷിക്കുന്നതിന് എല്ലാ ബേസ് കിച്ചണുകളിലും സിസിടിവി കാമറകളും സ്ഥാപിക്കും.ഭക്ഷണം തയാറാക്കുന്ന ആവശ്യത്തിനായി ഉപയോഗിക്കേണ്ട പാചക എണ്ണ, ആട്ട, അരി, പയർ വർഗങ്ങൾ, മസാല ഉത്പന്നങ്ങൾ, പനീർ, പാലുൽപ്പങ്ങൾ എന്നിവ റെയിൽവേ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയും ശുചിത്വ രീതികളും നിരീക്ഷിക്കുന്നതിന് ബേസ് കിച്ചണുകളിൽ കൂടുതൽ സുരക്ഷാ സൂപ്പർവൈസർമാരെയും നിയോഗിക്കും. ബേസ് കിച്ചണുകളിലും പാൻട്രി കാറുകളിലും പതിവായി ആഴത്തിലുള്ള വൃത്തിയാക്കലും ശാസ്ത്രീയമായ കീടനാശിനി നിയന്ത്രണവും കർശനമായി ഉറപ്പാക്കും.
എല്ലാ കാറ്ററിംഗ് യൂണിറ്റിലും നിയുക്ത ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നുള്ള ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡാർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ സർട്ടിഫിക്കേഷനും നിർബന്ധമാക്കി കഴിഞ്ഞു.ഭക്ഷണത്തിന്റെ ഗുണനിലവാരം 100 ശതമാനവും ഉറപ്പാക്കാൻ പതിവായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാൻട്രി കാറുകളിലും ബേസ് കിച്ചണുകളിലും ഭക്ഷണ ഗുണനിലവാരവും ശുചിത്വവും പരിശോധിക്കാൻ മൂന്നാം കക്ഷി ഓഡിറ്റും നടത്തും. ഇത് കൂടാതെ ഉപഭോക്തൃ സംതൃപ്തി സർവേകൾ നടത്താനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
- എസ്.ആർ. സുധീർകുമാർ