മോട്ടോർ വാഹനനിയമം പുതുക്കിയതിനു ശേഷം രാജ്യത്തെ ഏറ്റവും ഉയർന്ന പിഴ ലഭിച്ചത് ഒഡീഷയിലെ ട്രക്ക് ഡ്രൈവർക്ക്. സാംബാൽപുരിലെ ട്രക് ഡ്രൈവർ അശോക് യാദവിന് 86,500 രൂപയാണ് പിഴയായി ലഭിച്ചത്. ട്രക്കിൽ ജെസിബികയറ്റി കൊണ്ടുപോയതിനാണ് വൻ തുക പിഴയായി നൽകേണ്ടിവന്നത്.
നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള ട്രക്കിനാണ് 86,500 രൂപ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിഴയടിച്ചത്. എന്നാൽ ഡ്രൈവർ ഉദ്യോഗസ്ഥരുമായി മണിക്കൂറുകളോളം നടത്തിയ തർക്കത്തിനു ശേഷം ഇത് 70,000 രൂപയായി കുറച്ചു നൽകി. പിഴ അടച്ചതിനു ശേഷം കഴിഞ്ഞ ആറാം തീയതി ട്രക്ക് തിരിച്ചെടുത്തതായി അശോക് യാദവ് പറഞ്ഞു.
അനധികൃതമായി മറ്റൊരു വ്യക്തിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് 5,000 രൂപ, ലൈസൻസ് ഇല്ലാത്തതിന് 5,000 രൂപ. അമിതഭാരം കയറ്റിയതിന് 56,000 രൂപ. അമിത വലിപ്പമുള്ള ലോഡ് കയറ്റൽ 20,000 രൂപ എന്നിങ്ങനെയാണ് അശോക് യാദവിന് പിഴയടിച്ചത്. അനുംഗുൽ ജില്ലയിലെ തൽചറിൽനിന്നും ഛത്തീസ്ഗഡിലേക്ക് പോകുന്പോഴാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ ട്രക്ക് തടഞ്ഞ് പരിശോധന നടത്തിയത്.