വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുതന്നതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ വലിയ ചുവടുവയ്പാണിതെന്നും ട്രംപ് വിശേഷിപ്പിച്ചു.
“റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. ആ രാജ്യത്തുനിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പു നൽകി. ഇതൊരു വലിയ ചുവടുവയ്പാണ്. ഇനി ചൈനയെയും എണ്ണവാങ്ങുന്നതു നിർത്താൻ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമെന്ന ട്രംപിന്റെ വാദത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടയിൽ റഷ്യയുടെ എണ്ണ വരുമാനം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കുമ്പോൾ, എണ്ണ വാങ്ങൽ ഇന്ത്യ അവസാനിപ്പിച്ചാൽ ആഗോള ഊർജനയതന്ത്രത്തിൽ ഒരു വഴിത്തിരിവായിരിക്കുമത്.
റഷ്യയുടെ മുൻനിര ഊർജ വ്യാപാരപങ്കാളിയായ രാജ്യത്തിന്റെ മാറ്റം, റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾക്കും സമ്മർദമാകും. ഊർജനയത്തിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും മോദി തന്റെ അടുത്ത പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു.
ചൈനയുമായുള്ള സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയെ വിശ്വസനീയമായ പങ്കാളിയായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. ട്രംപിന്റെ പുതിയ ഇന്ത്യൻ അംബാസഡർ സെർജിയോ ഗോർ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു ഈ പ്രഖ്യാപനം. ട്രംപിന്റെ വിശ്വസ്തനായ ഗോറിന്റെ നിയമനം യുഎസ്-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിലെ തുടർച്ചയുടെയും സൗഹൃദത്തിന്റെയും സൂചനയായി വിലയിരുത്തപ്പെടുന്നു.