ഐഎസിനു ചൂട്ടുപിടിക്കാന്‍ തുര്‍ക്കി ! അമേരിക്ക പിന്മാറിയതോടെ സിറിയയില്‍ കടന്നു കയറിയ തുര്‍ക്കി സൈന്യം ലക്ഷ്യമിടുന്നത് ഐഎസിനെതിരേ പോരാടിയ കുര്‍ദ്ദുകളുടെ ഉന്മൂലനാശം;ഐഎസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് തുര്‍ക്കി വഴിവയ്ക്കുന്നതിങ്ങനെ…

ശക്തികേന്ദ്രങ്ങളില്‍ നിന്ന് നിഷ്‌കാസിതമായ ഐഎസിന്റെ തിരിച്ചുവരവിന് സഹായകമാവുകയാണ് തുര്‍ക്കി സൈന്യത്തിന്റെ നടപടികള്‍. ഐഎസിന്റെ തകര്‍ച്ചയോടെ സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ ഇവിടേക്ക് ഇരച്ചെത്തിയ തുര്‍ക്കി സൈന്യം കുര്‍ദ്ദുകള്‍ക്കെതിരേ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്.

ഐഎസിനെതിരേ അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് പോരാടിയ കുര്‍ദ്ദുകളുടെ ഉന്മൂലനാശമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. തീവ്രവാദികളെന്നു വിശേഷിപ്പിച്ച് തുര്‍ക്കി കുര്‍ദ്ദുകളെ ആക്രമിക്കുമ്പോള്‍ തങ്ങളെ സിറിയയില്‍ നിന്നു തുരത്തിയവര്‍ക്കെതിരേ തിരിച്ചടിക്കാന്‍ ഐഎസിനും അവസരമൊരുങ്ങുകയാണ്.

അമേരിക്കന്‍ സൈന്യം സിറിയയില്‍ നിന്നു പിന്‍വാങ്ങിയതോടെ സിറിയന്‍ മണ്ണില്‍ ഇരച്ചെത്തിയ തുര്‍ക്കി സൈന്യം പറയുന്നത് തങ്ങള്‍ എത്തിയിരിക്കുന്നത് സമാധാനം പുനഃസ്ഥാപിക്കാനാണെന്നാണ്. എന്നാല്‍ സിറിയയില്‍ എത്തിയ ഇവര്‍ ഐഎസിനെ ആക്രമിക്കുന്നതിനു പകരം ആക്രമിക്കുന്നതാവട്ടെ ഐഎസിന്റെ ശത്രുക്കളായ കുര്‍ദ്ദുകളെയും.

നിരവധി കുര്‍ദ്ദുകളെയാണ് വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ടര്‍ക്കിഷ് സേന ഇതിനോടകം കൊന്നൊടുക്കിയത്. ഐഎസ് പോരാളികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലുകളുടെ ചുമതലയുള്ള കുര്‍ദ്ദ് പോരാളികളെയാണ് തുര്‍ക്കി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനോടകം പല ജയിലുകളും തകര്‍പ്പെടുകയും നിരവധി ഐഎസ് ഭീകരര്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു കഴിഞ്ഞു.

സിറിയയിലെ കുര്‍ദ്ദുകളെ മാത്രമല്ല തുര്‍ക്കി അതിര്‍ത്തിയിലെ കുര്‍ദ്ദുകളെയും തുടച്ചു നീക്കാനുള്ള പുറപ്പാടിലാണ് ടര്‍ക്കിഷ് സൈന്യം. ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്ന നിലയില്‍ കുര്‍ദ്ദുകളുടെ നാശവും ഐഎസിന്റെ തിരിച്ചുവരവുമാണ് എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്. ടര്‍ക്കിഷ് സേനയുടെ ആക്രമണം ശക്തമായതോടെ ലക്ഷക്കണക്കിന് കുര്‍ദ്ദുകളാണ് പാലായനത്തിന് ഒരുങ്ങിയിരിക്കുന്നത്.

ഐഎസിന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമായിരുന്നു എകെ-47 തോക്കേന്തിയ കുര്‍ദ്ദിഷ് വനിതകള്‍. സ്ത്രീകളുടെ കൈകൊണ്ട് മരിച്ചാല്‍ സ്വര്‍ഗം ലഭിക്കില്ലെന്ന വിശ്വാസമാണ് അവരെ മരണത്തേക്കാള്‍ ഏറെ ഭയപ്പെടുത്തിയിരുന്നത്. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ വരെ ഐഎസിനെതിരേ വീറോടെ പോരാടിയതിന്റെ വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

മധ്യപൂര്‍വ്വദേശത്ത് വസിക്കുന്ന ഇറാനിയന്‍ വംശത്തില്‍പ്പെട്ട ഒരു ജനവംശമാണ് കുര്‍ദുകള്‍ അഥവാ കുര്‍ദിഷ് ജനത. കുര്‍ദുകള്‍ എന്നത് ഒരു പ്രത്യേക മത വിഭാഗമല്ല. കുര്‍ദുകളുടെ ഇടയില്‍ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യന്‍, യര്‍സാന്‍, യസീദി, സൊറോസ്ട്രിയന്‍ എന്നിവയാണ്. ഭൂരിപക്ഷം കുര്‍ദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയില്‍ തീവ്രമായ മതവിശ്വാസങ്ങള്‍ കുറവാണ്. പൊതുവെ കുര്‍ദ് എന്ന് പറഞ്ഞാല്‍ മലയാളി, ബീഹാറി, ബംഗാളി, തുര്‍ക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്.

ഇറാഖിനെ ലംബമായി മൂന്നായി വിഭജിച്ചാല്‍, മുകളില്‍ കുര്‍ദ് ഭാഷ സംസാരിക്കുന്ന കുര്‍ദ് വംശജരും (സുന്നി വിഭാഗം ആണേങ്കിലും കുര്‍ദ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍), നടുക്ക് സുന്നികളും, താഴെ ഷിയാ ഭൂരിപക്ഷമുള്ള പ്രദേശവുമാണ്. ഇങ്ങനെ വൈവിധ്യമാര്‍ന്ന ഒരു ജനവിഭാഗത്തെ ഭൂമുഖത്തു നിന്നും തൂത്തെറിയാനാണ് എര്‍ദോഗന്‍ ശ്രമിക്കുന്നത്. ഇനി ഒരിക്കല്‍ കൂടി ഐഎസ് സിറിയയില്‍ ശക്തി പ്രാപിച്ചാല്‍ അവരെ നേരിടുക അതീവ ദുഷ്‌കരമാവുകയും ചെയ്യുമെന്ന് തീര്‍ച്ച.

Related posts