13 വര്‍ഷത്തെ ആശുപത്രി വാസത്തിന് വിരാമം! വാണിയും വീണയും ഇനി ശിശുവിഹാറിലേയ്ക്ക്!

hdfrhrdhസ്വന്തമെന്ന പോലെ സ്‌നേഹിച്ച് കൂടെനിന്ന ജീവനക്കാരെയും പരിചയക്കാരെയും വിട്ട്  വിങ്ങലോടെ വാണിയും വീണയും ഹൈദരാബാദിലുള്ള ആശുപത്രിയിലെ ആ ഒറ്റമുറിയില്‍ നിന്ന് നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങി.

വിമന്‍ ഡെവലപ്‌മെന്റ് ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗത്തിലെ ശിശുവിഹാറിലിലേക്കാണ് ഇവര്‍ യാത്ര തിരിച്ചത്. ജനിച്ചത് സയാമീസ് ഇരട്ടകളാണെന്നറിഞ്ഞപ്പോള്‍ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവരുടെ  അച്ഛനമ്മമാര്‍ക്ക് ആ കുഞ്ഞുങ്ങള്‍ ഒരു ബാധ്യതയായി. കുഞ്ഞുങ്ങളുടെ ചികില്‍സയ്ക്കു ചെലവഴിക്കാന്‍ പണമില്ലെന്നു പറഞ്ഞ് അച്ഛനമ്മമാര്‍ ഉപേക്ഷിച്ച അവര്‍ക്ക് ഹൈദരാബാദിലെ നിലോഫര്‍ ആശുപത്രിയിലെ ഒറ്റമുറി അന്നുമുതല്‍ വീടായി. അവിടുത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും ഉറ്റവരും ഉടയവരുമായി.

ru

2003 ഒക്ടോബര്‍ 15 നായിരുന്നു തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ദമ്പതികള്‍ക്ക് സയാമീസ് ഇരട്ടകള്‍ പിറന്നത്. ഇത്തരം കുട്ടികളെ കൈകാര്യം ചെയ്യാനും ചികിത്സിക്കാനുമുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ചു പറഞ്ഞ് അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു. എന്നെങ്കിലും അച്ഛനമ്മമാര്‍ മനസ്സുമാറി തിരിച്ചു വരുന്നതും കാത്ത് 13 വര്‍ഷം ആശുപത്രി അധികൃതര്‍ ആ പെണ്‍കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കി. വാണിയെന്നും വീണയെന്നും അവരെ പേര് ചൊല്ലി വിളിക്കുകയും ചെയ്തു.

ലണ്ടനില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നും വിദഗ്ധരായ ഡോക്ടര്‍മാരെക്കൊണ്ടു വന്ന് പെണ്‍കുട്ടികളെ പരിശോധിച്ചു. ഇരുവരുടെയും ജീവന് ഒരാപത്തും വരാതെ അവരെ വേര്‍പെടുത്താന്‍ കഴിയുമോ എന്നും പരിശോധിച്ചു. എല്ലാ ചികില്‍സാ സഹായങ്ങളും സൗജന്യമായി ചെയ്തു നല്‍കാമെന്ന് തെലങ്കാന സര്‍ക്കാരും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധ ഡോക്ടര്‍മാരും ഉറപ്പു നല്‍കി. എന്നാല്‍ ഇവരെ വേര്‍പെടുത്തിയാല്‍ അത് ഇരുവരുടെയും ജീവനുതന്നെ ആപത്താണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

6rir6ir

പെണ്‍കുട്ടികള്‍ ആശുപത്രി അന്തരീക്ഷത്തില്‍ വളരുന്നത് ശരിയല്ലെന്നും, അവരുടെ മാനസിക വളര്‍ച്ചയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും  പുറംലോകത്തുള്ളവരുമായി ഇടപഴകുവാന്‍ ഇവര്‍ മടിക്കുമെന്നും അതുകൊണ്ട് അവരെ ആശുപത്രിയില്‍ നിന്നും മാറ്റണമെന്നും പല ഇടങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്നാണ് 13 വര്‍ഷം താങ്ങും തണലും നല്‍കിയ വീടിനെ പോലെ സ്‌നേഹിച്ച ആശുപത്രിയിലെ ഒറ്റമുറിയില്‍ നിന്നും അവര്‍ക്ക് പടിയിറങ്ങേണ്ടി വന്നത്. വിമന്‍ ഡെവലപ്‌മെന്റ് ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗത്തിലെ ശിശുവിഹാറിലാണ് ഇപ്പോള്‍ ഇവരുടെ താമസം. പുതിയ താമസസ്ഥലവുമായി ഒത്തുപോകാന്‍ കുഞ്ഞുങ്ങള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതായി അധികൃതര്‍ പറയുന്നു. അമ്പതോളം കുട്ടികള്‍ ഇവര്‍ക്ക് കൂട്ടായി ഈ സ്ഥാപനത്തിലുണ്ട്.

Related posts