കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് ജീവന്‍പണയംവെച്ച് പെണ്‍കുട്ടിയെ രക്ഷിച്ച് യുവാക്കള്‍ ! ഇതാണ് ഹീറോയിസം എന്ന് സോഷ്യല്‍ മീഡിയ…

അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വയരക്ഷ നോക്കി മാറി നില്‍ക്കുന്നവരല്ല അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മുമ്പോട്ടു വരുന്നവരാണ് യഥാര്‍ഥ ധീരന്മാര്‍ എന്നു പറയാറുണ്ട്.

തീപിടിച്ച ബഹുനില കെട്ടിടത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ സ്വന്തം ജീവിതം പണയം വച്ച് സാഹസികമായി രക്ഷിച്ച രണ്ടു യുവാക്കളുടെ ധീരതയാണ് ഇപ്പോള്‍ പരക്കെ പ്രശംസിക്കപ്പെടുന്നത്.

റഷ്യയിലാണു സംഭവം. മോസ്‌കോയിലെ ഡൊറോഷ്നയ സ്ട്രീറ്റിലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണു തീപ്പിടിത്തമുണ്ടായത്.

തീ ആളിക്കത്തി ജനാലകളിലൂടെ കറുത്ത പുക പുറത്തേക്കു പരക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ രക്ഷാപ്രവര്‍ത്തനം.

മുകളിലെ നിലയില്‍നിന്ന് ജനാലകളിലൊന്നിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ താഴെ നിലയില്‍ സാഹസികമായി നിന്നുകൊണ്ടാണ് ചെറുപ്പക്കാര്‍ രക്ഷപ്പെടുത്തിയത്.

വീതി കുറഞ്ഞ ജാലകത്തിന്റെ പടിയില്‍ ശരിക്കൊന്നു നില്‍ക്കാന്‍ പ്രയാസപ്പെട്ട യുവാക്കള്‍, പെണ്‍കുട്ടി കൈമാറിയ ബാഗ് പോലത്തെ എന്തോ ഒരു വസ്തു ആദ്യം വാങ്ങി അവരുടെ അപ്പാര്‍ട്ട്മെന്റിലേക്കു വയ്ക്കുന്നു.

തുടര്‍ന്ന് താഴേക്കിറങ്ങുന്ന പെണ്‍കുട്ടിയെ ശ്രദ്ധയോടെ പിടിച്ച് അവരുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ഇറക്കുകയായിരുന്നു.

52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ അപ്പാര്‍ട്ട്മെന്റിനു പുറത്ത് അല്‍പ്പം അകലെനിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.

അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ റെഡിറ്റില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.

ജനുവരി 29 ന് വൈകീട്ടാണ് അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തമുണ്ടായത്. തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയെങ്കിലും ഒമ്പതാം നിലയിലെ അപ്പാര്‍ട്ട്മെന്റ് പൂര്‍ണമായും കത്തിനശിച്ചതായി റെന്‍ ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റതായും 12 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ രക്ഷിച്ച ചെറുപ്പക്കാര്‍ക്കും പരുക്കേറ്റതായി ദൃക്‌സാക്ഷി 360 ടിവി ചാനലിനോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കളെ ആദരിക്കാനുള്ള തീരുമാനത്തിലാണ് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രാലയം. ഇരുവരെയും കണ്ടെത്താന്‍ ശ്രമമാരംഭിച്ചു.

”രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ താഴെത്തെ നിലയില്‍ താമസിക്കുന്ന നാല്‍പ്പതുകാരനായ കോണ്‍സ്റ്റന്റീനാണെന്ന് അറിയാം. കത്തിക്കൊണ്ടിരിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ ആളുകളെ സഹായിക്കാന്‍ ആദ്യം വന്നത് അദ്ദേഹമാണ്,” ബ്ലോക്‌നോട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts

Leave a Comment