ഒന്ന് സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ചിത്രം! രണ്ട് കളക്ടര്‍ വാസുകി സ്വന്തം പിതാവിന്റെ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്നത്; സമത്വത്തിനുവേണ്ടി വാദിക്കുന്നവരുടെ മുന്നില്‍ ചോദ്യ ചിഹ്നമായി രണ്ട് ചിത്രങ്ങള്‍

അടുത്ത കാലത്തായി ആളുകള്‍, പ്രത്യേകിച്ച് സ്ത്രീ ജനങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം എന്ന തോതില്‍ വിളിച്ചു പറയുന്ന ഒരു കാര്യമാണ് സ്ത്രീ സമത്വം എന്നത്. എല്ലാക്കാര്യത്തിലും പുരുഷനൊപ്പം സ്വാതന്ത്രവും അവകാശവും.

ശബരിമലയിലെ യുവതീ പ്രവേശനമാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ട കാര്യം. ശാരീരിക പ്രത്യേകതകള്‍ കാരണം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന് പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആ വിധി അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.

സമത്വത്തിനുവേണ്ടി ആദ്യം തന്നെ വലിയ വിശ്വാസങ്ങള്‍ ലംഘിക്കുക എന്നല്ല തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നാണ് വിശ്വാസികള്‍ ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആദ്യം മാറേണ്ടവ ഏവയൊക്കെയെന്ന് വ്യക്തമാക്കുന്ന രണ്ട് ഉദാഹരണങ്ങളാണ് ഷിബില്‍ വി.കെ. എന്ന യുവാവ് ഫേസ്ബുക്കിലൂടെ വിവരിച്ചിരിക്കുന്നത്. ഷിബിലിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലുമാണ്.

സ്ത്രീ സമത്വം ചാനല്‍ മുറികളിലോ പ്രസംഗങ്ങളിലോ മാത്രം അല്ല, സ്വന്തം വീട്ടില്‍ നിന്നാണ് ആദ്യം തുടങ്ങേണ്ടതെന്നാണ് ചിത്രങ്ങള്‍ വാദിക്കുന്നത്. ആചാരാധിഷ്ഠിതമായ സ്ത്രീ അസമത്വങ്ങള്‍ എന്ന തലക്കെട്ടോടുകൂടി പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ ഇങ്ങനെ..

1. എന്റെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ചിത്രം… കന്യാദാനം നടത്തുന്നത് വധുവിന്റെ അമ്മ….വധുവിന്റെ അച്ഛനില്ലാത്ത അവസ്ഥയില്‍ എത്ര അമ്മമാര്‍ക്ക് ഈ അവസരം ലഭിച്ചിട്ടുണ്ടാകും? അമ്മയേക്കാള്‍ വേറെ ആര്‍ക്കാണ് അത്രയും ചെയ്യാന്‍ അവകാശം ഉള്ളത്? അമ്മാവന്മാര്‍ക്കോ? (എന്റെ ഭാര്യയുടെ കൈ എന്റെ കൈയ്യില്‍ ഏല്പിച്ചത് അവളുടെ അമ്മാവനാണ് )..അമ്മ, സ്ത്രീ ആയതിന്റെ മാത്രം പേരില്‍ ആണ് അവകാശം നിഷേധിക്കപ്പെടുന്നത്…

2. തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി IAS സ്വന്തം പിതാവിന്റെ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്നത്…സാധാരണ ഗതിയില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്ത മാതാപിതാക്കളുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്നത് കുടുംബത്തിലെ മറ്റു ആണുങ്ങള്‍…മക്കള്‍ ആണായാലും പെണ്ണായാലും അത് ചെയ്യാന്‍ വേറെ ആര്‍ക്കാണ് യോഗ്യത?..ഇത്തരം അവസ്ഥയില്‍ സ്വന്തം മാതാപിതാക്കളുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെടുന്നത് പെണ്ണായത് കൊണ്ട് മാത്രം..

ഇതൊക്കെയും ആചാരങ്ങളുടെ പേരില്‍ നടക്കുന്ന വ്യക്തമായ സ്ത്രീ അസമത്വം തന്നെ… സ്ത്രീസമത്വം ചര്‍ച്ചിക്കുന്നവരാലും മതില് പണിയുന്നവരാലും അല്ലാത്തവരാലും കാണപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും തന്നെ..അതൊക്കെ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ തിരുത്തിക്കൊണ്ടിരിക്കും…..

മുകളില്‍ പറഞ്ഞ രണ്ടു പേരും തിരുത്തലുകള്‍ നടത്തി മാറ്റം കൊണ്ട് വന്നവരാണ്, അല്ലെങ്കില്‍ അതിനു അവസരം ലഭിച്ചവരാണ്…തിരുത്തലുകള്‍ വേണം; സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ സ്വന്തം..വീടുകളില്‍….കുടുംബങ്ങളില്‍…..അവിടെ നിന്നും പടരണം സമൂഹത്തിലേക്ക്, വിദ്യാഭ്യാസ-തൊഴിലിടങ്ങളിലേക്ക്, ഭരണസിരാകേന്ദ്രങ്ങളിലേക്ക്…..
അത് വരെ സ്ത്രീ അസമത്വം നിറഞ്ഞ ആചാരങ്ങളായി അവ തുടരും…നാളത്തെ നമ്മുടെ കുടുംബങ്ങള്‍ സ്ത്രീസൗഹൃദപരമാകട്ടെ .. സ്ത്രീസമത്വത്തെ വിളിച്ചോതുന്നതാകട്ടെ…..അതോടൊപ്പം നമ്മുടെ സമൂഹവും.

Related posts