‘സ്വീറ്റീ’ നീ നീയായിരിക്കുക; നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ അവിസ്മരണീയമാണ്; അനുഷ്‌കാ ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് ഉണ്ണിമുകുന്ദന്‍

ഇന്ത്യന്‍ സിനിമയിലെ ദേവസുന്ദരി അനുഷ്‌ക ഷെട്ടിക്ക് പിറന്നാള്‍ ആശംസകളര്‍പ്പിച്ച് ഉണ്ണിമുകുന്ദന്‍. ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്‌കയുടെ പുതിയ ചിത്രം ബാഗമതിയില്‍ ഉണ്ണിമുകുന്ദനാണ് നായകന്‍. അനുഷ്‌കയുടെ 36-ാം പിറന്നാളായിരുന്നു ഇന്ന്. അനുഷ്‌കയോടൊത്ത് കേക്ക് മുറിക്കുന്ന ചിത്രവും ഒപ്പം പിറന്നാള്‍ ആശംസയും ഉണ്ണിമുകുന്ദന്‍ നേര്‍ന്നിട്ടുണ്ട്.

‘സ്വീറ്റി/അനു, നിന്നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. നീ എങ്ങനെയുള്ള ആളാണോ അതുപോലെ തന്നെയിരിക്കുക, മറ്റുള്ളവരെ എപ്പോഴും പ്രചോദിപ്പിക്കുക. നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മനോഹരമായിരുന്നു. പ്രിയപ്പെട്ട അനുഷ്‌ക ജീവിതത്തില്‍ ഇനിയും നിനക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും. നിന്റെ ശുഭാപ്തി വിശ്വാസവും എളിമയും മറ്റുള്ളവരിലേക്കും എന്നും പകര്‍ന്നുനല്‍കൂ. ഈ പുതുവര്‍ഷത്തില്‍ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ബാഗമതിയിലെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു.’ – ഉണ്ണിമുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജി.അശോക് സംവിധാനം ചെയ്യുന്ന ബാഗ്മതിയില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ഉണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് അടുത്ത ജനുവരിയിലായിരിക്കും.

Related posts