നിങ്ങളുടെ ആഗഹം സാധിക്കാന്‍ എനിക്ക് സാധിച്ചില്ല! എന്റെ പരമാവധി ഞാന്‍ ശ്രമിച്ചിരുന്നു; ആരാധകര്‍ക്ക് നന്ദിയറിയിച്ച് ഉസൈന്‍ ബോള്‍ട്ട്; വീഡിയോ കാണാം

ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ ആരാധകരുടെയും തന്റെയും ആഗ്രഹത്തിനും താത്പര്യത്തിനുമനുസരിച്ച് സ്വര്‍ണം നേടാന്‍ സാധിക്കാത്തതില്‍ ആരാധകരോട് ക്ഷമാപണം നടത്തി ഉസൈന്‍ ബോള്‍ട്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കരിയറിലെ തന്റെ അവസാന മത്സരം കാണാനെത്തിയവരോടും 34 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ ബോള്‍ട്ട് നന്ദിയറിയിച്ചു. ബോള്‍ട്ടിന്റെ കാമുകിയായ കാസി ബെന്നറ്റും വീഡിയോയിലൂടെ ആരാധകരെ അഭിവാന്ദ്യം ചെയ്തു.

‘വിജയിക്കാനാവാത്തതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ പരമാവധി ഞാന്‍ ശ്രമിച്ചിരുന്നു’. ബോള്‍ട്ട് പറഞ്ഞു. അമേരിക്കയുടെ ജസ്റ്റിന്‍ ഗാഡ്‌ലിനാണ് ഇതിഹാസതാരത്തെ അട്ടിമറിച്ച് സ്വര്‍ണ്ണം റാഞ്ചിയത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്റെയും പിന്നിലായി വെങ്കലം സ്വന്തമാക്കാനേ ജമൈക്കയുടെ പടക്കുതിരയ്ക്ക് കഴിഞ്ഞുള്ളു. തുടക്കം മോശമായിപ്പോയതാണ് ബോള്‍ട്ടെന്ന സ്പ്രിന്റ് രാജാവിന്റെ സ്വര്‍ണ്ണ നേട്ടത്തിന് തടസമായത്. അതേസമയം താന്‍ ഇതില്‍ നിരാശനല്ലെന്നാണ് ബോള്‍ട്ട് പറയുന്നത്.

ഇനിയുള്ള ജീവിതം അമ്മയ്ക്കുവേണ്ടിയായിരിക്കുമെന്നും ബോള്‍ട്ട് വ്യക്തമാക്കിയിരുന്നു. തീര്‍ത്തും പരിതാപകരമായിരുന്ന ജീവിതാവസ്ഥയില്‍ നിന്നും ബോള്‍ട്ടിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു എന്നുള്ളതാണ് വിരമിച്ചശേഷമുള്ള ജീവിതം അമ്മയ്ക്കായി സമര്‍പ്പിക്കാന്‍ കാരണമെന്നാണ് ബോള്‍ട്ട് പറയുന്നത്. തന്റേത് ഒരു നീണ്ട കരിയറായിരുന്നെന്നും ഇക്കാലമത്രയും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും ബോള്‍ട്ട് പറഞ്ഞു.

Related posts