കോട്ടയം: ഫുട്ബോളും ക്രിക്കറ്റുംപോലെ നാട്ടിന്‍പുറങ്ങളില്‍ ആവേശമാണ് വടംവലി മത്സരം. ഓരോ പ്രദേശത്തുമുണ്ട് പ്രശസ്തമായ ഒരു വടംവലി ടീം. വടംവലിയാണ് ഓണക്കളിയിലെ കേമന്‍. ആണുങ്ങൾക്കൊപ്പം പെണ്ണുങ്ങളും വടംവലിക്കിറങ്ങാന് മടിക്കാറില്ല. ക്ലബ്ബുകളും സ്ഥാപനങ്ങളും സംഘടനകളും പതിനായിരങ്ങൾ സമ്മാനത്തുകയുള്ള വടംവലി മത്സരം സംഘടിപ്പിക്കുന്നുണ്ട്. എണ്‍പതും നൂറും ടീമുകള്‍ അണിനിരക്കുന്ന വീറുറ്റ മത്സരം രണ്ടും മൂന്നും ദിവസം നീളുന്ന സാഹചര്യം.
കൈയടിച്ചും ആര്‍ത്തുവിളിച്ചും വടംവലിക്കാര്ക്ക് ഉശിരുപകരുന്ന പരിശീലകരുടെ ശരീരഭാഷ കാണാന്‍ അതിലേറെ രസം. കൈയൂക്കും തടിമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശ അനൗണ്‍സ്മെന്റും ഒന്നിച്ചെത്തുമ്പോഴാണ് വടംവലി മത്സരം അതിരുവിട്ടുകയറുന്നത്. ആരോഗ്യത്തിനൊപ്പം ബുദ്ധിയും ചടുലതയും ഒന്നിച്ചാണ് മത്സരത്തിലെ വിധി നിര്‍ണയിക്കുക. സംസ്ഥാനത്ത് 400ല്‍പ്പരം പ്രഫഷണല്‍ വടംവലി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്.
എല്ലാ ജില്ലകളിലും വടംവലി അസോസിയേഷനുകളും അവയുടെ പ്രവര്‍ത്തനങ്ങളും സജീവം. ഒരുലക്ഷം രൂപയും പോത്തുകുട്ടിയും വരെ ഒന്നാം സമ്മാനം നല്കുന്ന മത്സരങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. പ്രഫഷണല്‍ മത്സരങ്ങളില്‍ എതിര് ടീമിനെ വലിച്ചു നിലംപൊത്തിക്കാന്‍ ചിലപ്പോള്‍ സമയമേറെ എടുക്കും. ക്ഷമയോടെ, കാത്തിരുന്ന് ചെറുചുവടുകളായി എതിര് ടീമിനെ വരുതിയിലാക്കുന്നതാണ് വലിയ മത്സരങ്ങളിലെ പതിവു രീതി. ഇതാണ് കാഴ്ചക്കാരില്‍ ആവേശം നിറയ്ക്കുന്നത്.
വടംവലി മത്സരത്തിലെ ഓരോ ടീമിലും ഏഴു പേരുണ്ടാകും. മത്സരത്തിനു വിവിധ ഭാര, വര്‍ഗീകരണങ്ങളുണ്ട്. കൂടാതെ ഏഴു പേരുടെയും ഭാരം അവര്‍ ഉള്‍പ്പെടുന്ന വിഭാഗം അനുസരിച്ച് നിര്ണയിക്കപ്പെടുന്നതിനേക്കാള് കൂടുതലാകരുത്. ടീം അംഗങ്ങളുടെ ആകെ തൂക്കം പരമാവധി 450 മുതല്‍ 460 കിലോഗ്രാം വരെയായിരിക്കണം.
പ്രഫഷണല്‍ ടീമുകള്‍ വമ്പന്‍ മത്സരങ്ങള്‍ക്കു പോകുമ്പോള്‍ കൂടുതല്‍ മത്സരാര്‍ഥികള്‍ ഉണ്ടാകും. അതില്‍നിന്നും നിശ്ചയിച്ചിരിക്കുന്ന ടീമംഗങ്ങളുടെ തൂക്കം കണക്കാക്കിയായിരിക്കും ഏഴു പേര് വലിക്കാനിറങ്ങുക. അതേസമയം എട്ടു പേരടങ്ങുന്ന വടംവലി മത്സരവുമുണ്ട്. ഇതു മത്സരാര്‍ഥികള്‍ നേരെ നിന്നു വലിക്കുന്നതാണ്. ഈ മത്സരത്തില്‍ അംഗങ്ങളുടെ പരമാവധി ഭാരം 520 കിലോഗ്രാമാണ്.
ഇരു ടീമുകളും ഒരു കോര്‍ട്ടില്‍ വടത്തിന് ഇരുവശത്തുമായി അണിനിരക്കും. വടത്തിന് സാധാരണമായി 10 സെന്റിമീറ്റര്‍ വ്യാസമുണ്ടാകും. വടത്തിന്റെ നടുവില്‍ അടയാളമായി നിറമുള്ള തൂവാല കെട്ടാറുണ്ട്. ഈ അടയാളത്തില്‍ നിന്നും മീറ്റര്‍ അകലത്തില്‍ ഇരുവശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടാകും.
ഏത് ടീമാണോ എതിര് ടീമിനെ ആദ്യം തങ്ങളുടെ വശത്തേക്കു വലിച്ച് വശങ്ങളിലെ അടയാളങ്ങളെ നടുവിലത്തെ വരയില്‍നിന്ന് ക്രോസ് ചെയ്യിപ്പിക്കുന്നത് അവരാണ് വിജയി. 1920 വരെ ഒളിമ്പിക്സില്‍ വടംവലി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നിരവധിയായ പ്രശ്നങ്ങളെ തുടര്‍ന്നും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം കുറഞ്ഞതോടെയും ഒഴിവാക്കുകയായിരുന്നു.
പരിശീലനം പ്രധാനം
പ്രഫഷണല്‍ വടംവലി മത്സരങ്ങളില്‍ ടീമുകള്‍ പരിശീലനത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മാസങ്ങള്‍ക്കു മുന്‍പേ തൂക്കം കൃത്യമാക്കാനുള്ള ശ്രമവും പരിശീലനവും തുടങ്ങും. ഭക്ഷണം നിയന്ത്രിച്ചാലേ ഇതു സാധ്യമാകൂ. തോളിലേക്കു വടം ഇട്ടുള്ള വലിക്കാണ് ഏറെ പ്രചാരം. മത്സരക്കളത്തില്‍ ഹരിയാന എന്നാണ് ഇതിന്റെ പേര്. എല്ലാ ദിവസവും ടീമംഗങ്ങളുടെ തൂക്കം നോക്കിയാണു പരിശീലനം.
ടീമിന്റെ ആകെ ഭാരം നിശ്ചിത പരിധിയില്‍നിന്നു 30 കിലോഗ്രാമില്‍ ഏറിയാല്‍ ഭക്ഷണക്രമം മാറും. തൂക്കം കൂടിയ ആള്‍ക്കു ഭക്ഷണം പരിമിതപ്പെടുത്തും. അവര്‍ക്കു ചോറ് ഒഴിവാക്കി ചപ്പാത്തി നല്‍കും. നോണ്‍ വെജിറ്റേറിയന്‍ വര്‍ജിക്കേണ്ടി വരും. ഉണക്കിയെടുക്കല്‍ എന്നാണ് ഇതിനു കളിക്കാര്‍ പറയുന്നത്. കൈക്കുഴയുടെയും കാല്‍ക്കുഴയുടെയും പേശികളുടെയും ബലം കൂട്ടാന്‍ പ്രത്യേകതരം വ്യായാമമുറകളുണ്ട്.
കൊയ്ത്തൊഴിഞ്ഞ പാടത്തും തിരക്കില്ലാത്ത മണ്ണുറോഡിലും മൈതാനങ്ങളിലും വടംവലിച്ചുള്ള പഴയ രീതി മാറി. ഇപ്പോള്‍ ന്യൂജെന്‍ ഇനത്തില്‍ കാലുറപ്പിച്ച് നില്ക്കാന് റെഡിമെയ്ഡ് ട്രാക്കുകള്‍ റെഡി.
- ജെവിന്‍ കോട്ടൂര്‍