രണ്ടാമന്‍ എവിടെ? വാഗമണില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി അരുണ്‍

2017feb5arun

പീരുമേട്: വാഗമണ്‍ സൂയിസൈഡ് പോയിന്‍റില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം അത്യഗാധമായ കൊക്കയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്‍റെ മകന്‍ അരുണിന്‍റെ മൃതദേഹമാണ് 1,300 അടിയോളം താഴ്ചയില്‍നിന്നു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. ക്രെയിനും വടവുമുപയോഗിച്ചാണ് ചെങ്കുത്തായ മലമുകളിലേക്കു മൃതദേഹം മുകളില്‍ എത്തിച്ചത്.  രണ്ടു പേരാണു കൊക്കയില്‍ വീണതെന്ന് അഭ്യൂഹമുണ്ടെങ്കിലും ഒരാള്‍ മാത്രമേ ഉള്ളൂ എന്നാണ് ഇതുവരെ നടത്തിയ തെരച്ചലില്‍നിന്നു കരുതുന്നതെന്നു പോലീസ് പറഞ്ഞു.

മലമുകളിലെ വ്യൂ പോയിന്‍റില്‍നിന്നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ സഞ്ചാരികളെ പുറത്തിറക്കിയശേഷം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആളില്ലാത്ത നിലയില്‍ ബൈക്ക് കണ്ടെത്തിയതോടെയാണു യുവാക്കളെ കാണാതായെന്ന വാര്‍ത്ത പരന്നത്. രണ്ടംഗ സംഘമാണ് എത്തിയതെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നു വാച്ചര്‍മാര്‍ പ്രദേശത്തു തെരച്ചില്‍ നടത്തി.

വ്യൂ പോയിന്‍റിന്‍റെ അഗ്രഭാഗത്തു ചെരുപ്പുകളും ഹെല്‍മറ്റും സിഗരറ്റ് പായ്ക്കറ്റും കണ്ടതിനെതുടര്‍ന്നാണു സഞ്ചാരികള്‍ കൊക്കയില്‍ വീണതായി കരുതി തെരച്ചില്‍ തുടങ്ങിയത്. കയറുകെട്ടി മാത്രം ഇറങ്ങാന്‍ കഴിയുന്ന ചെരുവില്‍ പൊലിസും പീരുമേട് അഗ്‌നിശമനസേനയും ഡിടിപിസി വാച്ചര്‍മാരും ചേര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്. എന്നാല്‍, രാത്രിയില്‍ അതീവ ദുര്‍ഘടമായ രക്ഷാപ്രവര്‍ത്തനംകൊണ്ട് ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മുണ്ടക്കയം പോലീസും സ്ഥലത്തെത്തി അന്വേഷണത്തില്‍ പങ്കാളികളായി.

എടിഎമ്മില്‍ കാഷ് നിറയ്ക്കാന്‍ കരാറെടുത്തിട്ടുള്ള എറണാകുളത്തെ ഏജന്‍സിയിലെ ജീവനക്കാരനാണ് അരുണ്‍. അടുത്ത കാലത്തായി ഇയാള്‍ വീട്ടില്‍നിന്ന് അകന്നു കഴിയുകയാണെന്നാണ് അറിയുന്നത്. അരുണിന്‍റെ പേരിലുള്ള കെ. എല്‍ 6 ജെ 7633 നമ്പരിലുള്ള ബൈക്കാണ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത് അരുണിന്‍റേതാണെന്നു സ്ഥിരീകരിച്ചത്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമാണ് അരുണ്‍ വീട്ടില്‍ നിന്നു ബൈക്കുമായി പോയതെന്ന് പറയുന്നു. ബാങ്കിന്റെ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സിയിലാണ് അരുണ്‍ ജോലി ചെയ്തിരുന്നത്.

ജോലിക്കു പോയതാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. വാഗമണില്‍ നിന്നു പോലീസ് ഫോണ്‍ ചെയ്തപ്പോഴാണ് അരുണ്‍ വാഗമണ്ണിലേക്കാണ് പോയതെന്ന് അറിഞ്ഞത്.

Related posts