വൈക്കം: രാത്രി വൈകിയും മകനെ കാണാതെ വിഷമിച്ച് മകന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്ന മാതാവ് അനിതയ്ക്ക് മകൻ അപകടത്തിൽ മരിച്ചെന്ന കാര്യം ഉൾക്കൊള്ളാനായില്ല.ഇന്നലെ രാവിലെ 7.30 ഓടെ കാറിനുള്ളിൽനിന്ന് ഫയർഫോഴ്സ് അമലിന്റെ ഫോൺ കണ്ടെടുത്ത് പോലീസിന് കൈമാറുമ്പോൾ മാതാവ് അനിതയുടെ വിളിയെത്തി.
രാത്രി മുതൽ വിളിച്ചിട്ട് എടുക്കാത്തതിലെ പരിഭവം മകനോടായി പറഞ്ഞെങ്കിലും മറുതലയ്ക്കൽ അപരിചത ശബ്ദം കേട്ട് ആ അമ്മമനസ് വിങ്ങി. മകന് അപകടത്തിൽ പരിക്കേറ്റെന്നും ആശുപത്രിയിലാണെന്നും പോലീസ് പറഞ്ഞപ്പോൾ മനസിന്റെ പിരിമുറുക്കം കുറഞ്ഞു.
പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പ്രിയപ്പെട്ട മകന് കാർ കനാലിൽ വീണ് ദാരുണാന്ത്യമുണ്ടായകാര്യം അനിത അറിയുന്നത്.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യാൻ ബന്ധുക്കൾ സമ്മതിച്ചെങ്കിലും താലൂക്ക് ആശുപത്രി അധികൃതരും പോലീസും കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചെയ്യുന്നതാണ് അഭികാമ്യമെന്ന നിഗമനത്തിലായിരുന്നു. രാത്രി 12.30ഓടെ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്.
വൈക്കം: വൈക്കത്തിനടുത്ത് തോട്ടുവക്കത്ത് കാർ നിയന്ത്രണംവിട്ടു കെ.വി. കനാലിലേക്കു വീണ് യുവഡോക്ടർ മരിച്ചു.പാലക്കാട് ഒറ്റപ്പാലം കണിയാംപുറം അനുഗ്രഹയിൽ ഡോ. സി.വി. ഷൺമുഖന്റെ മകനും കൊട്ടാരക്കര ചെങ്ങമനാട് റാസ ആരോമ ആശുപത്രിയിൽ കോസ്മറ്റോളജി വിഭാഗം ഡോക്ടറുമായ അമൽ സൂരജാ (33)ണു മരിച്ചത്.
ഇന്നലെ രാവിലെ 5.30 ഓടെ റോഡിലൂടെ പോയവരാണ് കെ.വി. കനാലിൽ കാർ മുങ്ങിയനിലയിൽ കണ്ടത്. ഇവർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസും അഗ്നിരക്ഷാസേനയുമെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിൽ സൂരജിനെ കരയ്ക്കെത്തിച്ചു വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളത്തുള്ള സുഹൃത്തിനെ കാണുന്നതിനായി പോകുന്ന വഴിക്കായിരുന്നു അപകടം. വ്യാഴാഴ്ച രാത്രി 12.30ഓടെയായിരുന്നു അപകടം.കാർ വെച്ചൂർ ഭാഗത്തുനിന്ന് വൈക്കത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡരികിൽ വെട്ടിയിട്ട തടിക്കഷണങ്ങളിൽ ഇടിച്ചശേഷം ഉയർന്നുപൊങ്ങി കനാലിൽ പതിച്ചെന്നാണു കരുതുന്നത്. ഉറങ്ങിപ്പോയതാണെന്നാണു നിഗമനം. കാർ പിന്നീട് ക്രെയിനിന്റെ സഹായത്തോടെ കനാലിൽനിന്നുയർത്തി കരയ്ക്കെത്തിച്ചു.
അമ്മ: ടി.കെ. അനിത. സഹോദരൻ: അരുൺ നിർമൽ. വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തിന് പോസ്റ്റ്മോർട്ടം നടക്കും. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

