കൊല്ലം: രാജ്യത്തുടനീളം 20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നു.ഇതിനു മുന്നോടിയായി 20 കോച്ചുകൾ ഉള്ള വന്ദേ ഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം നടന്നു.അഹമ്മദാബാദിനും മുംബൈ സെൻട്രലിനും മധ്യേ ആയിരുന്നു പരീക്ഷണ ഓട്ടം.
അഹമ്മദാബാദിൽനിന്നു രാവിലെ ഏഴിനു പുറപ്പെട്ട പരീക്ഷണ ട്രെയിൻ ഉച്ചയ്ക്ക് 12.15 ന് മുംബൈയിൽ എത്തി. 130 കിലോമീറ്റർ വേഗതയിലാണ് വണ്ടി ഓടിയത്. ട്രയൽ റൺ വിജയകരമായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ ആദ്യം സർവീസ് നടത്തുക അഹമ്മദാബാദ് – മുംബൈ സെൻട്രൽ റൂട്ടിൽ ആയിരിക്കുമെന്നും അവർ സൂചിപ്പിച്ചു.
നിലവിൽ ചില പ്രധാന നഗരങ്ങളിൽ 16 കോച്ചുകൾ ഉള്ള വന്ദേ ഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്നുണ്ട്. മറ്റിടങ്ങളിൽ എട്ടു കോച്ചുകൾ ഉള്ള വന്ദേഭാരത് ആണ് ഓടുന്നത്. കേരളത്തിലും സമാനമായ സർവീസ് ആണ് നടത്തുന്നത്.20 കോച്ചുകൾ ഉള്ള വന്ദേ ഭാരത് ആരംഭിക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും വിവേചനം ഇല്ലാതെ പരിഗണന ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്റിൽ പറയുകയുമുണ്ടായി.
ഇത് കേരളത്തിനും പ്രതീക്ഷയ്ക്കു വക നൽകുന്ന കാര്യമാണ്. അടുത്തിടെ സർവീസ് ആരംഭിച്ച ബംഗളുരു-എറണാകുളം വന്ദേ ഭാരത് സർവീസ് നിലവിൽ വൻ ഹിറ്റാണ്. ഈ ട്രെയിൻ സ്ഥിരം സർവീസ് ആക്കണമെന്നും കോച്ചുകളുടെ എണ്ണം 16 ആയി എങ്കിലും ഉയർത്തണമെന്നും വിവിധ മേഖലകളിൽനിന്ന് ഇതിനകം ആവശ്യം ഉയർന്ന് കഴിഞ്ഞു.
വന്ദേ മെട്രേയുടെ ലോഞ്ചിംഗ് ഉടൻ ഉണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇക്കാര്യത്തിലും കേരളം ഏറെ പ്രതീക്ഷയാണു വച്ചുപുലർത്തുന്നത്.2024 ജൂൺ 29 വരെയുള്ള കണക്ക് അനുസരിച്ച് 102 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നത്. ഇതിൽ 760 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾ വരെയുണ്ട്.
സൂപ്പർ ഫാസ്റ്റ് ട്രെയിനുകളായ രാജധാനി, ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ നിർത്താൻ റെയിൽവേ ആലോചിട്ടില്ല. ഇവയുടെ സർവീസുകളെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലായിരിക്കും പുതിയ ട്രെയിനുകൾ ആരംഭിക്കുക.