കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡാര്ക്ക്നെറ്റ് മയക്കുമരുന്ന് വില്പനശൃംഖല കെറ്റാമെലോണിന്റെ തലവനായ മൂവാറ്റുപുഴ വള്ളക്കാലില് മുളയംകാട്ടില് എഡിസനെ വിശദമായി ചോദ്യംചെയ്യാന് നാര്ക്കോട്ടിക് കണ്ട്രോണ് ബ്യൂറോ (എന്സിബി) ഇന്ന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില് വാങ്ങും. എന്സിബി നല്കിയ കസ്റ്റഡി അപേക്ഷ എറണാകുളം അഡീഷണല് സെഷന്സ് കോടതി ഇന്ന് പരിഗണിച്ചേക്കും.
എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശിയായ കൂട്ടാളിയുടെ അറസ്റ്റും രേഖപ്പെടുത്തി. കസ്റ്റഡിയില് ലഭിക്കുന്നതോടെ ഇയാളുടെ ഇടപാടുകളില് കൂടുതല് വ്യക്തത വരുമെന്ന നിഗമനത്തിലാണ് എന്സിബി സംഘം. എഡിസണിനെ ജൂണ് 29നാണ് എന്സിബി കൊച്ചി യൂണിറ്റ് പിടികൂടിയത്. എഡിസണില്നിന്ന് പിടിച്ചെടുത്ത എല്എസ്ഡി സ്റ്റാമ്പുകളുടെ സാമ്പിള് രാസപരിശോധനകള്ക്കായി കോടതി വഴി എന്സിബി ശേഖരിച്ചു.
എഡിസന്റെ അന്താരാഷ്ട്ര ബന്ധങ്ങളും എന്സിബി പരിശോധിക്കുന്നുണ്ട്. കുപ്രസിദ്ധ മയക്കുമരുന്ന് മൊത്ത വ്യാപാരിയായ യു.കെയിലെ ഗുന്ജ ഡീനില് നിന്നാണ് എഡിസണ് മയക്കുമരുന്ന് വാങ്ങിയിരുന്നത്. ഇയാളുമായുള്ള ബന്ധം, ഇവര്ക്കിടയില് ഇടനിലക്കാരുണ്ടോ എന്നീ കാര്യങ്ങളും എന്സിബി പരിശോധിക്കുന്നുണ്ട്. ഇയാളില്നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്സിക് പരിശോധനകളും ഉടന് നടക്കും.
എഡിസണ് നടത്തിയത് കോടികളുടെ ഇടപാട്
കഴിഞ്ഞ മൂന്നു വര്ഷത്തിനിടെ ഇയാള് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്. ഡാര്ക്ക്നെറ്റ് വഴി സ്വന്തം ആവശ്യത്തിനാണ് ഇയാള് ആദ്യം മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് കെറ്റാമെലോണ് ഒരുക്കുകയും ഇടപാടിലേക്ക് കടക്കുകയുമായിരുന്നു. ഇതുവരെയുള്ള പരിശോധനയില് ഒരു കോടി രൂപയുടെ ഇടപാട് ഇതിനകം കണ്ടെത്തി.
പാഴ്സല് വഴിയാണ് എല്എസ്ഡി എത്തിച്ചത്. പാഴ്സല് വാങ്ങാന് ഇയാള് തന്നെയാണ് പോകുക. ഇത് വീട്ടില് എത്തിച്ച് കെറ്റാമെലോണ് വഴി ഇയാളെ ബന്ധപ്പെടുന്നവര്ക്ക് മയക്കുമരുന്ന് പാഴ്സലുകളില് അയക്കും. ക്രിപ്റ്റോ കറന്സിയായ മൊനേറൊയിലായിരുന്നു ഇടപാടുകള്.
യുകെയില്നിന്ന് തപാലില് എത്തിക്കുന്ന ലഹരിമരുന്നുകള് “കെറ്റാമെലോണ്’ എന്ന ഡാര്ക്ക്നെറ്റ് ശൃംഖല വഴിയാണ് എഡിസണ് വിറ്റഴിച്ചിരുന്നത്. ബംഗളൂരു, ചെന്നൈ, ഭോപ്പാല്, പാറ്റ്ന, ഡല്ഹി തുടങ്ങിയ നഗരങ്ങളിലായിരുന്നു ചില്ലറവില്പന. ഇവിടങ്ങളില് എഡിസണില്നിന്ന് മയക്കുമരുന്ന് വാങ്ങിയവരെയും ഇയാളുടെ ശൃംഖലയിലെ കണ്ണികളെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.