വണ്ണപ്പുറം കൂട്ടക്കൊല: പ്രതികൾ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് പോലീസ്

ഇടുക്കി: വണ്ണപ്പുറം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചു മൂടിയ കേസിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. കൊലപാതകങ്ങൾ നടത്തിയ ശേഷം പ്രതികളായ അനീഷും ലിബീഷും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

കുഴിച്ചു മൂടുന്നതിന് മുൻപ് പ്രതികൾ മൃതദേഹങ്ങളുടെ മുഖത്ത് ആസിഡൊഴിച്ചുവെന്നും വികൃതമാക്കാൻ ശ്രമിച്ചുവെന്നും പോലീസ് വ്യക്തമാക്കി.അതേസമയം കൊലപാതകം നടത്താൻ സമയം ഗണിച്ചുനോക്കി പറഞ്ഞ ജോത്സ്യനെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ അന്വേഷണ സംഘം തുടങ്ങി.

കേസിലെ മുഖ്യപ്രതിയായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷിനെ ചൊവ്വാഴ്ച വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ കീരികോട് സാലിഭവനിൽ ലിബീഷ് ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചൊവ്വാഴ്ച കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഒളിവിലായിരുന്ന അനീഷിനെ നേര്യമംഗലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് പോലീസ് പിടിച്ചത്. ഇയാൾ ഇവിടെയുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

മന്ത്രവാദസിദ്ധി ലഭിക്കുമെന്ന വിചിത്ര ആവശ്യത്തിനാണ് വ​​ണ്ണ​​പ്പു​​റം മു​​ണ്ട​​ൻ​​മു​​ടി കാ​​നാ​​ട്ട് കൃ​​ഷ്ണ​​ൻ (52) ഭാ​​ര്യ സു​​ശീ​​ല (50) മ​​ക​​ൾ ആ​​ർ​​ഷ (20) മ​​ക​​ൻ അ​​ർ​​ജു​​ൻ (18) എ​​ന്നി​​വ​​രെ പ്രതികൾ രണ്ടു പേരും ചേർന്ന് കൊന്നു കുഴിച്ചുമൂടിയത്. ജൂലൈ 29ന് രാത്രിയായിരുന്നു കൊലപാതകങ്ങൾ നടന്നതെങ്കിലും രണ്ടു ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്.

Related posts