തമിഴ് സൂപ്പർ താരം ശരത് കുമാറിന്റെ മകളും യുവ നടിയുമാണ് വരലക്ഷ്മി. കോളിവുഡിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന താരപുത്രിയാണ് വരലക്ഷ്മി. ലോക്ക്ഡൗണ്‍ കാലം വീട്ടിൽ തന്നെ കഴിയുകയാണ് വരലക്ഷ്മി.
തന്റെ കരിയറെ തന്നെ മാറ്റിമറിച്ചേക്കാമായിരുന്ന രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ തനിക്ക് നഷ്ടമായതിനെ കുറിച്ച് തുറന്നു പറയുകയാണ് വരലക്ഷ്മി ഇപ്പോൾ.
ഒരു തമിഴ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പോടാ പോടി എന്ന സിനിമയ്ക്ക് മുന്‍പേ തന്നെ എനിക്കു നിരവധി ഓഫറുകൾ വന്നിരുന്നു.
ശങ്കർ സാറിന്റെ ബോയ്സിൽ പ്രധാന റോൾ ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ് എന്നെ സെലക്ട് ചെയ്യുകയും ചെയ്തു. കാതൽ സിനിമയും എനിക്ക് ഓഫർ വന്നതാണ്.
പക്ഷേ രണ്ടു സിനിമകളും ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല. ഞാൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അച്ഛൻ സമ്മതിക്കാതിരുന്നത്. ഗൗതം വാസുദേവ് മേനോൻ സാറിന്റെ സിനിമ, വെങ്കട് പ്രഭുവിന്റെ സരോജ തുടങ്ങി നിരവധി സിനിമകളിൽ അവസരം വന്നുവെങ്കിലും ചെയ്യാനായില്ല വരലക്ഷ്മി പറഞ്ഞു.
ബാല സാറിന്റെ തറയ് തപ്പട്ടൈ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു അഭിനേത്രി എന്ന നിലയിൽ ജനങ്ങൾ തന്നെ തിരിച്ചറിയാൻ കൂടുതൽ വർഷങ്ങൾ വേണ്ടി വരുമായിരുന്നു- വരലക്ഷ്മി പറഞ്ഞു.