പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറിവിജയത്തിനു പിന്നാലെ, മുപ്പതു വർഷം ദീർഘിച്ച ശപഥം നിറവേറ്റി വി.കെ. ശ്രീകണ്ഠൻ എംപി. പാലക്കാട് ജില്ലയിൽ സിപിഎമ്മിനെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് തറപറ്റിക്കുന്ന ദിവസം മാത്രമേ ഇനി താടിയെടുക്കൂവെന്നായിരുന്നു ശ്രീകണ്ഠന്റെ കഠിനശപഥം. കല്ലുപോലെ ഉറച്ച ശപഥത്തിന് ഇന്നലെ പരിസമാപ്തിയായി.
സത്യപ്രതിജ്ഞയ്ക്കു ശേഷം ഡൽഹിയിൽനിന്ന് പാലക്കാട്ടു തിരിച്ചെത്തി ആദ്യദിവസംതന്നെയാണു താടിയെടുത്തത്. സാക്ഷ്യം വഹിക്കാൻ ഭാര്യ പ്രഫ. കെ.എ. തുളസിയും ജെന്റ്സ് ബ്യൂട്ടി പാർലറിൽ എത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസംതന്നെ അടുത്ത സുഹൃത്തുക്കളോട് താടിയെടുക്കുന്ന കാര്യം വി.കെ. ശ്രീകണ്ഠൻ സൂചിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ കോട്ടകളെന്നു കരുതിയിരുന്ന പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിൽ കോണ്ഗ്രസ് തിളങ്ങുന്ന ജയം നേടിയതോടെയാണു താടിയെടുക്കാൻ തീരുമാനിച്ചത്.
1990-ൽ ഷൊർണൂർ എസ്എൻ കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ – ഡിവൈഎഫ്ഐക്കാരുടെ ആക്രമണത്തിൽ വി.കെ. ശ്രീകണ്ഠന്റെ കവിളിൽ സോഡാക്കുപ്പി പൊട്ടിച്ച് കുത്തിയിരുന്നു. മുറിവിൽ സ്റ്റിച്ചിട്ടതിനെത്തുടർന്ന് അതു സുഖപ്പെട്ടെങ്കിലും മുഖത്ത് അടയാളം അവശേഷിച്ചു. പിന്നീട് കാണുന്നവരൊക്കെ മുഖത്തെ അടയാളത്തെപ്പറ്റി ചോദിക്കുകയും ഉത്തരം പറഞ്ഞ് മടുക്കുകയുംചെയ്തതോടെയാണ് താടിവയ്ക്കാൻ തീരുമാനിച്ചത്.
മുറിവടയാളം മറച്ച താടി വടിക്കാതെ ശീലമാക്കി മാറ്റി.തുടർന്നാണ് തന്നെ അക്രമിച്ച സംഘടനയും സിപിഎമ്മും പരാജയപ്പെട്ടതിനുശേഷം മാത്രമേ താടിയെടുക്കൂവെന്ന് ശ്രീകണ്ഠൻ ശപഥമെടുത്തത്.