ഇത് ഇന്ദ്രജിത്ത്, ഈപ്പന്‍ പാപ്പച്ചി മുതല്‍ ഞാനിദ്ദേഹത്തിന്റെ ഫാനാ! വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും ക്ലാസിക് ട്രോളുമായി വി.ടി. ബല്‍റാം

തൃത്താല എംഎല്‍എ മാത്രമല്ല, സൈബര്‍ ഇടത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധി എന്ന പേരുകൂടിയുണ്ട് വി.ടി.ബല്‍റാം എംഎല്‍എയ്ക്ക്. കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റെ ആവേശമുണര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണല്ലോ വി.ടി. ബല്‍റാം. എക്കാലവും പ്രത്യേകിച്ച് ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുന്ന സമയത്ത് എതിരാളികളെ മാനസികമായി തളര്‍ത്താന്‍ പറ്റുന്ന വിമര്‍ശനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നല്‍കാന്‍ ബല്‍റാമിനെ കഴിഞ്ഞ് ആളില്ലാതായിരിക്കുന്നു.

ഏറ്റവുമൊടുവില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരനെ പ്രഖ്യാപിച്ചതോടുകൂടിയാണ് എല്‍ഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു കൊട്ടുമായി ബല്‍റാം എത്തിയിരിക്കുന്നത്. പി.ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ച നിമിഷം മുതല്‍ ട്രോളായും വിമര്‍ശനക്കുറിപ്പായും വിടാതെ പിന്തുടരുകയായിരുന്നു വി.ടി ബല്‍റാം.

മുരളീധരന്റെ വരവോട് ചേര്‍ത്ത് ജയരാജനെ എങ്ങനെ ട്രോളും എന്ന കൗതുകം മാത്രമായിരുന്നു ബാക്കി. ഇത്തവണ നെഞ്ചുവേദനയില്‍ തന്നെയാണ് കയറിപ്പിടിച്ചത്. ഒരാളുടെയും പേര് എടുത്ത് പറയാതെയുള്ള പോസ്റ്റിനെ ക്ലാസിക് എന്നാണ് ആളുകള്‍ വിളിക്കുന്നത്.

‘ഇത് ഇന്ദ്രജിത്ത്. സുകുമാരന്റെയും മല്ലികയുടേയും മകന്‍, പൃഥ്വിരാജിന്റെ ചേട്ടന്‍, പൂര്‍ണ്ണിമയുടെ ഭര്‍ത്താവ്. നല്ല അഭിനയമാണ്, നന്നായി പാടുകേം ചെയ്യും. ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ. ഈപ്പന്‍ പാപ്പച്ചി മുതല്‍ ഞാനിദ്ദേഹത്തിന്റെ ഒരു ഫാനാ…’

ഇതിനൊപ്പം ഞെട്ടിനെഞ്ചുവേദന വരുന്ന ഇന്ദ്രജിത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഏതായാലും ട്രോളിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts