ഇല്ലാതാകുമോ വയനാടന്‍ വസന്തം? വയനാടിനെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ച, പ്രതിരോധപ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളും കാര്‍ഷികക്കൂട്ടായ്മകളും, സ്‌പെഷല്‍ റിപ്പോര്‍ട്ട്

പ്രത്യേക ലേഖകന്‍

wayanad

വയനാട് വരള്‍ച്ചയുടെ പിടിയിലേക്കെന്ന് സൂചനകള്‍. എന്നാല്‍ ഈ കാലാവസ്ഥാ വ്യതിയാനം വയനാടിനെ വരള്‍ച്ചയുടെ പിടിയിലമര്‍ത്താതെ പ്രതിരോധം തീര്‍ക്കുകയാണ് വിദ്യാര്‍ഥികളും കൂട്ടായ്മകളും സംഘടനകളും. കാര്‍ഷിക മേഖലയായ വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ സൂചനയാണ് ഇത്തവണത്തെ കാലവര്‍ഷം. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവില്‍ കാലവര്‍ഷം ലഭിച്ച ജില്ലയാണ് വയനാട്. പെയ്യേണ്ട ശരാശരി മഴയുടെ 59 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകള്‍. ഓള്‍ ഇന്ത്യ സോയില്‍ ആന്‍ഡ് ലാന്‍ഡ് യൂസ് വിഭാഗം 1979 മുതല്‍ 1986 വരെ ശേഖരിച്ച കണക്കനുസരിച്ച് ജില്ലയില്‍ ഒരുവര്‍ഷം 2875 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

2012ല്‍ 1094.2 ഉം 2013ല്‍ 2070 ഉം 2014ല്‍ 1808 ഉം 2015ല്‍ 1942.8 ഉം മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. ഈ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ലയാണ് വയനാട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ജില്ലയില്‍ പെയ്ത മഴയില്‍ 59.14 ശതമാനം കുറവ് ഉണ്ടായതായാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. കിണറുകളിലും തോടുകളിലും പുഴകളിലും ജലനിരപ്പ് കുറയുന്നത് പാടങ്ങളിലും പറമ്പുകളിലും കൃഷിടുയെ വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന ‘ഭയാനകമായ കാഴ്ച വയനാട്ടിലും കണ്ടുതുടങ്ങി. ദക്ഷിണേന്ത്യ കാര്‍ഷികത്തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് വയനാട്ടിലെ മഴക്കുറവിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസായ കബനിയുടെയും പോഷക നദികളുടെയും ജലം സംഭരിച്ച് ഉപയോഗിക്കാന്‍ വയനാട്ടില്‍ പദ്ധതികള്‍ ഇല്ല. 157 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, 332 ചെറിയ ചെക്ക്ഡാമുകള്‍, 3167 ചിറകളും കുളങ്ങളും 61671 കിണറുകള്‍, 4580കുഴല്‍ കുഴല്‍കിണറുകള്‍ എന്നിവയാണ് ജില്ലയിലെ ജലസംഭരണികള്‍.

കാര്‍ഷികത്തകര്‍ച്ചയിലേക്ക്

കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന കാവേരിയിലെ ജലത്തില്‍ നല്ലൊരുപങ്കും വയനാടിന്റെ സംഭാവനയാണ്. ഓരോ വര്‍ഷവും ജില്ലയില്‍നിന്നു കബനിയിലൂടെ 96 ടിഎംസി വെള്ളം കാവേരിയില്‍ എത്തുന്നണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 80000 ചതുരശ്ര കിലോമീറ്ററാണ് കവേരിയുടെ വൃഷ്ടിപ്രദേശം. വയനാട്ടിലാണ് ഇതില്‍ 164570 ഹെക്ടര്‍. ജില്ലയുടെ ‘ഭൂപ്രദേശത്തിന്റെ 76 ശതമാനവും കബനിയുടെ വൃഷ്ടിപ്രദേശമാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തകര്‍ത്ത് പെയ്യുന്ന ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും തുലാവര്‍ഷം പേമാരി ചൊരിയുന്ന ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലും കാവേരിയിലേക്ക് കുത്തിയൊഴുകുന്ന കബനി ഇത്തവണ ശാന്തമായാണ് ഒഴുകിയത്. അതും വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രം. കബനി നദിയുടെ കൈവഴികളും ദിവസംതോറും ശോഷിക്കുകയാണ്. വയനാട്ടില്‍നിന്ന് മഴവെള്ളം കുന്നിന്‍ ചെരിവുകളിലൂടെ ഒഴുകി തോടുകളിലും പുഴകളിലും എത്തിയാണ് കബനിയുടെയും തുടര്‍ന്ന് കാവേരിയുടെയും ഭാഗമാകുന്നത്.

വരള്‍ച്ച തടയാന്‍ തടയണകള്‍

വയനാടിനെ ഇത്തവണ കാല വര്‍ഷം ചതിച്ചെങ്കിലും അതിനെ പ്രതിരോധിക്കാനുള്ള നടപടികളുമായി വിദ്യാര്‍ഥികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. വയനാട്ടില്‍ വരള്‍ച്ച് കൂടുതലായി ബാധിക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടക്കം. കാലാവസ്ഥാ മാറ്റം മുന്‍കൂട്ടി കണ്ട് വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി തടയണകളും മറ്റും നിര്‍മിച്ച്  ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയിട്ടുണ്ട്.

വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായ ചെറ്റപ്പാലം ഉദയക്കവല പ്രദേശത്ത് വാര്‍ഡ് വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20 തടയണകള്‍ നിര്‍മിച്ചു. വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റും ഈ മഹാ ഉദ്യമത്തില്‍ പങ്കാളികളായി. താഴെ ചെറ്റപ്പാലം മുതല്‍ ശശിമല വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് തടയണ നിര്‍മിച്ചത്. തോടുകളില്‍ ജലവിതാനം താഴ്ന്നതോടെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ വയലുകളില്‍ ജലസേചനം നടത്താന്‍ കഴിയാതാവുകയും ചെയ്തതോടെയാണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തടയണ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്. വാര്‍ഡിലെ 200 ഓളം പ്രവര്‍ത്തകരാണ് വിവിധ മേഖലയായി തിരിഞ്ഞ് തടയണ നിര്‍മിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തടയണ നിര്‍മിച്ച് വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള തയാറെടുപ്പിലാണ് വാര്‍ഡ് വികസന സമിതി.

മാതൃകയായി സ്കൂള്‍ വിദ്യാര്‍ഥികള്‍

വരള്‍ച്ചയ്ക്ക് കരുതലായി ജല സംരക്ഷണ പ്രവര്‍ത്തനവുമായി പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് തടയണകള്‍ നിര്‍മിച്ചത്. വേനല്‍ക്കാലത്തേക്ക് കരുതലായി ജല സംരക്ഷണ പ്രവര്‍ത്തനവുമായാണ് വിദ്യാര്‍ഥിക്കൂട്ടായ്മ രംഗത്തിറങ്ങിയത്. വരള്‍ച്ചയും കുടിവെള്ള ക്ഷാമവും ഇത്തവണ നേരത്തെ എത്തുമെന്നുള്ള തിരിച്ചറിവോടെ അതിനെ പ്രതിരോധിക്കുക എന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് കടമാന്‍തോട്ടില്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചത്. ജലം സംരക്ഷിക്കുന്നതിനും കൃഷിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സ്കൂളിലെ നൂറോളം എന്‍എസ്എസ് വോളണ്ടിയേഴ്‌സ് തടയണ നിര്‍മിക്കാന്‍ തയാറായത്. വരും ദിവസങ്ങളില്‍ ജലം സംരക്ഷിക്കുക എന്ന സന്ദേശത്തോടെ മേഖലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ തടയണ നിര്‍മിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related posts