ആ ഓരിയിടല്‍ ശബ്ദത്തിന്റെ രഹസ്യമെന്ത് ! 96ലെ കാതലേ കാതലേ എന്ന ഗാനത്തിലെ ഓരിയിടല്‍ ശബ്ദത്തിന്റെ പിന്നിലെ കഥ തുറന്നു പറഞ്ഞ് സംഗീത സംവിധായകന്‍

വിജയ് സേതുപതിയും തൃഷയും നായിക-നായകന്മാരായെത്തിയ 96 ആരാധക ഹൃദയങ്ങളില്‍ പ്രണയം വിതച്ചു കൊണ്ട് മുന്നേറുകയാണ്. ചിത്രത്തിലെ കാതലേ കാതലേ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ ഏവരുടെയും ചുണ്ടില്‍. വാട്‌സ് ആപ്പ് സ്റ്റാറ്റസും റിങ്‌ടോണും എല്ലാം ഇപ്പോള്‍ കാതലേ കാതലേയാണ്.എന്നാല്‍ ഹൃദ്യമായ ഈ ഗാനത്തിന്റെ കാര്യത്തില്‍ ഒരു സംശയം അസ്വാദകരില്‍ ഉണര്‍ത്തുന്നുണ്ടായിരുന്നു. ഗാനത്തിന്റെ തുടക്കത്തിലും ഉള്ളിലും കേല്‍ക്കുന്ന മൃഗത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു ഓരിയിടല്‍ ശബ്ദം. എന്നാല്‍ വീഡിയോയ്ക്കുള്ളില്‍ അത്തരമൊരു ദൃശ്യം കടന്നു വരുന്നുമില്ല.

പാട്ടു ഹിറ്റായതിനു ശേഷം ആളുകള്‍ ഏറെ ചര്‍ച്ച ചെയ്ത കാര്യമായിരുന്നു അത്. ഇപ്പോള്‍ ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. ഓരിയിടല്‍ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണ്. തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. സിനിമയുടെ പ്രമേയം പോലെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാത്തവരാണ് ആകാശപ്പറവയും തിമിംഗലവും. ഈ സമാനതയാണ് ഇങ്ങിനെയൊരു പരീക്ഷണത്തിന് പ്രചോദനമായത്.

വയലിനോടൊപ്പം ഈ ശബ്ദവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കും പുതുമയായി.ആദ്യഘട്ടത്തില്‍ കാതലേ പാട്ട് ആലോചനകളില്‍ ഉണ്ടായിരുന്നില്ലെന്നും പ്രൊമോക്ക് ലഭിച്ച വന്‍ സ്വീകരണമാണ് കാതലെ എന്ന ഗാനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും ഗോവിന്ദ് പറയുന്നു. ഒരു വയലിനിസ്റ്റായ ഗോവിന്ദ് സിനിമയില്‍ വയലിന്‍ ഉപയോഗിച്ചിട്ടുള്ളതും കാതലേ കാതലേ എന്ന ഈ ഒരു ഗാനത്തില്‍ മാത്രമാണെന്നതു ശ്രദ്ധേയമാണ്. എന്തായാലും പാട്ടുകേറി അങ്ങ് കൊണ്ടു. ഇപ്പോള്‍ പ്രണയേതാക്കളുടെ ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് പ്രചരിക്കുകയാണ് ഈ ഗാനം.

Related posts