കോണ്‍ഗ്രസിന്റെ സൂപ്പര്‍പവര്‍ ഡികെ ശിവകുമാറിനെ ബിജെപി റാഞ്ചുമോ? യെദിയൂരപ്പ- ശിവകുമാര്‍ രഹസ്യ കൂടിക്കാഴ്ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അമ്പരപ്പും ആശങ്കയും, കര്‍ണാടകയില്‍ സമവാക്യം മാറുന്നുവോ?

കര്‍ണാടകയില്‍ കോണ്‍ഗ്രസിലെ കരുത്തനാണ് ഡി.കെ. ശിവകുമാര്‍. ബിജെപിയുടെ പണക്കൊഴുപ്പിനും ജാതിരാഷ്ട്രീയത്തിനുമെതിരേ ഒറ്റയ്ക്ക് കോണ്‍ഗ്രസിനെ പിടിച്ചുനിര്‍ത്തിയത് ഡികെ എന്ന ചാണക്യനായിരുന്നു. വിഘടിച്ചുനിന്ന ജെഡിഎസിനെയും കോണ്‍ഗ്രസിനെയും ഒരു കുടക്കീഴിലാക്കി സര്‍ക്കാര്‍ രൂപീകരിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഡികെ ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ അതേ ശിവകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ ചോദ്യചിഹ്നമാകുകയാണ്.

കഴിഞ്ഞദിവസം ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദിയൂരപ്പ ഡികെയെ വീട്ടിലെത്തി സന്ദര്‍ശിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. തന്റെ മണ്ഡലമായ ഷിമോഗയിലെ വരള്‍ച്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മന്ത്രിയായ ഡികെയുടെ അടുത്ത് എത്തിയതെന്നായിരുന്നു യെദിയൂരപ്പയുടെ ഇക്കാര്യത്തിലെ യെദിയൂരപ്പയുടെ പ്രതികരണം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനയെല്ലെന്ന ധ്വനിയോടെയാണ് കന്നട മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ ചില അന്തര്‍ധാരകള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്കുന്നത്.

നിലവിലെ കര്‍ണാടക കോണ്‍ഗ്രസിന്റെ തലച്ചോറാണ് ഡികെ എന്ന ബിസിനസുകാരന്‍ നേതാവ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും വലിയ പിടിയുണ്ട്. ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ ബിജെപിയെ തറപറ്റിച്ചത് ഡികെയുടെ നീക്കങ്ങളായിരുന്നു. അന്നുമുതല്‍ അമിത് ഷായുടെയും ബിജെപി നേതൃത്വത്തിന്റെയും കണ്ണിലെ കരടാണ് ശിവകുമാര്‍.

എതിരാളി ശക്തനെങ്കിലും നേരിട്ട് ഏറ്റുമുട്ടാതെ ഒപ്പം ചേര്‍ക്കുകയെന്ന തന്ത്രമാണ് ബിജെപി കഴിഞ്ഞ കുറച്ചു നാളായി പയറ്റുന്നത്. ശിവകുമാറിനെ എതിര്‍ക്കാതെ ഒപ്പംചേര്‍ക്കുകയെന്ന തന്ത്രമാണോ ബിജെപി സ്വീകരിച്ചതെന്ന സംശയം കന്നടമണ്ണില്‍ തങ്ങിനില്ക്കുന്നുണ്ട്. എന്തായാലും ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‌ക്കേയുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നുണ്ട്.

Related posts