ഭൂമുഖത്ത് പ്രമേഹബാധിതരുടെ എണ്ണം ഭീതിദമാംവിധം വർധിക്കുകയാണ്. നമ്മുടെ കൊച്ചുകേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണെന്നു പറഞ്ഞാൽ ഞെട്ടരുത്. ഇവിടെയുള്ള 20 ശതമാനം പേർക്കും ഈ രോഗം സ്വന്തം. അതായത് ദേശീയ ശരാശരിയേക്കാൾ ഇരട്ടി. കേരളത്തിലെ ഗ്രാമീണരും പ്രമേഹബാധയിൽ നഗരവാസികളോടൊപ്പമെത്താൻ മത്സരിക്കുന്ന പ്രവണത നാം കാണുന്നു!
ഏറ്റവും ഭയാനകമായ പ്രശ്നം, പ്രമേഹബാധയുള്ള ഏതാണ്ട് 50 ശതമാനം ആൾക്കാർക്കും ഈ രോഗമുണ്ടെന്ന അവബോധമുണ്ടാകുന്നില്ല എന്നതാണ്. ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്തുള്ള 193 ദശലക്ഷം ആൾക്കാരും തങ്ങൾ പ്രമേഹബാധക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന യാഥാർഥ്യം മനസിലാക്കാതെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്.
കൂടാതെ പ്രമേഹത്തിന് ചികിത്സയെടുക്കുന്നവരിൽ 40 ശതമാനംപേർ മാത്രമേ രക്തത്തിലെ പഞ്ചസാര പരിധിക്കുള്ളിൽ നിയന്ത്രിക്കുന്നുള്ളൂ. 17 ശതമാനംപേർ ഭക്ഷണം ക്രമീകരിച്ച് ചികിത്സിക്കുന്നു, 18 ശതമാനംപേർ മരുന്നുകളെടുക്കുന്നു.
അസാംക്രമികരോഗങ്ങളുടെ അനിയന്ത്രിതമായ വർധനയ്ക്കു കടിഞ്ഞാണിടാൻ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യസംഘടനയും പലതവണ യോഗം ചേരുകയും അവയെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക മാർഗങ്ങളാരായുകയും ചെയ്തു. ഹൃദ്രോഗവും പ്രമേഹവും അർബുദവും ചേർന്നു ലോകജനസംഖ്യയുടെ സിംഹഭാഗം പേരെയും കൊന്നൊടുക്കുന്ന സാഹചര്യത്തിൽ പുതിയ ബോധവത്കരണ ശൈലിയിലൂടെ ഇവയെ നേരിടാൻ പ്രതിരോധമാർഗങ്ങൾ സംവിധാനം ചെയ്യുകയുണ്ടായി.
പ്രമേഹചികിത്സ പരാജയമാകാതിരിക്കാൻ
പ്രമേഹ ചികിത്സയുടെ പരാജയത്തിനുള്ള പ്രധാനകാര്യം രോഗികൾക്കു കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നു പരിഗണനയും കരുതലും ലഭിക്കുന്നില്ലാത്തതുകൊണ്ടാണെന്നു പഠനങ്ങൾ തെളിയിച്ചു. പ്രമേഹരോഗി ഒറ്റയ്ക്കല്ല, കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി രോഗിയോടൊപ്പം നിന്ന് പ്രമേഹ നിയന്ത്രണത്തിന് സാഹചര്യമൊരുക്കണമെന്ന് ആഹ്വാനമുണ്ടായി. പ്രമേഹ നിയന്ത്രണം രോഗിയുടെ മാത്രമല്ല, അയാൾ ഉൾക്കൊള്ളുന്ന കുടുംബാംഗങ്ങളുടെ മൊത്തമായ പരിശ്രമത്തിലൂടെയാണ് സമഗ്രമാക്കേണ്ടത്.
ആത്മാർഥമായ പിന്തുണയും കരുതലുമായി കുടുംബത്തിലെ എല്ലാ അംഗങ്ങളും എപ്പോഴും രോഗിയോടൊപ്പമുണ്ടാവണം. അതായത് രോഗിക്കു മാത്രമായി ഒരു ഭക്ഷണക്രമമില്ല. അത് രോഗിയെ ഒറ്റപ്പെടുത്തും. ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശൈലി പ്രമേഹരോഗിക്കു മാത്രമല്ല കുടുംബത്തിലെ മറ്റംഗങ്ങൾക്കും പ്രയോജനപ്പെടും. അവർക്ക് പ്രമേഹ സാധ്യതയുണ്ടെങ്കിൽ അത് കുറയ്ക്കുകയും ചെയ്യും. പഥ്യമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമശീലവും മുടങ്ങാതെയുള്ള ഔഷധസേവയും സ്വായത്തമാകാൻ രോഗിക്ക് താങ്ങും തണലുമായി കുടുംബാംഗങ്ങൾ എപ്പോഴും വേണം.
പ്രമേഹരോഗികൾ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങൾ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മർദം തുടങ്ങിയവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്പോൾ ഇൻസുലിൻ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇൻസുലിൻ അനാശ്രിത പ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്.
പ്രമേഹം വരുതിയിലായില്ലെങ്കിൽ…
നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തിൽ കുമിഞ്ഞുകൂടുന്ന കൊളസ്ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരന്പുകൾ, ധമനികൾ എന്നീ അവയവങ്ങളിൽ വൈവിധ്യമാർന്ന ജരിതാവസ്ഥയുണ്ടാകുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളർച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളിൽ കൊഴുപ്പുകണികകൾ പറ്റിപ്പിടിച്ച് അവയുടെ ഉൾഭാഗം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം വിണ്ടുകീറി അവിടെ രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്കരമായാൽ ഹാർട്ടറ്റാക്കാണ് അനന്തരഫലം.
ശ്വാസതടസം മുതൽ വയറുവേദന വരെ
പ്രമേഹരോഗികളിലെ ഹൃദയാഘാതം മൂർധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങൾ രോഗികൾ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂർണമായി അനുഭവപ്പെടാത്ത ഹാർട്ടറ്റാക്കും (സയലന്റ് അറ്റാക്ക്) പ്രമേഹരോഗബാധിതർക്ക് സ്വന്തം. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഓട്ടോണമിക് നാഡീവ്യൂഹത്തിനു സംഭവിക്കുന്ന അപചയംതന്നെ ഇതിനു കാരണം. നാഡീവ്യൂഹത്തിന്റെ മാന്ദ്യം നിമിത്തം ഹാർട്ടറ്റാക്കുണ്ടാകുന്പോൾ നെഞ്ചുവേദനയുടെ തീവ്രത അനുഭവിച്ചറിയാൻ രോഗിക്ക് പറ്റാതെപോകുന്നു.
ഏതാണ്ട് 35 ശതമാനം രോഗികൾക്കും നെഞ്ചുവേദന കൃത്യമായി അനുഭവപ്പെടാറില്ല. അതിനു പകരം ശ്വാസതടസം, ഓക്കാനം, തളർച്ച, തലകറക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണു കണ്ടുവരുന്നത്. അതുപോലെ ഹർട്ടറ്റാക്കിനോടനുബന്ധിച്ച മരണസാധ്യതയും പ്രമേഹരോഗികളിൽ അധികരിച്ചുകാണുന്നു.
മേൽപ്പറഞ്ഞ സങ്കീർണമായ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ പ്രമേഹബാധിതരിലെ ഹൃദ്രോഗചികിത്സ അന്ത്യന്തം ദുഷ്കരമാണ്. ഒരു ഹൃദ്രോഗവിദഗ്ധന്റെ അടുത്തു വരുന്ന രോഗികളിൽ ഭൂരിഭാഗവും പ്രമേഹമുള്ളവരാണ്. 70 ശതമാനം പ്രമേഹരോഗികളും മരണപ്പെടുന്നതും ഹൃദ്രോഗാനന്തരമാണെന്നോർക്കണം. അതുകൊണ്ട് ഹൃദ്രോഗ വിദഗ്ധൻ ഒരു പ്രമേഹ ചികിത്സാവിദഗ്ധൻകൂടിയാകുന്നു.
പ്രമേഹരോഗിക്ക് ഹാർട്ടറ്റാക്കുണ്ടാകുമ്പോൾ
പ്രമേഹരോഗിക്ക് ഹാർട്ടറ്റാക്കുണ്ടാകുന്പോഴാണ് പ്രശ്നങ്ങൾ വഷളാകുന്നത്. നെഞ്ചുവേദന കാര്യമായി അനുഭവപ്പെടാത്തതുമൂലം പലരും വളരെ വൈകിയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോഴേക്കും ഹൃദയാഘാതത്തിന്റെ സങ്കീർണതകൾ മൂർച്ഛിച്ചിരിക്കും. കലശമായ ശ്വാസതടസവും നെഞ്ചിലെ അസ്വാസ്ഥ്യവും തളർച്ചയും ക്രമരഹിതമായ നെഞ്ചിടിപ്പും തലകറക്കവും രോഗിയെ അത്യാസന്ന നിലയിലെത്തിക്കുന്നു. നിയന്ത്രണത്തിൽ അശ്രദ്ധ കാണിക്കുന്ന രോഗിയുടെ രക്തത്തിലെ പഞ്ചസാര എപ്പോഴും കൂടിയിരിക്കും, അതുപോലെ
കൊളസ്ട്രോളും.
പ്രൈമറി ആൻജിയോപ്ലാസ്റ്റി
പ്രമേഹരോഗികളിൽ ഹാർട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റി അത്ര എളുപ്പമുള്ള കാര്യമല്ല. തണുത്ത്, ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്കരമാണ്. പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാൽ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും.
ബൈപാസ് സർജറി
അതുകൊണ്ടുതന്നെ സാധാരണഗതിയിൽ പ്രമേഹരോഗികളെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണു പതിവ്. കൂടുതൽ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക്, സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാൽ പ്രമേഹരോഗിക്ക് ഏറ്റവും ഉചിതമായത് ബൈപാസ് സർജറിതന്നെ.
പഞ്ചസാര അധികമുള്ളതു …
ആൻജിയോപ്ലാസ്റ്റിക്കോ ബൈപാസ് സർജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തിൽ കർശനമായ പല പരിവർത്തനങ്ങളുമുണ്ടാകണം. ഈ ക്രിയാത്മകമായ കരുതൽതന്നെയാണ് രോഗിയെ അകാലമൃത്യുവിൽനിന്നു രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വർജിച്ചതുകൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം.
പട്ടിണി കിടക്കണമെന്നല്ല
പ്രമേഹരോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാൻ പഠിക്കണം. കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി ആരംഭിക്കണം. കുറഞ്ഞത് 45 മിനിറ്റെങ്കിലും ദിവസേന വ്യായാമം ചെയ്യണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും പൊതുവായ ശരീരാരോഗ്യം സന്തുലിതമാകാനും വ്യായാമം എന്ന ഔഷധം അനിവാര്യം. ഹൃദ്രോഗവിദഗ്ധൻ നിർദേശിക്കുന്ന ഔഷധങ്ങൾ പിഴവുകൂടാതെ സേവിക്കണം.
എച്ച്ബി എ വൺ സി
വൈദ്യനിർദേശമില്ലാതെ യാതൊരു കാരണവശാലും മരുന്നുകൾ നിർത്തരുത്. ബ്ലഡ് ഷുഗറും കൊളസ്ട്രോളും നിശ്ചിത കാലയളവിൽ പരിശോധിച്ച് തിട്ടപ്പെടുത്തണം.
ഹൃദ്രോഗ പരിശോധനകളായ എക്കോകാർഡിയോഗ്രാഫിയും ട്രെഡ്മിൽ ടെസ്റ്റും കൃത്യമായ കാലയളവിൽ ചെയ്യണം. പ്രമേഹ സൂചകമായ എച്ച്ബിഎ വൺ സി 6.5 ൽ താഴെയാവാൻ പരിശ്രമിക്കണം. രക്തസമ്മർദവും അമിതവണ്ണവും കർശനമായി നിയന്ത്രിക്കണം.
ഒറ്റമൂലികളില്ല
പ്രമേഹ നിയന്ത്രണത്തിന് കുറുക്കുവഴികളില്ലെന്നോർക്കണം. പരസ്യങ്ങൾക്കോ ഒറ്റമൂലികൾക്കോ പിറകേ പോയി വഞ്ചിതരാകരുത്. അല്പമൊന്നു മെനക്കെട്ടാൽ പ്രമേഹരോഗിയുടെ ജീവിതം തികച്ചും ആസ്വാദ്യജനകമാകും.
വിവരങ്ങൾ:
ഡോ. ജോർജ് തയ്യിൽ
MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി
എറണാകുളം
