കൈകോർക്കാം കായലിനായി -4
കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട് മനുഷ്യന്റെ അധ്വാനത്തിന്റെയും അതിജീവനത്തിന്റെയും അസാധാരണമായ ചരിത്രമാണ്. കായലിനെയും വെള്ളത്തെയും ആശ്രയിച്ച് ജീവിച്ചിരുന്ന ജനത, പട്ടിണിയിൽനിന്നുള്ള മോചനത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമായി വെള്ളക്കെട്ടുകളെ കൃഷിഭൂമികളാക്കി മാറ്റുകയായിരുന്നു. തലമുറകളുടെ അധ്വാനവും സാങ്കേതികവിദ്യയിലെ മാറ്റങ്ങളും ചേർന്നാണ് കുട്ടനാട്ടിലെ വിശാലമായ പാടശേഖരങ്ങൾ രൂപപ്പെട്ടത്. എന്നാൽ, ഇന്ന് അതേ കൃഷിഭൂമി വെള്ളപ്പൊക്കത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജലനിയന്ത്രണത്തിലെ അപാകതകളുടെയും സമ്മർദത്തിലാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിന് താഴെ (ശരാശരി 0.6 മീറ്റർ മുതൽ 2.2 മീറ്റർ വരെ താഴെ) നെൽകൃഷി ചെയ്യുന്ന അപൂർവ ഭൂപ്രദേശമാണ്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന കുട്ടനാടൻ കാർഷിക വ്യവസ്ഥയെ ‘ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക വ്യവസ്ഥ’ ആയി അംഗീകരിച്ചിട്ടുണ്ട്.
പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികൾ കുട്ടനാട്ടിലെ ജലവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന നദികളാണ്. പെരിയാർ വേന്പനാട്ട് കായലിലേക്ക് ഒഴുകിയെത്തുന്നെങ്കിലും കുട്ടനാടിന്റെ നദീതടപരിധിയിൽ അതിനെ ഉൾപ്പെടുത്താനാവില്ല.
ഈ നദികൾ വെള്ളം മാത്രമല്ല, പശ്ചിമഘട്ടത്തിൽനിന്നുള്ള എക്കലും ജൈവസന്പുഷ്ടമായ മണ്ണും കൊണ്ടുവരുന്നു. കുട്ടനാട്ടിലെ മണ്ണിന്റെ രൂപീകരണത്തിലും കൃഷിക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നതിലും ഈ എക്കലിന് നിർണായക പങ്കുണ്ട്. 2018ലെ പ്രളയത്തിനുശേഷം കായലിൽ എക്കൽ അടിഞ്ഞുകൂടുന്നതിനെ പലപ്പോഴും പ്രശ്നമായാണ് കാണുന്നത്. കായലിന്റെ ആഴം കുറയുന്നതും നീരൊഴുക്ക് തടസപ്പെടുന്നതും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ കുട്ടനാടിന്റെ കാർഷിക ചരിത്രത്തിൽ എക്കൽ വലിയ സന്പത്താണ്. എക്കൽ നിക്ഷേപിച്ചുണ്ടായ മണ്ണാണ് പാടശേഖരങ്ങൾ നിർമിക്കാൻ സഹായിച്ചത്.
പട്ടിണിയിൽനിന്ന് നെല്ലറയിലേക്ക്
കുട്ടനാട്ടിലെ നെൽകൃഷിയുടെ വളർച്ചയ്ക്കു പിന്നിൽ ഭക്ഷ്യസുരക്ഷയെന്ന വലിയ ആവശ്യമുണ്ടായിരുന്നു. പഴയകാലത്ത് പ്രദേശത്തെ ജനങ്ങളുടെ ജീവിതം പ്രധാനമായും മത്സ്യബന്ധനത്തെയും കായലിനെയും ആശ്രയിച്ചായിരുന്നു. വെള്ളത്തിൽ ജോലി ചെയ്യുകയും മീൻ പിടിക്കുകയും കായൽത്തിട്ടകളിൽ താമസിക്കുകയും ചെയ്തിരുന്ന ജനതയ്ക്ക് സ്ഥിരമായ ഭക്ഷ്യലഭ്യത ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരുന്നു.
തകഴിയുടെ ‘രണ്ടിടങ്ങഴി’ പോലുള്ള കൃതികളിൽ പ്രതിഫലിക്കുന്ന പട്ടിണിയുടെയും കർഷകത്തൊഴിലാളികളുടെ ദുരിതങ്ങളുടെയും പശ്ചാത്തലം ഈ ചരിത്രം വ്യക്തമാക്കുന്നു. നെൽകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ അന്നത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. കായൽനിലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റിയതിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അധ്വാനം നിർണായകമായിരുന്നു. പ്രത്യേകിച്ച്, ദളിത് വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികളുടെ കായികാധ്വാനമാണ് അനേകം പാടശേഖരങ്ങളുടെ നിർമാണത്തിനു പിന്നിൽ.
വെള്ളംനിറഞ്ഞ പ്രദേശങ്ങളിൽ മണ്ണ് കുത്തിയെടുത്ത് ബണ്ടുകൾ നിർമിക്കുകയും പാടങ്ങൾ ഒരുക്കുകയും ചെയ്തത് അത്യന്തം ശ്രമകരമായ ജോലിയായിരുന്നു. 1880ന് മുന്പുള്ള ചെറിയ കായൽനിലങ്ങളിൽനിന്ന് പിന്നീട് വലിയ പാടശേഖരങ്ങളിലേക്കുള്ള വളർച്ച പല ഘട്ടങ്ങളിലായാണ് നടന്നത്. 1900കളുടെ തുടക്കത്തിലും തുടർന്നുള്ള കാലത്തും കായൽ കുത്തിയെടുക്കൽ വ്യാപിച്ചു.
ജോസഫ് മുരിക്കൻ ഉൾപ്പടെയുള്ള പ്രമുഖ കർഷകരുടെ നേതൃത്വത്തിൽ ആഴമേറിയ പ്രദേശങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റി. ഈ പാടശേഖരങ്ങൾ നിർമിക്കുന്നതിൽ അന്നത്തെ പരിമിതമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എൻജിനിയറിംഗ് മികവും പ്രകടമായിരുന്നു.
വെള്ളപ്പൊക്കവും കാർഷിക പ്രതിസന്ധിയും
കുട്ടനാട്ടിലെ കൃഷി പ്രകൃതിയുടെ കാലാവസ്ഥാ താളത്തിനനുസരിച്ചായിരുന്നു ഒരുകാലത്ത് മുന്നോട്ടു പോയിരുന്നത്. ജൂണ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ സാധാരണയായി കൃഷി ഒഴിവാക്കും. പുഞ്ചകൃഷിയിൽ ഒക്ടോബറോടെ ആരംഭിച്ച് ഫെബ്രുവരിയോടെ വിളവെടുപ്പ് പൂർത്തിയാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. കുട്ടനാടിന്റെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും മടവീഴ്ചയും.
കായലിന്റെയും നദികളുടെയും ആഴം കുറയൽ, നീരൊഴുക്ക് തടസപ്പെടുത്തൽ, തണ്ണീർത്തടം നികത്തൽ എന്നിവ മൂലം വെള്ളം കായലിലേക്ക് വലിയുന്നത് തടസപ്പെട്ടത്. 2018ലെ പ്രളയശേഷം കുട്ടനാട്ടിലെ കൃഷിഭൂമിയേക്കാൾ ഒരു അടി ഉയരത്തിലാണ് കായലിലെ ജലനിരപ്പ്. അതിനാൽ, കായലിലേക്ക് വേണ്ടത്ര വെള്ളം വലിയുന്നില്ല. വേന്പനാട്ട് തണ്ണീർ തടത്തിനു ചുറ്റമുള്ള പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കായലിലെ അധിക നിക്ഷേപം മാറ്റിയാൽ മാത്രമേ ഇതിനു പരിഹാരം കാണാൻ സാധിക്കൂ.
കായൽനിലത്തിലേക്ക് ഉപ്പുവെള്ളം വേണ്ടത്ര കയറിയിറങ്ങാത്തതിനാൽ, കൃഷിക്കുപയോഗിക്കുന്ന ജലം ഇപ്പോൾ മലിനമാണെന്ന് ലോവർ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകർ പരാതിപ്പെടുന്നു. ഓരുവെള്ളം വേണ്ടത്ര കയറാത്തതിനാൽ, പാടങ്ങളിലെ അമ്ലതയിലും മാറ്റം വന്നിട്ടുണ്ട്. ഇതിനെമറികടക്കാൻ കൃഷിക്കായി നിലമൊരുക്കുന്പോൾ കൂടുതൽ കക്ക ഉപയോഗിക്കേണ്ടിവരുന്നെന്ന് കുട്ടനാട്ടിലെ നെടുമുടി, കാവാലം, കുറിച്ചി പ്രദേശങ്ങളിലെ കർഷകർ പറഞ്ഞു.
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ പ്രവർത്തനത്തിലെ അപാകതകളും അശാസ്ത്രീയമായ റോഡ്-പാലം നിർമാണങ്ങളും കായലിലെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. കായൽതീരങ്ങളിലെ കണ്ടൽക്കാടുകളുടെ നാശവും നീർത്തടങ്ങൾ നികത്തിയുള്ള നിർമാണപ്രവർത്തനങ്ങളും അധികജലത്തെ ഉൾക്കൊള്ളാനുള്ള പ്രകൃതിയുടെ ശേഷി ഇല്ലാതാക്കി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് പുറമെ, ഒക്ടോബർ-നവംബറിലുണ്ടാകുന്ന അപ്രതീക്ഷിത അതിതീവ്ര മഴയും ന്യൂനമർദങ്ങളും പുഞ്ചകൃഷിയുടെ വിതയെയും രണ്ടാംകൃഷിയുടെ കൊയ്ത്തിനെയും ഒരുപോലെ തകർക്കുന്നു.
വെള്ളപ്പൊക്കത്തിനുശേഷം പാടശേഖരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കും ബണ്ടുകൾ പുനർനിർമിക്കാനുള്ള ഭീമമായ ചെലവും കർഷകരെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു. കൂടാതെ, പ്രളയജലം കെട്ടിനിൽക്കുന്നത് മൂലം മണ്ണിൽ പായലും കളകളും വ്യാപകമായി വളരുകയും കൃഷിച്ചെലവ് ഇരട്ടിയാക്കുകയും ചെയ്യുന്നു. കൃഷി സംരക്ഷിക്കുന്നതിനായി അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് കുട്ടനാടൻ ജലാശയങ്ങളെ മലിനമാക്കുന്നുണ്ട്.
തണ്ണീർമുക്കം ബണ്ട് മാസങ്ങളോളം അടച്ചിടുന്നത് കായലിലെ സ്വാഭാവിക വേലിയേറ്റ-വേലിയിറക്കങ്ങളെ തടയുന്നു. തന്മൂലം ജലത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞ് മത്സ്യസന്പത്ത് നശിക്കാനും പായൽ വളരാനും കാരണമാകുന്നു. കാർഷിക ആവശ്യങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഇന്ന് ഏറ്റവും പ്രധാനം.
വെള്ളപ്പൊക്ക ഭീഷണി തടയുക എന്ന ലക്ഷ്യമുള്ളതിനാലാണ് കുട്ടനാട്ടിൽ താമസിക്കുന്ന കർഷകർ രണ്ടാം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. കൃഷിയില്ലാത്ത സമയത്ത് മഴക്കാലത്ത് നദികളിലെ ജലനിരപ്പ് ഉയരുന്പോൾ പാടങ്ങളിലേക്ക് എത്തുന്ന അധികവെള്ളം പുറംതള്ളുന്നതിനായി നിയന്ത്രിത പന്പിംഗ് നിർബന്ധിത ദുരിതനിവാരണ പദ്ധതിയായി നടപ്പാക്കുന്ന കാര്യത്തിൽ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്നതല്ലാതെ കാര്യക്ഷമമായ നപടികളൊന്നും ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാരുന്നയിക്കുന്നുണ്ട്. പാടശേഖരങ്ങളിലെ നിലവിലെ പെട്ടിയും പറയും പന്പിംഗ് സംവിധാനത്തിനൊപ്പം വെള്ളപ്പൊക്കസമയത്ത് കൂടുതൽ അനുയോജ്യമായ സബ്മേഴ്സിബിൾ പന്പിംഗ് ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
ഏകവിളയിൽനിന്ന് സംയോജിത കൃഷിയിലേക്ക്
കുട്ടനാട്ടിലെ നെൽകൃഷി നിലനിർത്താൻ പഴയ കൃഷിരീതികൾ അതേപടി തുടരുക മാത്രം പോരെന്ന് IRTCBSF (സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കുള്ള അന്താരാഷ്ട്ര ഗവേഷണ-പരിശീലന കേന്ദ്രം) ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു. പാടശേഖരങ്ങളെ അടിസ്ഥാനമാക്കി വിശാലമായ സംയോജിത കൃഷിരീതിയിലേക്കു മാറണം.
നെൽകൃഷിയോടൊപ്പം മത്സ്യകൃഷി, താറാവ് വളർത്തൽ, തെങ്ങ് തുടങ്ങിയവയെ കൂട്ടിച്ചേർക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കണം. ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് പ്രയോജനപ്പെടുന്ന രീതിയിൽ കൃഷി ക്രമീകരിക്കുന്പോൾ കർഷകർക്ക് വരുമാനത്തിന്റെ ഒന്നിലധികം മാർഗങ്ങൾ തുറക്കും.
ചെറിയ തുണ്ടുകളായി വിഭജിക്കപ്പെട്ട കൃഷിഭൂമികളിൽനിന്ന് മാത്രം കർഷകർക്ക് സ്ഥിരമായ വരുമാനം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പാടശേഖര അടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. വെള്ളപ്പൊക്കത്തെ പൂർണമായി തടയാൻ ശ്രമിക്കുന്നതിനുപകരം വെള്ളത്തിന് ഒഴുകാനും സംഭരിക്കാനും ഇടം നൽകുന്ന പ്രകൃതിയോട് ഇണങ്ങിയ സമീപനമാണ് കുട്ടനാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയില്ലാത്ത സമയത്ത് നിയന്ത്രിതമായി പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാനും ഇറക്കാനും കഴിയുന്ന ഷട്ടർ സംവിധാനങ്ങൾ ഒരുക്കണം. പാടങ്ങൾ വെള്ളം താത്കാലികമായി സംഭരിക്കുന്ന ഫ്ളഡ് പ്ലെയിനുകളായി പ്രവർത്തിക്കുന്പോൾ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും. വെള്ളത്തോടൊപ്പം എത്തുന്ന എക്കൽമണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും സഹായിക്കാം.
എന്നാൽ ഇത്തരം സംവിധാനങ്ങൾ നടപ്പാക്കുന്പോൾ ജലത്തിന്റെ ഗുണനിലവാരം, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം, കൃഷിയുടെ സമയക്രമം എന്നിവ ശാസ്ത്രീയമായി വിലയിരുത്തണം. കുട്ടനാടിന്റെ ഭാവി സംരക്ഷിക്കാൻ കൃഷി, ജലനിയന്ത്രണം, കായൽ സംരക്ഷണം എന്നിവയെ വ്യത്യസ്ത വിഷയങ്ങളായി കാണാനാവില്ല. അവ പരസ്പരം ബന്ധപ്പെട്ട ഒരേ പരിസ്ഥിതി വ്യവസ്ഥയുടെ ഭാഗങ്ങളാണ്.
കായലിനെ സംരക്ഷിച്ചാൽ കൃഷിയും നിലനിൽക്കും
കുട്ടനാട്ടിലെ നെൽകൃഷി മനുഷ്യന്റെ അധ്വാനത്തിൽ പിറന്നതാണ്. പട്ടിണിയിൽനിന്ന് മോചനം നേടാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് കായൽനിലങ്ങൾ കൃഷിഭൂമികളാക്കിയത്. എന്നാൽ, പ്രകൃതിയുടെ ജലപ്രവാഹത്തെയും പരിസ്ഥിതിയുടെ സ്വാഭാവിക താളത്തെയും അവഗണിച്ചുള്ള വികസനത്തിന് ദീർഘകാല നിലനിൽപ്പുണ്ടാകില്ലെന്ന് ഇന്നത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നു.
വെള്ളപ്പൊക്ക നിയന്ത്രണം, പാടശേഖരങ്ങളുടെ സംരക്ഷണം, ബണ്ടുകളുടെ പരിപാലനം, തോടുകളുടെ പുനരുജ്ജീവനം, സംയോജിത കൃഷിരീതി, കണ്ടൽക്കാടുകളുടെ വ്യാപനം എന്നിവയെല്ലാം ഒരുമിച്ചുള്ള പദ്ധതിയുടെ ഭാഗമാകണം. കർഷകരുടെ വരുമാനവും കായലിന്റെ ആരോഗ്യവും ഒരുപോലെ സംരക്ഷിക്കുന്ന സമീപനമാണ് കുട്ടനാടിന് ആവശ്യം. കുട്ടനാട്ടിലെ വയലുകളിൽ നെല്ല് വിളയണമെങ്കിൽ കായലും നദികളും തോടുകളും ആരോഗ്യത്തോടെ നിലനിൽക്കണം. കൃഷിയെ സംരക്ഷിക്കുന്നതും കായലിനെ വീണ്ടെടുക്കുന്നതും രണ്ടല്ല; ഒരേ ലക്ഷ്യത്തിലേക്കുള്ള രണ്ട് വഴികളാണ്. കുട്ടനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടം കർഷകനെ സംരക്ഷിച്ചുകൊണ്ടും പ്രകൃതിയോട് സഹകരിച്ചുകൊണ്ടും മാത്രമേ വിജയിക്കൂ.
കുട്ടനാടൻ പാടശേഖരങ്ങളുടെ വൈവിധ്യം
കുട്ടനാട്ടിലെ കൃഷിഭൂമിയെ കായൽനിലങ്ങൾ, നദീതീരങ്ങളോടും കരപ്രദേശങ്ങളോടും ചേർന്നുകിടക്കുന്ന കരപ്പാടങ്ങൾ, അമ്ലഗുണവും ഉപ്പിന്റെ അംശവും കൂടുതലുള്ള കരിനിലങ്ങൾ എന്നിങ്ങനെ മൂന്നായി തിരിക്കാം. ഓരോ വിഭാഗത്തിലെയും മണ്ണിന്റെ ഘടനയും വെള്ളക്കെട്ടിന്റെ സ്വഭാവവും കൃഷിരീതികളെ നേരിട്ട് സ്വാധീനിക്കുന്നു. കാലവർഷത്തെയും തുലാവർഷത്തെയും കായലിലെ ഉപ്പുവെള്ള കയറ്റത്തെയും ആശ്രയിച്ചാണ് കുട്ടനാട്ടിലെ കൃഷി കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമായും രണ്ടു വിളകളാണ് കുട്ടനാട്ടിൽ കൃഷി ചെയ്യുന്നത്: പുഞ്ചകൃഷിയും, രണ്ടാംകൃഷിയും (അധികവിള). തുലാവർഷം ശമിക്കുന്നതോടെ ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പുഞ്ചകൃഷിക്കായി പാടശേഖരങ്ങളിൽനിന്ന് വെള്ളം വറ്റിച്ച് (പന്പിംഗ്) നിലമൊരുക്കുന്നത്.
ഫെബ്രുവരി-മാർച്ചിൽ കൊയ്ത്ത് നടക്കുന്നു. രണ്ടാംകൃഷി അഥവാ അധികവിള മേയ്-ജൂണിൽ കാലവർഷം ആരംഭിക്കുന്നതിന് തൊട്ടുമുന്പായി വിതച്ച്, സെപ്റ്റംബർ-ഒക്ടോബറിൽ കൊയ്തെടുക്കുന്ന വിളയാണ് രണ്ടാംകൃഷി. കരപ്പാടങ്ങളിലും ബണ്ടുകൾക്ക് ബലമുള്ള ചില പാടശേഖരങ്ങളിലുമാണ് ഇത് പ്രധാനമായും ചെയ്യുന്നത്. പണ്ടുകാലങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ശേഷിയുള്ള പൊക്കാളി, ചെട്ടിവിരിപ്പ്, തവളക്കണ്ണൻ തുടങ്ങിയ നാടൻ ഇനങ്ങളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്.
ആധുനിക കൃഷിരീതികൾ വന്നതോടെ ഹ്രസ്വകാല- മധ്യകാല വിളവെടുപ്പ് നൽകുന്ന അത്യുത്പാദനശേഷിയുള്ള വിത്തുകളിലേക്ക് കർഷകർ മാറി. ഇപ്പോൾ മങ്കൊന്പ് നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഉമ ആണ് പ്രധാനമായി കൃഷി ചെയ്യുന്നത്. ഈ ഇനം 115 മുതൽ 120 ദിവസം കൊണ്ട് വിളവെടുപ്പിന് പാകമാകുന്നു. ഹ്രസ്വകാല വിളവെടുപ്പിന് ജ്യോതി, പൗർണമി വിത്തുകളും ഉപയോഗിക്കുന്നുണ്ട്. നിലമൊരുക്കൽ മുതൽ കൊയ്ത്തുവരെയുള്ള ഘട്ടങ്ങളിൽ യന്ത്രവത്കരണം കുട്ടനാട്ടിൽ അനിവാര്യമായി മാറിയിട്ടുണ്ട്. തൊഴിലാളിക്ഷാമം രൂക്ഷമായതോടെ ട്രാക്ടറുകൾ, ഡ്രം സീഡറുകൾ, കൊയ്ത്തുയന്ത്രങ്ങൾ എന്നിവയുടെ ഉപയോഗം സാർവത്രികമായി. എങ്കിലും ചെളി നിറഞ്ഞ പാടങ്ങളിൽ ഭാരമേറിയ യന്ത്രങ്ങൾ ഇറക്കുന്നത് മണ്ണിന്റെ ഘടനയെയും അടിത്തട്ടിലെ കളിമണ് പാളിയെയും ബാധിക്കുന്നുണ്ട്.
പുഞ്ചകൃഷിയിൽ ഹെക്ടറിന് 5.5 മുതൽ ഏഴ് ടണ് വരെയും രണ്ടാംകൃഷിയിൽ 3.5 മുതൽ അഞ്ച് ടണ് വരെയും വിളവ് ലഭിക്കുന്നു. 2018ലെ പ്രളയത്തിനുശേഷം ഹെക്ടറിന് 12 ടണ്വരെ ലഭിച്ച പാടങ്ങളുണ്ട്. നെല്ല് സമയത്ത് സംഭരിക്കാത്തതും പാടത്തുകൊയ്തിട്ട നെല്ലിന്റെ ഈർപ്പത്തിനേർപ്പെടുത്തുന്ന കിഴിവും കുറഞ്ഞതാങ്ങുവിലയും കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്.
കുട്ടനാട്
കുട്ടനാടിനെ ഭൂമിശാസ്ത്രപരമായും കാർഷികപരമായും അപ്പർ കുട്ടനാട്, ലോവർ കുട്ടനാട്, നോർത്ത് കുട്ടനാട് എന്നിങ്ങനെ മൂന്നായി തിരിക്കാം.
അപ്പർ കുട്ടനാട്: വീയപുരം, എടത്വ, തലവടി, കിടങ്ങറ, മുട്ടാർ, മാന്നാർ, കുറത്തിശേരി, എണ്ണയ്ക്കാട്, പരുമല, കടപ്ര, നിരണം, പുളിക്കീഴ്, പെരിങ്ങര, ചാത്തങ്കരി, നെടുന്പ്രം.
ലോവർ കുട്ടനാട്: അന്പലപ്പുഴ താലൂക്കിലെ പ്രദേശങ്ങൾ, കുട്ടനാട് താലൂക്കിൽ എടത്വ, തലവടി, മുട്ടാർ എന്നിവ ഒഴികെയുള്ള പ്രദേശങ്ങൾ, കാർത്തികപ്പള്ളി താലൂക്കിന്റെ വടക്കൻ പകുതി.
നോർത്ത് കുട്ടനാട്: വൈക്കം താലൂക്ക്, കോട്ടയം താലൂക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ, ചങ്ങനാശേരി താലൂക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ.
ഒന്നിക്കാം, വീണ്ടെടുക്കാം ഈ ജൈവമണ്ഡലത്തെ
-അതേക്കുറിച്ച് നാളെ.
‘കൈകോർക്കാം കായലിനായി’ പരന്പര ആദ്യ ഭാഗം…
https://www.rashtradeepika.com/lets-join-hands-for-the-backwaters/
ഭാഗം 2
ആഴവും പരപ്പും നഷ്ടപ്പെടുന്ന വേമ്പനാട്
https://www.rashtradeepika.com/vembanad-losing-depth-and-expanse/
കായൽ മലിനീകരണത്തിന്റെ വ്യാപ്തി
ഭാഗം 3
https://www.rashtradeepika.com/the-extent-of-backwater-pollution/
