സരിതോര്‍ജ്ജം നിലയ്ക്കുന്നില്ല ! കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് പറഞ്ഞ് സരിത നായര്‍ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത് നാലര ലക്ഷം രൂപ; വാദിയ്ക്കും പ്രതിയ്ക്കുമെതിരേ അറസ്റ്റു വാറണ്ടുമായി കോടതി…

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രം സരിതാ നായര്‍ വീണ്ടും തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഊര്‍ജ്ജം വിട്ട് ഒരു കളിയിലില്ലാത്ത സരിത ഇക്കുറി കുടുങ്ങിയിരിക്കുന്നത് കാറ്റില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാനുള്ള പദ്ധതിയുടെ പേരിലാണ്. കാറ്റാടിയന്ത്രം സ്ഥാപിച്ചു നല്‍കാമെന്നു വിശ്വസിപ്പിച്ച് കര്‍ഷകനില്‍ നിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സരിത.എസ് .നായര്‍ക്കും തട്ടിപ്പിനിരയായ തോട്ടമുടമയ്ക്കും എതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.കെ.സുരേഷാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി.

പീരുമേട്ടില്‍ കൃഷിസ്ഥലമുള്ള തോട്ടമുടമയായ തിരുവനന്തപുരം അതിയന്നൂര്‍ വില്ലേജില്‍ തലയല്‍ ദേശത്ത് റെയില്‍വേ ഗേറ്റിന് സമീപം പള്ളിയറ വീട്ടില്‍ ആര്‍.ജി.അശോക് കുമാറി (53)ന്റെ കൈയ്യില്‍ നിന്നുമാണ് കാറ്റാടിയന്ത്രത്തിന്റെ പേരു പറഞ്ഞ് സരിത ലക്ഷങ്ങള്‍ അടിച്ചെടുത്തത്. . ‘കാറ്റില്‍ നിന്ന് വൈദ്യുതി വീട്ടിലേക്ക് ‘ എന്ന തലക്കെട്ടിലുള്ള ലേഖനം ഒരു പ്രമുഖ പത്രത്തിന്റെ സപ്ലിമെന്റില്‍ പരസ്യമായി നല്‍കിയാണ് സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പിന് കളമൊരുക്കിയത് . 2008 നവംബര്‍ 10 ലെ പത്രത്തിന്റെ സപ്ലിമെന്റിലാണ് പരസ്യം നല്‍കിയത്.

ലേഖനത്തില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഐസിഎം പവര്‍ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളില്‍ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി എഴുതിയിരുന്നു. കൂടാതെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലേക്ക് വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ അശോക് കുമാര്‍, തനിക്ക് പീരുമേട്ടില്‍ വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാപനത്തില്‍ ചെല്ലുകയായിരുന്നു.

അശോകനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും തുടര്‍ന്ന് വ്യാജരേഖ ചമച്ച് നാലരലക്ഷം രൂപ തട്ടുകയുമായിരുന്നു. ഡീലര്‍ഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന ഓര്‍ഡര്‍ ഫോം നല്‍കുകയും ചെയ്തിരുന്നു. വലിയതുറ പോലീസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വഞ്ചിച്ചെടുത്ത പണമുപയോഗിച്ച് ഹുണ്ടായ് സാന്‍ട്രോ കാറും സ്വര്‍ണ്ണവും വസ്തുവും പ്രതികള്‍ വാങ്ങിയതും കുറ്റപത്രത്തിലുണ്ട്. കാര്‍, വസ്തുവിന്റെ പ്രമാണം എന്നിവ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

വലിയതുറ മുന്‍ സബ് ഇന്‍സ്പെപെക്ടര്‍മാരായ സുരേഷ്.വി.നായര്‍, റ്റി.സതികുമാര്‍ , ഗ്രേഡ് എസ്.ഐ. കെ.സുധാകരന്‍ എന്നിവരാണ് കേസന്വേഷിച്ചത്.2013 ആഗസ്റ്റ് മൂന്നിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജു രാധാകൃഷ്ണന്‍ നല്‍കിയ രേഖകളില്‍ കാണപ്പെട്ട ഒപ്പുകളും ബിജുവില്‍ നിന്നു ശേഖരിച്ച സാമ്പിള്‍ ഒപ്പുകളും തമ്മില്‍ സാമ്യതയുള്ളതായ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിട്ടുണ്ട്. സരിതാ എസ്. നായരും അശോക് കുമാറും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനാലാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Related posts