മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി ഡൽഹിയിൽ  പിടിയിൽ;  സംഭവവുമായി ബന്ധപ്പെട്ട്  കമ്പനി ഇയാളെ പിരിച്ചുവിട്ടിരുന്നു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ പിടിയിലായി. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് കോതമംഗലം സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു തന്നെ കേരളത്തിൽ എത്തിക്കുമെന്നാണ് വിവരം.

വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാർ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാർജറ്റ് എൻജിനീയറിംഗ് കന്പനിയുടെ റിഗിംഗ് സൂപ്പർവൈസറായിരുന്നു കൃഷ്ണകുമാർ. ഇയാളെ സംഭവവുമായി ബന്ധപ്പെട്ട് കന്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു.

വധഭീഷണി മുഴക്കിയ സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത കേരള പോലീസ് കൃഷ്ണകുമാർ നാട്ടിൽ എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിലായിരുന്നു. പ്രകോപനം സൃഷ്ടിക്കും വിധം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി, അപകീർത്തിപെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Related posts