കഞ്ഞിയില്‍ വെള്ളമൊഴിച്ച് മാത്രം കുടിച്ചിരുന്ന കാലമുണ്ടായിരുന്നു ! ഞാന്‍ പരാജയപ്പെടെണമെന്നാഗ്രഹിക്കുന്നവര്‍ ബെല്‍ജിയത്തില്‍ തന്നെയുണ്ട്; ഫുട്‌ബോള്‍ ആരാധകരുടെ പ്രിയതാരം റൊമേലു ലുക്കാക്കു പറയുന്നു

റഷ്യയില്‍ നടന്നുവരുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ചൂടുപിടിച്ച് വരികയാണ്. വമ്പന്മാര്‍ക്ക് പലര്‍ക്കും അടി പതറുമ്പോള്‍ കുഞ്ഞന്മാരും തുടക്കക്കാരും കളിക്കളം കൈയ്യടക്കുന്ന കാഴ്ചയും ഈ ലോകകപ്പിന്റെ പ്രത്യേകതയായി പലരും എടുത്തു പറയുന്നുണ്ട്. എന്നാല്‍ ഫേവററ്റുകളില്‍ പലരും സമനില കുരുക്കിലും അട്ടിമറിയിലുമൊക്കെ പെട്ടപ്പോള്‍ ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള ബെല്‍ജിയം, പനാമയോടുള്ള മത്സരത്തില്‍ തങ്ങളുടെ കരുത്ത് ഊട്ടിയുറപ്പിക്കുക തന്നെ ചെയ്തു.

ഏകപക്ഷീയമായ മൂന്ന് ഗോളുകളോടെയാണ് ബെല്‍ജിയം കളം വിട്ടത്. മത്സരത്തില്‍ ബെല്‍ജിയത്തിന്റെ നെടുംതൂണായത് മൂന്നില്‍ രണ്ട് ഗോളുകളും ഷൂട്ട് ചെയ്ത റൊമേലു ലൂക്കാക്കയാണ്. എതിര്‍ ടീമിന്റെ ഗോള്‍ പോസ്റ്റിലേയ്ക്ക് ഇരച്ചുകയറിയുള്ള ആക്രമണമായിരുന്നു ലൂക്കാക്കയുടേത്. മനോഹരമായ രണ്ട് ഗോളുകളിലൂടെ കളിയിലെ താരമായ ലുക്കാക്കു കളിയാരാധകരുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രവും ഇഷ്ടക്കാരനുമായിരിക്കുകയാണ്. എന്നാല്‍ മത്സരശേഷം ലുക്കാക്കു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരെ വിഷമിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

കഞ്ഞിയില്‍ വെള്ളമൊഴിച്ച് മാത്രം കുടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. വീട്ടിലാകെ ഓടി നടക്കുന്ന എലികള്‍, അവറ്റയുടെ ശല്യമാണെന്ന് തോന്നുന്നു എന്നെ ഒരു ചൂടനാക്കിയത് ‘ ‘ഈ ചുറ്റുപാടില്‍ നിന്നാണ് ഞാനും ജോര്‍ഡനും (അനുജന്‍ ജോര്‍ഡന്‍ ലുക്കാക്കുവും ദേശീയ ടീമില്‍ കളിക്കുന്നുണ്ട് ) ഇന്നത്തെ നിലയില്‍ എത്തിയത് ‘. ‘ഞാന്‍ പരാജയപ്പെടെണമെന്നാഗ്രഹിക്കുന്നവര്‍ ബല്‍ജിയത്തില്‍ തന്നെയുണ്ട്.

ഗോളടിക്കുമ്പോള്‍ ഞാന്‍ ബെല്‍ജിയം സ്‌ട്രൈക്കറും ഫോം മങ്ങുമ്പോള്‍ കോംഗോ വംശജനുമാണ്, പലര്‍ക്കും. ആവട്ടെ, എനിക്കതൊന്നും ഒരു പ്രശ്‌നമല്ല. ജീവിക്കാന്‍ ബുദ്ധിമുട്ടിയ ഞങ്ങളുടെ ചെറുപ്പകാലം കണ്ടിട്ടില്ലാത്തവരെ ഇതൊന്നും ബോധ്യപ്പെടുത്താനാവില്ല.’ ‘ഇംഗ്ലണ്ടില്‍ പോയപ്പോഴും ഞാന്‍ പരിഹാസപാത്രമായിരുന്നു, എന്തിനെന്ന് എനിക്കറിയില്ല.

കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണിത്. നിങ്ങള്‍ ആവോളം ശ്രമിക്കൂ ഞാന്‍ ഇവിടെത്തന്നെ കാണും. ഞാന്‍ ഇവിടെ ജനിച്ചവനാണ്, ആന്റ് വെര്‍പിലും ലിഗെയിലും ബ്രസ്സല്‍സിലും വളര്‍ന്നവനാണ്. ബല്‍ജിയം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ എന്ന് നിങ്ങളെക്കൊണ്ട് പറയിപ്പിക്കും വരെ ഞാന്‍ കളി തുടരും. അതാണെന്റെ ലക്ഷ്യം. തിയറി ഒന്റി ഒന്നും കളിക്കുന്നത് നേരിട്ട് പോയി കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പണം വേണ്ടേ? ഇപ്പോള്‍ ഒന്റി എനിക്ക് കളി പറഞ്ഞു തരുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടേണ്ടേ ? ലുക്കാക്കു പറഞ്ഞു നിര്‍ത്തുന്നു.

Related posts