അടച്ചിട്ട വീട്ടിലെ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ ! കൊലപാതകം നടന്നത് ഒരു വര്‍ഷത്തിനു മുമ്പെന്ന് പോലീസ് നിഗമനം…

ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിനു പിന്നാലെ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ രാജ്യത്ത് പുറത്തു വരികയാണ്.

ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു.

ഇപ്പോഴിതാ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. കൊലപാതകം നടന്നിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പൊലീസ് നിഗമനം.

വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്തയാള്‍ വാടക നല്‍കാത്തതിനാല്‍ ഉടമസ്ഥനെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

ഇതേക്കുറിച്ച് വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ ശ്രീകാന്ത് പറയുന്നതിങ്ങനെ…വീട് കാലിയാക്കുന്നതിന്റെ ഭാഗമായാണ് ഉടമസ്ഥനെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയത്.

ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തയാള്‍ 2021 ജൂണില്‍ ഇവിടെ നിന്നു പോയി. അയാള്‍ വാടക കൊടുക്കുകയോ സാധനങ്ങള്‍ മാറ്റുകയോ ചെയ്തിട്ടില്ല.

ഇയാള്‍ പിന്നീട് ഒരു തവണ വീടിന്റെ പുറകവശത്തു കൂടി അകത്തു കയറിയെന്ന് പറയുന്നുണ്ടെങ്കിലും വീട്ടിലെ സാധനങ്ങളൊന്നും മാറ്റിയിരുന്നില്ല.

ഒരു വര്‍ഷം കാത്തിരുന്നതിനു ശേഷം വീട്ടിലെ സാധനങ്ങള്‍ മാറ്റാനായി ഉടമസ്ഥന്‍ കയറിയപ്പോഴാണ് സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ശ്രീകാന്ത് പറയുന്നു.

ശരീരം ഒരു വര്‍ഷം മുന്‍പ് കഷ്ണങ്ങളായി മുറിച്ചതാണെന്നാണ് പ്രാഥമിക തെളിവുകളിലൂടെ വ്യക്തമാകുന്നതെന്നും പോലീസ് അറിയിച്ചു.

വീട് വാടകയ്‌ക്കെടുത്ത ആളുടെ ഭാര്യയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനമെന്നും വീടിന്റെ ഉടമസ്ഥന്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment