ബംഗളൂരു: കൊഡിഗെഹള്ളിയിൽ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും കാറും കവർച്ചചെയ്തു. ഗണേഷ് നഗറിൽ താമസിക്കുന്ന ശോഭ (48) യാണു മരിച്ചത്. രക്തത്തിൽകുളിച്ചനിലയിൽ നഗ്നമായനിലയിലാണു മൃതദേഹം കണ്ടെത്തിയത്.
ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും വീടിനുപുറത്തു പാർക്ക് ചെയ്തിരുന്ന കാറും കാണാതായിട്ടുണ്ട്. രണ്ടു പെൺമക്കളാണ് ശോഭയ്ക്കുള്ളത്.
ആവർത്തിച്ചു ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളിൽ അമ്മയുടെ മൃതദേഹം കണ്ടെതെന്ന് ഇളയമകൾ പോലീസിനോടു പറഞ്ഞു.
പരിചയക്കാരാണ് ശോഭയെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമികനിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിൽ ഒരു യുവാവ് സംശയാസ്പദമായി വീട്ടിൽ വന്നുപോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.