ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത് ഒരിക്കലും ഗര്‍ഭിണിയാകരുതെന്ന് ! ഈ നിര്‍ദ്ദേശം തള്ളി ജന്മം നല്‍കിയത് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ; ലോകത്തിലെ ഏറ്റവും ചെറിയ അമ്മ വിടപറഞ്ഞു…

ചിലരങ്ങനെയാണ് വിധിയെയും ചുമ്മാതങ്ങു തോല്‍പ്പിച്ചു കളയും. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ അമ്മയായ സ്റ്റെസി ഹെറാള്‍ഡും ഇത്തരത്തിലൊരാളായിരുന്നു. ഒരിക്കലും ഗര്‍ഭിണിയാകരുതെന്നാണ് ഇവരോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

എന്നാല്‍ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ഈ ചെറിയ വലിയ അമ്മ ലോകത്തോട് വിട പറഞ്ഞത്. ഓസ്റ്റിയോ ജെനിസിസ് ഇംപെര്‍ഫെക്ട എന്ന അപൂര്‍വരോഗം ബാധിച്ച സ്റ്റെസിക്ക് വലിപ്പമില്ലാത്ത ശ്വാസകോശവും ബലമില്ലാത്ത എല്ലുകളുമായിരുന്നു ഉണ്ടായിരുന്നത്.

വളര്‍ച്ച മുരടിച്ച സ്റ്റെസിയോട് ഗര്‍ഭിണിയാകരുതെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ ജന്മം നല്‍കി. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് വലുതാകുന്തോറും താങ്ങാനാകില്ലെന്നും ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

എന്നാല്‍ ഇതിനെയെല്ലാം മാറ്റിമറിച്ചാണ് കറ്റേരി (11) മഖ്യ (10) മലാച്ചി (8) എന്നീ മൂന്നു മക്കള്‍ക്ക് അവര്‍ ജന്‍മം നല്‍കിയത്. കെന്റുക്കിലാണ് തന്റെ ഭര്‍ത്താവ് വില്ലിക്കും മൂന്ന് മക്കള്‍ക്കുമൊപ്പം സ്റ്റെസി താമസിച്ചിരുന്നത്.

എന്നാല്‍, ഈ മൂന്ന് കുട്ടികളില്‍ ആദ്യത്തെ രണ്ട് കുട്ടികള്‍ക്കും സ്റ്റെസിയെ പോലെ വളര്‍ച്ചാമുരടിപ്പുണ്ട്. മൂന്നാമത്തെ കുട്ടിയായ മലാച്ചിക്ക് മൂത്ത കൂട്ടികളെ പോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഇത്തരം ജനിതക വൈകല്യമുളള കുട്ടികളില്‍ ജനിക്കുമ്പോള്‍ തന്നെ എല്ലുകള്‍ ഒടിയാന്‍ സാധ്യതയുണ്ടെങ്കില്‍ സാധാരണ കുട്ടികളെ പോലെ തന്നെ പൂര്‍ണവളര്‍ച്ചയുണ്ട് മലാച്ചിക്ക്.

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചു പരിചയപ്പെട്ട ഹെറാള്‍ഡിനെ നാലു വര്‍ഷത്തിനു ശേഷം 2004ലാണ് സ്റ്റെസി വിവാഹം കഴിക്കുന്നത്. 2011ല്‍ കെന്റുക്കി മിസ്സ് വീല്‍ചെയറായും സ്റ്റെസിയെ തിരഞ്ഞെടുത്തിരുന്നു. രണ്ടടി നാലിഞ്ച് പൊക്കമുണ്ടായിരുന്ന സ്റ്റെസി നാല്‍പ്പത്തിനാലാമത്തെ വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. ലോകത്തിനു തന്നെ ഒരു അദ്ഭുതമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.

Related posts