കൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അക്കൗണ്ടിലേക്ക് വിദേശ പണം എത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണ സംഘം പരിശോധന തുടങ്ങി.
ഏറെക്കാലും ദുബായില്‍ ഉണ്ടായിരുന്ന ഡൊമിനിക് മാര്ട്ടിന് മറ്റെതെങ്കിലും രാജ്യത്തുള്ളവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
ബോംബ് സ്ഫോടനത്തില്‍ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും അന്വേഷണ സംഘം ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദുബായില്‍ ഡൊമിനിക് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള വിവരങ്ങള്‍ പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ നിന്നെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. സ്ഫോടനത്തിന്റെ വീഡിയോ ചിത്രീകരിച്ച മാര്‍ട്ടിന്റെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്.
തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയില്‍
പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണല്‍ സി.ജി.എം കോടതിയാണ് അപേക്ഷ പരിഗണിക്കുക.
യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ മാര്‍ട്ടിനെ കണ്ടെന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടവരുടെ അന്തിമപട്ടിക തയാറാക്കിയത്.
ഡൊമിനിക് സ്ഫോടക വസ്തുകള്‍ വാങ്ങിയതായി പറയപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളിലെ ആളുകള്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിന് ശേഷമാകും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുക.
മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു
സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ വെന്റിലേറ്റിലുള്ള മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ റീന ജോസ്, മകന് പ്രവീണ്‍ എന്നിവര്‍ക്ക് ചര്‍മം പുനസ്ഥാപിക്കല്‍ ശസ്ത്രക്രിയ നടത്തി. കളമശേരി സ്വദേശിനി മോളി ജോയി (61) എഴുപതു ശതമാനം പൊള്ളലോടെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
പരിക്കേറ്റ 18 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ 13 പേര് ഐസിയുവിലും അഞ്ചു പേര് വാര്‍ഡിലുമാണ്. ഒരാളെ “ട്രോമ ബാക്ക്’ (സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഭയം) ആയിട്ടാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.