റെനീഷ് മാത്യു
കണ്ണൂർ: യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി ദേശീയ നേതൃത്വം. കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് അയച്ച കത്തിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടുമില്ല. ഏഴുവർഷമായി യൂത്ത് കോൺഗ്രസിന് കേരളത്തിൽ ഉണ്ടായിരുന്ന നേതൃത്വമാണ് നിലവിൽ പിരിച്ചു വിട്ടത്.
എന്നാൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നടത്തുന്ന തെരഞ്ഞെടുപ്പിനോട് കെപിസിസി വിമുഖത പ്രകടിപ്പിച്ചിരിക്കുകയാണ്. നോമിനേഷൻ വഴി നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. എന്നാൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. തെരഞ്ഞെടുപ്പ് നടന്നാൽ ഗ്രൂപ്പ് അനുസരിച്ചുള്ള വീതം വയ്പ് നഷ്ടപ്പെടുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക.
പുതിയ തെരഞ്ഞെടുപ്പ് രീതിയിലൂടെ പത്ത് കോടിയിലേറെ രൂപയോളം യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കേരളത്തിൽ നിന്നും ലഭിക്കുമെന്നാണ് സൂചന.എ, ഐ ഗ്രൂപ്പുകള്‍ രംഗത്തുള്ളതിനാല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായത്തിന് സാധ്യതയില്ല. എല്ലാ പോസ്റ്റുകളിലേക്കും ഏറ്റവും കുറഞ്ഞത് രണ്ടു സ്ഥാനാര്ഥികളെങ്കിലുമുണ്ടാകുമെന്നും ഉറപ്പാണ്. ഇതാണ് ദേശീയ നേതൃത്വത്തിന് കോടികൾ ലഭിക്കുന്നത്.
സ്ഥാനാര്‍ഥികളുടെ ഫീസിനത്തില്‍ ലഭിക്കുന്ന തുക ഇങ്ങനെ: 942 പഞ്ചായത്ത് മണ്ഡലം കമ്മിറ്റികള്‍ – 1.22 കോടി രൂപ, 140 നിയോജകമണ്ഡലം കമ്മിറ്റികള്‍ – 54 ലക്ഷം രൂപ, 14 ജില്ലാ കമ്മിറ്റികള്‍ – 10,08,000 രൂപ, സംസ്ഥാന കമ്മിറ്റി- 1.84 ലക്ഷം രൂപ.
പ്രസിഡന്റ്, 4 വൈസ് പ്രസിഡന്റ്, 11 ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടുന്നതാണു ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും. ഇതില്‍ 2 വൈസ് പ്രസിഡന്റും ആറ് ജനറല്‍ സെക്രട്ടറിമാരും സംവരണ സീറ്റാണ്. ജില്ലാ കമ്മിറ്റിയില്‍ ജനറല്‍ സീറ്റിലേക്കു 3000 രൂപയും സംവരണ സീറ്റിലേക്ക് 1500 രൂപയുമാണു സ്ഥാനാര്‍ഥിത്വ ഫീസ്.
സംസ്ഥാന കമ്മിറ്റിയില്‍ ജനറല്‍ സീറ്റിലേക്ക് 7500 രൂപ, സംവരണ സീറ്റിലേക്കു 4000 രൂപ. 15 സീറ്റുള്ള നിയോജക മണ്ഡലം കമ്മിറ്റിയിലേക്ക് ജനറല്‍ സീറ്റിന് 1500 രൂപ, സംവരണ സീറ്റിന് 1000 രൂപ. 10 സീറ്റുള്ള പഞ്ചായത്ത് മണ്ഡലം കമ്മിറ്റിയില്‍ യഥാക്രമം 750, 500 രൂപ. കൂടാതെ അംഗത്വ കാന്പയിൻ വഴിയും കേരളത്തിൽ നിന്നും പണം ലഭിക്കും.