നരച്ചമുടി ‘ഡൈ’ അടിക്കേണ്ട കാര്യമില്ല ! മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് നല്‍കിയാല്‍ മതി; നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെയും പതിവായി തോല്‍ക്കുന്നവരെയും മാറ്റിയില്ലെങ്കില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ്…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് താക്കീതുമായി യൂത്ത് കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും പാലക്കാട് സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് ക്യാമ്പ് എക്സിക്യൂട്ടീവ് പാസാക്കി. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നതാണ് മുന്നറിയിപ്പോടെയുള്ളതാണ് പ്രമേയം.

നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ഥിയാക്കരുത്. യുവാക്കള്‍ക്ക് അവസരം വേണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവസരം നല്‍കണം.

മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനത്തില്‍ അധികം സീറ്റുകള്‍ നല്‍കരുത്, ബ്ലോക്ക് പ്രസിഡന്റ് ആക്കുന്നത് 50 വയസില്‍ താഴെയുള്ളവരെയാകണം,തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് മുന്നില്‍ വെക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അമിത ആത്മവിശ്വാസം തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിനയായെന്ന് മലമ്പുഴയില്‍ സമാപിച്ച ക്യാമ്പ് എക്സിക്യുട്ടീവില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസ് നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയില്ലെങ്കില്‍ ഇടതുമുന്നണിക്ക് കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന മുന്നറിയിപ്പും സംസാരിച്ചവരില്‍നിന്നുയര്‍ന്നു.
കെപിസിസി പ്രസിഡന്റിനെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും വിമര്‍ശനമുയര്‍ന്നു.

Related posts

Leave a Comment