അഭയാര്‍ഥി വിരുദ്ധര്‍ക്കെതിരേ ഫെയ്‌സ്ബുക്ക്

Mark-Zuckerbergബെര്‍ലിന്‍: അഭയാര്‍ഥികള്‍ക്കെതിരേ വിദ്വേഷ പ്രചരണം നടത്തുന്നവരെ നിലയ്ക്കു നിര്‍ത്തുമെന്ന് ഫെയ്‌സ്ബുക്ക്. സംരക്ഷണം അര്‍ഹിക്കുന്നവരാണ് അഭയാര്‍ഥികളെന്ന് ബെര്‍ലിനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.

നാസി ഭൂതകാലത്തില്‍നിന്നു മുക്തി നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ന്യൂനപക്ഷ സംരക്ഷണത്തിനു ശക്തമായ നിയമങ്ങള്‍ ആധുനിക ജര്‍മനിയില്‍ നടപ്പാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ അഭയാര്‍ഥി വിരുദ്ധ പ്രചരണം ശക്തമായി വരുന്നതു കാരണം ജര്‍മനിയില്‍ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് രൂക്ഷ വിമര്‍ശനങ്ങള്‍ക്കും പാത്രമായിരുന്നു.

ലൈംഗിക അതിപ്രസരമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ ഫെയ്‌സ്ബുക്ക് കാണിക്കുന്ന വേഗം അഭയാര്‍ഥി വിരുദ്ധ പോസ്റ്റുകള്‍ക്കെതിരേ കാണുന്നില്ലെന്നു ജര്‍മന്‍ നിയമ മന്ത്രാലയം തന്നെ വിലയിരുത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ക്കുപരി രാജ്യത്തെ നിയമങ്ങള്‍ പാലിക്കപ്പെടുക എന്ന തരത്തിലുള്ള ധാരണ കമ്പനിയുമായുണ്ടാക്കാനാണ് ജര്‍മന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. ഈ പശ്ചാത്തലത്തിലാണ് അഭയാര്‍ഥി പ്രശ്‌നത്തില്‍ സുക്കര്‍ബര്‍ഗിന്റെ നയ പ്രഖ്യാപനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts