ഇ-ടോയ്‌ലറ്റ് ചങ്ങലയിട്ടു പൂട്ടി പൊതുപ്രവര്‍ത്തകന്റെ പ്രതിഷേധം

EKM-TOILETമൂവാറ്റുപുഴ: യുവാവ് ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്ന നഗരമധ്യത്തിലെ ഇ-ടോയ്‌ലറ്റ് പൊതുപ്രവര്‍ത്തകന്‍ അടച്ചുപൂട്ടി പ്രതിഷേധിച്ചു. ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയനായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജിയാണ് ചങ്ങല ഉപയോഗിച്ച് ടോയ്‌ലറ്റ് അടച്ചുപൂട്ടിയത്. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് നാലരലക്ഷം രൂപ ചെലവഴിച്ച് നെഹ്‌റുപാര്‍ക്കിലാണ് ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. എന്നാല്‍, മൂന്നുമാസം മാത്രമാണ് ഇതു പ്രവര്‍ത്തിച്ചത്. ടോയ്‌ലറ്റ് പ്രവര്‍ത്തനരഹിതമാണെന്നുള്ള ബോര്‍ഡുകളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല.

ഞായറാഴ്ച വൈകുന്നേരം ടോയ്‌ലറ്റില്‍ കയറിയ യുവാവ് ഒരു മണിക്കൂറോളം ഇതിനുള്ളില്‍ കുടുങ്ങിയിരുന്നു. രാമമംഗലം കിഴുമുറി തേവര്‍കാട്ടില്‍ യദുരാജ് (23) ആണ് കുടുങ്ങിപ്പോയത്. ഒടുവില്‍ അഗ്നിശമനസേനയെത്തിയാണു യുവാവിനെ രക്ഷിച്ചത്. നഗരത്തില്‍ വേണ്ടത്ര ശൗച്യാലയങ്ങളില്ലെന്ന പരാതി നാളുകളായി നിലനില്‍ക്കുന്നതാണ്.  ഇതേ തുടര്‍ന്നാണു നഗരത്തിലെ മൂന്നിടങ്ങളില്‍ ഇ-ടോയ്‌ലറ്റ് സ്ഥാപിക്കാന്‍ കഴിഞ്ഞ നഗരസഭ ഭരണകാലത്ത് തീരുമാനമായത്. പരീക്ഷണാടിസ്ഥാനത്തിലാണ് നെഹ്‌റുപാര്‍ക്കില്‍ ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. എന്നാല്‍ മൂന്നുമാസം മാത്രമാണ് ഇതു പ്രവര്‍ത്തിച്ചത്.

തകരാറിലായതിനുശേഷം അറ്റകുറ്റപ്പണികള്‍ നടത്താന്‍ ആരും തയാറായതുമില്ല. ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തുന്ന കച്ചേരിത്താഴത്ത് മാത്രമാണ് നിലവില്‍ ശൗച്യാലയമുള്ളത്. ടൗണില്‍ മതിയായ ശൗച്യാലയങ്ങളില്ലാത്തതു കാരണം സ്ത്രീകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍  ബുദ്ധിമുട്ടുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ഇ-ടോയ്‌ലറ്റ് അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതര്‍ക്കു കഴിയാത്തതു ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

Related posts