കരുമാലൂര്‍ കൊലപാതകം: മരിച്ച റുഖിയയ്ക്ക് നാടിന്റെ യാത്രാമൊഴി

ekm-crimeകരുമാലൂര്‍: കരുമാലൂരില്‍ ഭര്‍തൃ സഹോദരന്റെ വെട്ടേറ്റു മരിച്ച റുഖിയയ്ക്ക് നാടിന്റെ യാത്രാമൊഴി. കരുമാലൂര്‍ ആലപ്പാട്ട് പൂതപ്പാടം കാത്താക്കാട് പള്ളത്ത് വീട്ടില്‍ രവിയുടെ ഭാര്യ റുഖിയ(41) ആണ് ഭര്‍തൃ സഹോദരന്‍ മധുവിന്റെ വെട്ടേറ്റു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ രവിയുടെ വീട്ടുവരാന്തയില്‍ രവിയും മകനും  നോക്കിനില്‌ക്കെയായിരുന്നു മധു വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഉച്ചയോടെ മൃതദേഹം കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. നൂറുകണക്കിനാളുകള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. രവിയുടെയും മക്കളുടെയും കരച്ചില്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തവരുടെ കണ്ണുകളെ ഈറനണിയിച്ചു. അമ്മ ഇനി വരില്ലെന്ന സത്യം വിശ്വസിക്കാന്‍ മക്കളായ രേഷ്മയ്ക്കും രാഹുലിനും ഇതുവരെ കഴിഞ്ഞിട്ടില്ല.

കൊല നടത്തിയ മധു ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിനു ഉപയോഗിച്ച വെട്ടുകത്തി ഇതുവരെ  കണ്ടെത്താനായിട്ടില്ല. സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞ വെട്ടുകത്തി കാടുവെട്ടിത്തെളിച്ച് നാട്ടുകാരും  പോലീസും തെരഞ്ഞെങ്കിലും  കണ്ടെത്താനായില്ല. അമിത ലഹരി ഉപയോഗം മൂലം മനോനില തെറ്റിയാണ് മധു കൊലപാതകം നടത്തിയതെന്ന് ആലുവ സിഐ ടി.ബി. വിജയന്‍ പറഞ്ഞു.

Related posts