ക്ലാസ് റൂമില്‍ തോക്ക്: പ്രതിഷേധിച്ച് കോളജ് ഡീന്‍ രാജിവച്ചു

gunഓസ്റ്റിന്‍: കോളജ് ക്ലാസ് റൂമില്‍ തോക്കു കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്ന നിയമം നടപ്പാക്കുന്നതിനെതിരെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രതിഷേധം രൂക്ഷമാകുന്നു. നിയമം നടപ്പാക്കുവാന്‍ യുറ്റി ഓസ്റ്റിന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചു യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ആര്‍ക്കിടെക്ചര്‍ സ്കൂളില്‍ ദീര്‍ഘനാളായി ഡീനായി പ്രവര്‍ത്തിക്കുന്ന ഫ്രിറ്റ്‌സ് സ്റ്റീനര്‍ രാജിവച്ചതായി യൂണിവേഴ്‌സിറ്റി ഓസ്റ്റിന്‍ ഫെബ്രുവരി 25നു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ടെക്‌സസ് ഗവര്‍ണര്‍ ഒപ്പുവച്ച ഗണ്‍ നിയമം 21 വയസു മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് തോക്ക് ക്ലാസ് റൂമില്‍ കൊണ്ടുവരുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാല്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് ഈ നിയമം വേണമെങ്കില്‍ ഒഴിവാക്കാമെങ്കിലും പബ്ലിക്ക് യൂണിവേഴ്‌സിറ്റികള്‍ക്ക് നിര്‍ബന്ധമായും നടപ്പാക്കാന്‍ ബാധ്യതയുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ക്ലാസ്‌റൂമില്‍ തോക്കുമായി വിദ്യാര്‍ഥികള്‍ എത്തുന്നതു ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നു രാജിവാര്‍ത്ത അറിയിച്ചുകൊണ്ടു ഡീന്‍ അഭിപ്രായപ്പെട്ടു.

ഫ്രിറ്റ്‌സ് ആര്‍ക്കിടെക്ചര്‍ സ്കൂള്‍ ഡീനായി ചുമതലയേറ്റ 2001 മുതല്‍ രാജ്യത്തെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കോളജുകളുടെ പട്ടികയില്‍ യുറ്റി ഓസ്റ്റിന്‍ സ്ഥാനം പിടിച്ചിരുന്നു.

അമേരിക്കയിലെ ടെക്‌സസ് ഉള്‍പ്പെടെ ഒമ്പതു യൂണിവേഴ്‌സിറ്റികളില്‍ തോക്ക് ക്ലാസ് റൂമില്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. 21 യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥികള്‍ക്കു കോളജ് കാമ്പസില്‍ പാര്‍ക്കു ചെയ്യുന്ന കാറുകളില്‍ സൂക്ഷിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts