ജനങ്ങളുടെ ഹൃദയസ്പന്ദനമറിഞ്ഞു ഡോ.ചിത്ര

womanഡോക്ടറാകണമെന്നായിരുന്നു ചിത്രയുടെ കുട്ടിക്കാലത്തെ ആഗ്രഹം. ആ ആഗ്രഹം പൂവണിഞ്ഞപ്പോള്‍ പിന്നാലെയെത്തി അതിയായ മറ്റൊരു ആഗ്രഹവും കൂടി- കളക്ടറാകണം. ആഗ്രഹം ഒരുഭാഗത്തു വച്ച് ഡോ.ചിത്ര വെറുതേയിരിക്കുകയായിരുന്നില്ല. കഠിനാധ്വാനത്തിലൂടെ ഡോ. ചിത്ര ലക്ഷ്യത്തിലെത്തി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പിന്നിട്ട വഴികളില്‍ ആത്മസംതൃപ്തി.

ഇപ്പോള്‍ കൊല്ലത്തെ അസിസ്റ്റന്റ് കളക്ടര്‍ എന്ന പദവി അലങ്കരിക്കുമ്പോള്‍ ജനക്ഷേമത്തിന്റെയും ജനസേവനത്തിന്റെയും മാതൃകാപരമായ ചുവടുവെയ്പിന് ഒരുങ്ങുകയാണു ഡോ.ചിത്ര. സ്‌റ്റെതസ്‌കോപ്പിലൂടെ ജനങ്ങളുടെ ഹൃദയസ്പന്ദനമറിഞ്ഞ ഇവര്‍ പൊതുജനങ്ങളുടെ സ്പന്ദനമറിയുകയാണ്.

ഉറച്ച മനസോടെയും ദൃഢനിശ്ചയത്തോടെയും ഇറങ്ങിത്തിരിച്ചാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന പാഠവും ഡോ.ചിത്ര നമ്മെ പഠിപ്പിക്കുന്നു.

ഡോക്ടറായിരിക്കെ സിവില്‍ സര്‍വീസിനോടുള്ള താല്പര്യം

കൊല്ലത്ത് അസിസ്റ്റന്റ് കളക്ടര്‍ ചിത്ര ഡോക്ടറായിരിക്കെയാണ് സിവില്‍ സര്‍വീസിലേക്ക് പ്രവേശിച്ചത്. കുട്ടിക്കാലത്തു തന്നെ സിവില്‍ സര്‍വീസിനോട് താല്പര്യമുണ്ടായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഡോക്ടറാകാനായിരുന്നു ആഗ്രഹം. ഹൗസ് സര്‍ജന്‍സി കഴിഞ്ഞപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ തോന്നി.

അസിസ്റ്റന്റ് സര്‍ജനായി ഇടുക്കിയില്‍ ജോലി നോക്കിയപ്പോഴാണ് ഐഎഎസ് ലഭിക്കുന്നത്. ഇവിടെ വന്നിട്ട് ഏഴു മാസം ആകുന്നു. കഴിഞ്ഞ ജൂലൈ 29നാണ് കൊല്ലത്ത് നിയമിതയാകുന്നത്. സിവില്‍ സര്‍വീസ് രംഗത്താകുമ്പോള്‍ പൊതുജ നങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ കഴിയുന്നുവെന്നാണ് ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര സ്വദേശിനിയായ ചിത്ര പറയുന്നത്. ആ താല്‍പര്യവും ഇഷ്ടവും കണക്കിലെടുത്താണ് സിവില്‍ സര്‍വീസ് രംഗത്തേക്കു വന്നത്. പൊതുപ്രശ്‌നങ്ങള്‍ ധാരാളം അടുത്തറിയാനും അവരുടെ വിവിധ കാര്യങ്ങള്‍ അറിയാനും കഴിയുന്നുണ്ട്.

കുടുംബശ്രീയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും

കുടുംബശ്രീയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് താല്‍പര്യം. നിരാലംബരായ സ്ത്രീകള്‍ നിരവധിയുണ്ട്. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ആലംബഹീനരായിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ത്രീകളെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ സിവില്‍ സര്‍വീസ് രംഗത്തു ധാരാളം കാര്യങ്ങള്‍ ചെയ്യുന്നതില്‍ സംതൃപ്തി ഉണ്ടാകുമെന്നാണ് അസി.കളക്ടറുടെ വ്യക്തിപരമായ അഭിപ്രായം. അവിടെയാണ് ഡോക്ടറുടെയും സിവില്‍ സര്‍വീസ് ഓഫീസറുടെയും വ്യത്യാസം തിരിച്ചറിയുന്നതും.

സ്ത്രീകള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം ഇന്ന് വര്‍ധിച്ചുവരികയാണ്. അതേസമയം സ്ത്രീ തെരുവില്‍ ഇറങ്ങുന്നതും പുരുഷന്‍ തെരുവില്‍ ഇറങ്ങുന്നതും തമ്മില്‍ നല്ല അന്തരം ഉണ്ട്.

അമ്മമാരെ വലിച്ചെറിയുന്ന പ്രവണത ഇന്ന് കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ദാരിദ്ര്യം അടക്കമുള്ള ഗാര്‍ഹിക പ്രശ്‌നങ്ങ ളാണ് ഇതിലേക്ക് വഴിതെളിക്കു ന്നത്. ഇതിനെതിരേ സ്ത്രീകള്‍ മുന്നോട്ടുവരുന്നില്ല. അനാഥാലയത്തില്‍ കഴിയേണ്ടവരല്ല അമ്മമാര്‍ എന്ന തിരിച്ചറിവ് എല്ലാവരിലുമുണ്ടാകണം.

പെണ്‍കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം

കോളജ് പെണ്‍കുട്ടികള്‍ക്കിടയിലെ മയക്കുമരുന്നുപയോഗം വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. സ്കൂള്‍തലം മുതല്‍ പെണ്‍കുട്ടികളില്‍ സ്വഭാവരൂപീകരണം ഉണ്ടാകണം. പൊതുപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പെണ്‍കുട്ടികളെ ട്രെയിന്‍ ചെയ്‌തെടുത്താല്‍ ഇത്തരം സ്വഭാവദൂഷ്യങ്ങളില്‍ നിന്നും ഒരു പരിധിവരെ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് ചിത്ര പറയുന്നത്. സ്ത്രീ എന്നാല്‍ അമ്മയാകാന്‍ അല്ലെങ്കില്‍ കുടുംബിനിയാകാന്‍ വേണ്ടി മാത്രമുള്ളവള്‍ എന്ന ചിന്ത മാറ്റിയെടുക്കണം.

സ്വന്തമായി അഭിപ്രായമുള്ളവരായി സ്ത്രീകള്‍ മാറണം. ഇത് കുടുംബങ്ങളില്‍ നിന്ന് തുടങ്ങേണ്ടതാണ്. സ്ത്രീകള്‍ക്കു നേരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവമായി വിഷയത്തില്‍ ഇടപെടേണ്ടിയിരിക്കുന്നു. പകല്‍വീടുകള്‍ പോലെയുള്ളവ സര്‍ക്കാര്‍ കൊണ്ടുവരണം. ഇന്നു കൂട്ടുകുടുംബങ്ങള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല. മാതാപിതാക്കള്‍ക്കാകട്ടെ ഇതൊന്നും കേള്‍ക്കാന്‍ സമയവുമില്ല.

കുട്ടികള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍

കുട്ടികള്‍ക്കുനേരേയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരുന്നതും നമുക്കു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണു ഡോ.ചിത്ര പറയുന്നത്. ഇതിനും പലതാണു കാരണം. പലപ്പോഴും മാതാപിതാക്കളുടെ സാഹചര്യമാണ് ഇതിനാധാരമാകുന്നതെന്നാണ് കണ്ടുവരുന്നത്. രക്ഷിതാവിന്റെ മദ്യപാനവും ദമ്പതികള്‍ തമ്മിലെ കലഹവും പലപ്പോഴും ചെന്നെത്തുന്നത് കുട്ടികള്‍ക്കുനേരേയുള്ള അതിക്രമങ്ങളിലാണ്. നിയമപരിരക്ഷ നിലവിലുണ്ടെങ്കിലും അത് മിക്കയിടത്തും ഫലവത്താകുന്നില്ല. രക്ഷിതാക്കള്‍ക്ക് ശരിക്കുള്ള ബോധവത്കരണത്തിലൂടെ ഇത് നിയന്ത്രിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞേക്കും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഇത് നേരിട്ട് പരിഹരിക്കാനാവും.

കുടുംബവിശേഷങ്ങള്‍

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനാണ് അച്ഛന്‍ ശ്യാമപ്രസാദ്. അമ്മ ലീന അധ്യാപികയാണ്. മാതാപിതാക്കളുടെ പ്രോത്സാഹനം ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കാനിടയായി. അസിസ്റ്റന്റ് കളക്ടറായിട്ട് ഏഴുമാസമായി. നിലവില്‍ പ്രൊബേഷന്‍ ടൈമാണ്.

സന്തോഷ് പ്രിയന്‍
ഫോട്ടോ: റോണ റിബൈറോ

Related posts