പെരുമ്പാവൂര്‍: ജിഷവധം മാതാവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുമ്പോള്‍ വീടു പണിയുടെ പേരില്‍ ജില്ലാകളക്ടര്‍ സംഭാവന തേടുന്നത് വിവാദമാകുന്നു. കൊലപാതകം നടന്നതിനുശേഷം സംഭവം വിവാദമായതോടെ ജിഷയുടെ മാതാവിന് സര്‍ക്കാര്‍ വീടു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് തന്നെ സിപിഎമ്മും വീടുപണിക്ക് മുന്നിട്ട് ഇറങ്ങി.
എന്നാല്‍ വീടുപണി പൂര്‍ത്തീകരിച്ച് അടുത്തമാസം ഒന്‍പതിന് താക്കോല്‍ കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് ജില്ലാകളക്ടറുടെ നടപടി വ്യാപാരികള്‍ക്ക് ഇടയില്‍ പ്രതിഷേധിത്തിന് വഴി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം ജില്ലാകളക്ടര്‍ വ്യാപാരികളെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജിഷയുടെ കുടുംബത്തിന് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീന് എന്നിവ നല്‍കാനാണ് കളക്ടറുടെ നിര്‍ദേശം. ഇതിനോട് വ്യാപാരികള്‍ക്ക് യോജിപ്പ് ഉണ്ടായില്ല.
എന്നാല്‍ കളക്ടറുടെ നിര്‍ദേശം നടപ്പാക്കാതെ പറ്റില്ല എന്നതിനാല്‍ വ്യാപാരികള്‍ മൗനസമ്മതം നല്‍കുകയാണ് ഉണ്ടായത്. ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ പെന്ഷന്, സഹോദരിക്ക് ജോലി, വീടു എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ വീടു പണിയുടെ പേരില്‍ ലക്ഷങ്ങളാണ് സഹായം ലഭിച്ചിട്ടുള്ളത്. ഈ തുക വീടിന്റെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാതെ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല, പ്രതിയെ പിടികൂടുന്നതിന്റെ പേരില്‍ നാട്ടുകാര്‍ പീഡനം ഏറെ അനുഭവിച്ചതാണ്. ഇതിനിടെയാണ് കളക്ടറുടെ പിരിവെന്ന് ഒരുവിഭാഗം വ്യാപാരികള്‍ പറയുന്നു.