ടാനിയയുടെ ജീവിതം കലയ്‌ക്കൊപ്പം

taniഫോര്‍ട്ടു കൊച്ചിയിലൂടെ നടക്കുമ്പോള്‍ ഉപ്പു രസമുള്ള കാറ്റ് കലയുടെ ഗന്ധം കൂടി നല്‍കാറുണ്ട്. അപ്പോള്‍ പിന്നെ ഫോര്‍ട്ടു കൊച്ചിക്കാരി ടാനിയ എബ്രഹാമിന് കലയോട് അടുപ്പമില്ലെങ്കിലേ അതിശയമുള്ളു.

മികച്ചൊരു ക്യുറേറ്ററും പത്ര പ്രവര്‍ത്തകയുമാണു ടാനിയ. ഫോര്‍ട്ടു കൊച്ചിയില്‍ ഭക്ഷണം, കല എന്നിവക്കു പ്രശസ്തമായ കാശി ആര്‍ട് ഗ്യാലറിയെ കഴിഞ്ഞ നാലു വര്‍ഷമായി മനോഹരമാക്കുന്നത് ടാനിയയുടെയും പങ്കാളി എഡ്ഗാര്‍ പിന്റോയുടെയും കൈകളാണ്.

മാസികകള്‍, ദിന പത്രങ്ങള്‍ എന്നിവക്കെല്ലാം വേണ്ടി കലകളെക്കുറിച്ച് ടാനിയ എഴുതി നല്‍കാറുണ്ട്. നാഷണല്‍ ജിയോഗ്രഫിക് ചാനല്‍, കോണ്ട് നാസ്റ്റ് ട്രാവലര്‍, ഡെസ്റ്റിനേഷ്യന്‍ എന്നിവക്കെല്ലാം വേണ്ടി ടാനിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ട്ട് ആന്‍ഡ് ഡീല്‍, ആര്‍ട്ട് ഇലുസ്‌ട്രേറ്റഡ് എന്നിവര്‍ക്കു വേണ്ടി കലകളെക്കുറിച്ച് എഴുതുന്നു. 2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ട്ട് കൊച്ചിന്‍, ഹിസ്റ്ററി ആന്‍ഡ് അണ്‍ടോള്‍ഡ് സ്‌റ്റോറീസ് എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ഇവര്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട ഗാലറികളിലെല്ലാം ക്യുറേറ്ററായി ഇപ്പോഴും ടാനിയ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു ചിത്ര പ്രദര്‍ശനം കൊണ്ട് സമൂഹത്തിന് എന്തു കിട്ടി എന്നതിലാണ് ഒരു ക്യുറേറ്ററുടെ നേട്ടമെന്നാണ് ടാനിയയുടെ അഭിപ്രായം. അത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ക്കാണ് ടാനിയ പ്രധാന്യം നല്‍കുന്നതും. കലയൊരിക്കലും നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ടതല്ല. അതിനെ സ്വതന്ത്രമാക്കുന്ന തരത്തിലാണ് ടാനിയയുടെ ഓരോ പ്രവര്‍ത്തനങ്ങളും. സാമ്പത്തിക നേട്ടത്തോടൊപ്പം തന്നെ സാമൂഹികവും സാംസ്കാരികവുമായ നേട്ടങ്ങളാണ് കലയില്‍ നിന്നു ലഭിക്കുന്നതെന്നാണ് ടാനിയ പറയുന്നത്.

അതു രണ്ടും സമൂഹത്തിന്റെയും കലാകാരന്റെയും വളര്‍ച്ചക്ക് അത്യാവശ്യമായ ഘടകങ്ങളാണ്. അത്തരത്തില്‍ ടാനിയയുടെ സാമ്പത്തിക സ്രോതസ് ഗാലറിയില്‍ നിന്നുമുള്ള വരുമാനമാണ്. ഗാലറിയില്‍നിന്നുള്ള വാര്‍ഷിക വരുമാനം 30 മുതല്‍ 50 ലക്ഷം രൂപ വരെയാണ്. പക്ഷേ, ഗാലറി നടത്തിക്കൊണ്ടുപോവുകയെന്നത് വളരെ ചെലവും ഉത്തരവാദിത്വവുമുള്ളതാണ്.

കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള വലിയൊരു വേദിയാണ് കാശി ആര്‍ട് ഗ്യാലറിയിലൂടെ തുറന്നിടുന്നത്. കാലികവും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കണ്ടെത്തി അതിനു പറ്റിയ ഒരു കലാകാരനെ കണ്ടെത്തി പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് സാധരണയായി ചെയ്യാറ്. അങ്ങനെയുള്ള പ്രദര്‍ശനങ്ങള്‍ക്കിടയില്‍ ചിത്രങ്ങള്‍ വിറ്റു പോകും. തുടക്കകാരായ ആര്‍ട്ടിസ്റ്റുകളാണെങ്കില്‍ 30,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയോളം വരെ ലഭിക്കും. തങ്ങളുടേതായ മേഖല ഉറപ്പിച്ചിരിക്കുന്നവരാണെങ്കില്‍ അവരുടെ ചിത്രങ്ങളുടെ വില അഞ്ചു ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

പ്രദര്‍ശനത്തിനു വാടകയൊന്നും ഈടാക്കാറില്ല. ആര്‍ട്ടിസ്റ്റിന് ലഭിക്കുന്നതിന്റെ ഒരു ഭാഗം ഗാലറിക്ക് എന്ന നിലയിലാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറ്. കല ഒരിക്കലും കച്ചവടമല്ല. അതിനാല്‍ ഒരു മാസം ഇത്ര വരുമാനം നേടണം എന്നൊരു ലക്ഷ്യം ഒരിക്കലും വയ്ക്കാന്‍ പറ്റില്ല. കേരളത്തിലെ ജനങ്ങള്‍ ചിത്രങ്ങള്‍ ആസ്വദിക്കാനും അത് സ്വന്തമാക്കാനും തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ ഒരു മൂന്നോ അഞ്ചോ ലക്ഷം രൂപക്ക് വില വരുന്ന ഒരു ചിത്രത്തിന്റെ വില കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം അതിനെക്കാള്‍ ഇരട്ടി ആകാറുണ്ട്. അത് സ്വന്തമാക്കിയവര്‍ക്ക് വലിയൊരു നിക്ഷേപം തന്നെയാണത്. സാംസ്കാരികമായി ലഭിക്കുന്ന നേട്ടം ഒരിക്കലും തിട്ടപ്പെടുത്താവുന്നതുമല്ല. പക്ഷേ, ഒരു കലാകാരന്റെ ഉത്തരവാദിത്വമാണ് സമൂഹത്തിനായി എന്തെങ്കിലും നല്‍കുക എന്നു തന്നെയാണ് ടാനിയയുടെ അഭിപ്രായം.

ലണ്ടന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് ടാനിയ. കെന്റുകി യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്‌സ് അഡ്മിനിസ്‌ട്രേഷനില്‍ എംഎ പഠിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ചെന്നൈയിലെ സ്റ്റെല്ല മാരീസ് കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദവും ടാനിയ സ്വന്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ടു കൊച്ചിയിലെ സ്കൂള്‍ കാലഘട്ടത്തിലാണ് തന്റെ കലയോടുള്ള ആഭിമുഖ്യം വളര്‍ന്നതെന്ന് ടാനിയ ഓര്‍ക്കുന്നു.

വീടായിരുന്നു ടാനിയയുടെ ആദ്യത്തെ കളരി. ടാനിയയുടെ പിതാവ് തോമസ് ബെര്‍ളി നല്ലൊരു കലാകാരനും കലാസ്വാദകനുമാണ്. വീട്ടില്‍ തന്നെ നാടകകളരികളും, സംഗീത സദസ്സുകളുമുണ്ടാകാറുണ്ടായിരുന്നു അതൊക്കെയാണ് കലയുമൊത്തുള്ള ജീവിതത്തിലെ മുതല്‍ക്കൂട്ടുകള്‍.

വിദേശ വിദ്യാഭ്യാസം വൈദേശിക കലാകാരന്‍മാരുമായുള്ള സമ്പര്‍ക്കം എന്നിവയെല്ലാം തന്റെ വഴിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ടാനിയയുടെ കരുതുന്നു. കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തിയിരുന്ന ടാനിയ ആദ്യം എഴുത്താണ് തുടങ്ങിയത.് പിന്നെ പത്രപ്രവര്‍ത്തനത്തിലായി കമ്പം. അങ്ങനെ പത്രപ്രവര്‍ത്തകയായി.

കുടുബ ബിസിനസുകള്‍ വിട്ടു മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഫോര്‍ട്ടു കൊച്ചിയില്‍ തന്നെയാണ് ടാനിയയുടെ താമസം മകന്‍ താഹിര്‍ ഏബ്രഹാം സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് വിദ്യാര്‍ത്ഥിയാണ്. വിദേശിയവരും സ്വദേശിയരുമായ കലാകാരന്‍മാരെ ഒന്നിച്ചു ചേര്‍ത്ത് പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ടാനിയ.

Related posts