പിണറായി വിജയനെ തല്ലിയിട്ടുണ്ടെന്ന് കെ. സുധാകരന്‍, തമ്മില്‍ സംസാരിച്ചിട്ട് 21 വര്‍ഷമായി, സുധാകരന്‍ മനസു തുറക്കുന്നു

P-1 മുഖ്യമന്ത്രി പിണറായി വിജയനെതിരേ നേരിട്ട് മുനയുള്ള ഒരു വാക്കു പറയാന്‍ പോലും പലര്‍ക്കും പേടിയാണ്. എന്നാല്‍, കെ. സുധാകരനെന്ന കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതികായന് പറയാനുള്ളത് മറ്റൊരു കഥയാണ്. പണ്ട് കോളജ് പഠനകാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ കഥയാണ് സുധാകരന്‍ പങ്കുവച്ചത്.

തലശേരി ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം. അന്നു കോളജിന്റെ അധിപന്മാര്‍ കെഎസ്‌യുക്കാരായിരുന്നു. അവിടെ പഠിച്ചിറങ്ങിയ പിണറായി ഒരു ദിവസം പരീക്ഷയെഴുതാന്‍ വന്നു. കൂടെ കുറെ എസ്എഫ്‌ഐക്കാരും ഉണ്ട്. എന്തൊക്കെയോ പറഞ്ഞ് ഇടയ്ക്ക് ഇരുകൂട്ടരും തമ്മില്‍ വഴക്കായി. കെഎസ്‌യു പ്രവര്‍ത്തകരുടെ ഇടികൊട്ട എസ്എഫ് ഐക്കാര്‍ ചിതറിയോടുന്നു. ഞാന്‍ മുകളിലെ നിലയില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് പിണറായി വിജയന്‍ അതുവഴി വരുന്നത്. വന്നപടി പിണറായി ചോദിച്ചത് നീ ആരെടാ ധാരസിംഗോ എന്നാണ്. പടികയറി വന്നതും ഞാന്‍ മുകളില്‍നിന്ന് ഒരു ചവിട്ടു കൊടുത്തു. താഴെ വീണ വിജയനെ കെഎസ്‌യുക്കാര്‍ വളഞ്ഞിട്ടു തല്ലി. അന്നു തുടങ്ങിയതാണ് പിണറായിയുമായുള്ള വാശിയും വഴക്കും- സുധാകരന്‍ പറഞ്ഞുനിര്‍ത്തുന്നു.

ശത്രുതയിലാണെങ്കിലും പിണറായി കരുത്തന്‍ തന്നെയാണെന്ന് സുധാകരന്റെ സാക്ഷ്യം. വിജയന്റെ സംഘടനാപാടവവും ആസൂത്രണവുമെല്ലാം ഒന്നാന്തരമാണെന്നു അദ്ദേഹം പറയുന്നു. പല നല്ല സ്വഭാവങ്ങളും പിണറായിക്കുണ്ട്. പക്ഷേ ഹിറ്റ്‌ലറുടെ സ്വഭാവമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം ചങ്ങനാശേരിയില്‍ ഇപ്പോള്‍ ചികിത്സയിലാണ് സുധാകരന്‍.

Related posts