പ്രചാരണം അന്തിമ ഘട്ടത്തില്‍; കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം

alp-kottikalashamമൂവാറ്റുപുഴ:തെരഞ്ഞെടുപ്പു കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാമും എന്‍ഡിഎ സ്ഥാനാര്‍ഥി പി.ജെ. തോമസും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ്. ഇതോടെ തീപാറുന്ന മത്സരത്തിനാണ് മൂവാറ്റുപുഴയില്‍ കളമൊരുങ്ങിയിരിക്കുന്നത്. ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളില്‍ പെയ്യുന്ന കനത്ത മഴ പ്രചാരണത്തിന്റെ ആവേശം അല്‍പം കുറയ്ക്കുന്നുണെ്ടങ്കിലും ഇതെല്ലാം അവഗണിച്ചാണ് പ്രവര്‍ത്തകര്‍ പര്യടന പരിപാടികളില്‍ പങ്കെടുക്കുന്നത്. നൂറുകണക്കിനു ഇരുചക്രവാഹനങ്ങളുടെയും മറ്റും അകമ്പടിയോടെയാണ് സ്ഥാനാര്‍ഥികളുടെ പര്യടനം.

ഗ്രാമപ്രദേശങ്ങളില്‍ എത്തുന്ന സ്ഥാനാര്‍ഥികളെ വരവേല്‍ക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് വഴിയരികില്‍ കാത്തുനില്‍ക്കുന്നത്. ഓരോ മൂന്നണികള്‍ക്കും കലാശക്കൊട്ടിന് പ്രത്യേക സ്ഥലങ്ങളും പോലീസ് നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് യുഡിഎഫിന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും എല്‍ഡിഎഫ് കച്ചേരിത്താഴത്തും എന്‍ഡിഎ വെള്ളൂര്‍ക്കുന്നത്തുമായിരിക്കും കലാശക്കൊട്ട് നടത്തുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും നഗരത്തില്‍ നിലയുറപ്പിക്കും. മണ്ഡലത്തിലെ 16 പ്രശ്‌നബാധിത ബൂത്തുകളിലും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. സെന്‍ട്രല്‍ ആംഡ് പോലീസ് ഉള്‍പ്പെടെയുള്ള സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

പിറവം, മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ ക്രമീകരിക്കുന്ന ജോലികള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ജൂണിയര്‍ സ്കൂള്‍ എന്നിവിടങ്ങളാണ് ഇതിനായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്നു കനതത്ത സുരക്ഷയില്‍ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്ന വോട്ടിംഗ് മെഷീനുകള്‍ ഞായറാഴ്ച വിതരണം ചെയ്യും.

Related posts