സ്വന്തം ലേഖകന്‍
കൊച്ചി: പാര്‍ലമെന്റിലും നിയമസഭയിലും അംഗങ്ങളായിരുന്ന രണ്ടുപേര്‍ മുന്നണി സ്ഥാനാര്‍ഥികളായി മാറ്റുരയ്ക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ പ്രചാരണവും മത്സരവും മാന്യമായിരിക്കുമെന്നു സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി.ടി. തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. സെബാസ്റ്റ്യന്‍ പോളുമാണു എറണാകുളം പ്രസ് ക്ലബിലെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വിവേക് കെ. വിജയനും ഇരുവരുടെയും നിലപാടിന് അടിവരയിട്ടു. തെരഞ്ഞെടുപ്പില്‍ അപരന്മാരെ രംഗത്തിറക്കുന്ന തന്ത്രം പയറ്റില്ലെന്നും മൂവരും പറഞ്ഞു. രാഷ്ട്രീയവിഷയങ്ങള്‍ പ്രചാരണരംഗത്തുണ്ടാവുമെങ്കിലും മണ്ഡലത്തിന്റെ വികസനം തന്നെയായിരിക്കും മുഖ്യ പ്രചാരണവിഷയമെന്ന് സ്ഥാനാര്‍ഥികള്‍ പറഞ്ഞു.
സിറ്റിംഗ് എംഎല്‍എ മത്സരിക്കുന്നില്ലെന്നതിനാല്‍ ഭരണവിരുദ്ധ വികാരം മണ്ഡലത്തിലുണ്ടാവാനിടയില്ലെന്നു സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിറ്റിംഗ് എംഎല്‍എക്കു സീറ്റ് നിഷേധിക്കുന്നതിനുണ്ടായ സാഹചര്യം രാഷ്ട്രീയചര്‍ച്ചകളില്‍ ഉയര്‍ന്നുവരുമെങ്കിലും വ്യക്തിപരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നതരത്തിലുള്ള പ്രചാരണം ഉണ്ടാവില്ല. ജനങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അവയുമായി ബന്ധപ്പെട്ട പരിഹാരനിര്ദേശങ്ങള് മുന്നോട്ടു വയ്ക്കുന്നതായിരിക്കും ഇടതു സമീപനം. മുന്നണിയുടെ പൊതു പ്രകടനപത്രികയ്ക്കു പുറമെ തൃക്കാക്കരയ്ക്കു മാത്രമായുള്ള പ്രകടനപത്രിക പുറത്തിറക്കും. സ്വതന്ത്രസ്ഥാനാര്ഥിയായാല് ചിഹ്നം ലഭിക്കാനുള്ള കാലതാമസമാണു പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പ്രധാന കാരണമെന്നും സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പു രംഗത്തുള്ള മുന്‍കാല അനുഭവങ്ങള്‍ തനിക്കു തുണയാകുമെന്നു പി.ടി. തോമസ് പറഞ്ഞു. 27 വര്‍ഷമായി തൃക്കാക്കര മണ്ഡലത്തിലെ തമ്മനത്തു താമസിക്കുന്ന തനിക്ക് ഈ പ്രദേശം അപരിചിതമല്ല. 1978ല്‍ മഹാരാജാസില്‍ പഠിക്കാന്‍ വന്നതുമുതല്‍ എറണാകുളത്തെയും ഇവിടുത്തെ പ്രശ്നങ്ങളെയും അറിയാം. മണ്ഡലത്തിലെ വികസനപ്രശ്നങ്ങളെയും വികസനസാധ്യതകളെയും കണക്കിലെടുക്കും.
ജനപ്രതിനിധി ആരായാലും അവര്‍ക്കു ഭാരിച്ച ഉത്തരവാദിത്വം നല്കുന്ന മണ്ഡലമായിരിക്കും തൃക്കാക്കര. എതിരാളികള്‍ പ്രശസ്തരും പ്രമുഖരുമാണെന്ന് അറിഞ്ഞുതന്നെയാണു മത്സരരംഗത്തുള്ളത്. വ്യക്തിബന്ധങ്ങള്‍ ഹനിക്കാതെയുള്ള ആശയപരമായ പിന്‍ബലത്തോടെയായിരിക്കും തന്റെ പോരാട്ടം. ഗാഡ്ഗില്‍ വിഷയത്തില്‍ മുന്‍ നിലപാടുകള്‍ മാറ്റേണ്ട സാഹചര്യമില്ല. ബോധ്യമുള്ളതും സമൂഹത്തിന് ആവശ്യമുള്ളതുമായ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. അതിന്റെ പേരിലുള്ള എതിര്‍പ്പ് കാര്യമാക്കുന്നില്ല. ഈ നിലപാടിനുള്ള അംഗീകാരം കൂടിയാണു സ്ഥാനാര്‍ഥിത്വമെന്നു കരുതുന്നു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തനിക്കു പങ്കില്ല. തന്റെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡാണു തീരുമാനിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായാണു നീങ്ങുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ പ്രചാരണ രംഗത്തു വളരെ ശക്തമായിതന്നെ ഉയര്‍ന്നുവരുമെന്നും പി.ടി. തോമസ് പറഞ്ഞു.
മാതൃകാ മണ്ഡലമെന്ന നിലയിലാണു തൃക്കാക്കരയെ കാണുന്നതെന്നു തെരഞ്ഞെടുപ്പുരംഗത്തു കന്നിക്കാരനായ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വിവേക് കെ. വിജയന് പറയുന്നു. ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്നാണ് വിവേക് മത്സരത്തിനെത്തുന്നത്. യുവാക്കള്‍ക്ക് ഏറെ പ്രാമുഖ്യമുള്ള മണ്ഡലമായതിനാല്‍ യുവാവായ തനിക്ക് യുവാക്കളുടെ മികച്ച പിന്തുണയുണ്ടാവുമെന്ന ആത്മവിശ്വാസമുണ്ട്. തൃക്കാക്കര മണ്ഡലത്തിന്റെ സമീപമണ്ഡലമായ തൃപ്പുണിത്തുറക്കാരനായ തനിക്കു തൃക്കാക്കരയുടെ പ്രശ്നങ്ങള്‍ അറിയാമെന്നും മണ്ഡലത്തില്‍ വികസനകാര്യത്തില്‍ ഒരു വലിയ പൊളിച്ചെഴുത്താണ് വേണ്ടതെന്നും വിവേക് പറഞ്ഞു. അഭിഭാഷകരും എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുമാണു തൃക്കാക്കരയിലെ മുന്നണി സ്ഥാനാര്‍ഥികള്‍ മൂവരും.