കൊട്ടാരക്കര: വേനലാരംഭത്തില്‍ തന്നെ കിഴക്കന്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമായി .അനിയന്ത്രിതമായി തുടരുന്ന കരമണ്ണു ഖനനവും പാറഖനനവുമാണ് ജലസ്രോതസുകള്‍ വറ്റി വരളുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. കൊട്ടാരക്കര താലൂക്കില്‍ കുന്നിടിച്ചും ഖനനം നടത്തിയും കരമണ്ണു കടത്ത് വ്യാപകമായി നടന്നു വരുന്നുണ്ട്. കല്ലുവെട്ടിന്റെ മറവിലും മണ്ണ് കടത്ത് നടന്നു വരുന്നു. നാട്ടുകാരുടെ എതിര്‍പ്പോ പ്രകൃതി സംരക്ഷണ സംഘടനകളുടെ പ്രതിഷേധങ്ങളോ വക വക്കാതെയാണ് മണ്ണു ഖനനം നടന്നു വരുന്നത്. പോലീസ് റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയും രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയും മണ്ണു കടത്തു സംഘങ്ങള്‍ക്കു ലഭിച്ചു വരുന്നു.
രാത്രിയിലെ മണ്ണു ഖനനത്തെക്കുറിച്ച് പോലീസില്‍ വിവര മറിയിച്ചാല്‍ അപ്പോള്‍ തന്നെ വിവരം മണ്ണു സംഘങ്ങള്‍ക്കു ചോര്ന്നുകിട്ടും. വാഹനങ്ങളുമായി സംഘങ്ങള്‍ കടക്കുകയും ചെയ്യും. പേരിനു പോലീസ് വന്നു പോകുമെന്നു മാത്രം. കല്ലുവെട്ടിന് അനുവാദം വാങ്ങിയ ശേഷം വലിയതോതില്‍ മണ്ണു കടത്തുന്നതും കിഴക്കന്‍ മേഖലയില്‍ പതിവാണ്. ക്വാറി വേസ്റ്റ് എന്ന പേരിലാണ് ഇത്തരം മണ്ണ് കടത്ത് . കല്ലുവെട്ടുന്നതിന് അനുവാദം നല്കുമ്പോള് നല്കുന്ന മാര്‍ഗ നിര്‍ദേശങ്ങളൊന്നും പിന്നീട് പാലിക്കാറില്ല. തറ നിരപ്പില്‍ നിന്നും ആഴത്തിലാണ് മിക്കയിടത്തും ഖനനം നടന്നു വരുന്നത്.
കൊട്ടാരക്കര താലൂക്കില്‍ 500ഓളം കരിങ്കല്‍ ക്വാറികളുണ്ടെന്നാണ് ഏകദേശ കണക്ക് . ഇതില്‍ മുന്നൂറിലധികവും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇപ്പോള്‍ ചെറിയ ക്വാറികള്‍ വിരളമാണ് .താലൂക്കില്‍ പ്രവര്‍ത്തിക്കുന്നവയില്‍ മിക്കവയും വന്‍ കിട ക്വാറികളാണ്. തറ നിരപ്പിലുളള പാറ തീര്‍ന്നപ്പോള്‍ ആഴത്തിലുളള ഖനനമാണ് മിക്കയിടത്തും നടന്നു വരുന്നത്. ഇരുന്നൂറും മൂന്നുറും അടി താഴ്ചയുളള ക്വാറികള്‍ താലൂക്കിലുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
ആഴത്തിലുളള ഖനനങ്ങള്‍ നടക്കുന്നതു മൂലം സമീപഭൂമികളെല്ലാം ഊഷരമായി മാറിക്കൊണ്ടിരിക്കുകയാണ്. നീരൊഴുക്കു തടസപ്പെടുന്നതോടൊപ്പം ആഴമുളള ഭാഗത്തേക്ക് നീരൊഴുക്ക് വ്യതിയാനപ്പെടുകയും ചെയ്യുന്നു. ഇതു മൂലം കിണറുകളും കുളങ്ങളും തോടുകളുമെല്ലാം വറ്റി വരളുകയാണ്. കാര്‍ഷിക മേഖലയെ ഇതു ഗുരുതരമായി ബാധിച്ചു കഴിഞ്ഞു.. പ്രകൃതി സന്തുലിതാവസ്ഥ നില നിര്‍ത്തേണ്ടുന്ന ആവാസ ജീവികളുടെ തിരോധാനവും സംഭവിച്ചിട്ടുണ്ട്. ജീവ ജാലങ്ങള്‍ക്കു വംശ നാശവും സംഭവിച്ചു കൊണ്ടിരിക്കുന്നു.
വേനല്‍ കാലം ആരംഭിച്ചപ്പോള്‍ തന്നെ കിഴക്കന്‍ മേഖലയില്‍ ജലക്ഷാമം രുക്ഷമായി ക്കൊണ്ടിരിക്കുകയാണ്. കുടിവെളള സ്രോതസുകള്‍ വറ്റി വരണ്ടു തുടങ്ങിക്കഴിഞ്ഞു . നിരവധി പ്രദേശങ്ങളിലെ ജനങ്ങള്‍ ഇപ്പോള്‍ തന്നെ ചുമട്ടു വെളളത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. വേനല്‍ കടുക്കുന്നതോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് സൂചനകള്‍. ഗ്രാമ പ്രദേശങ്ങളിലെ കുടിവെളള വിതരണ പദ്ധതികളൊന്നും പ്രവര്‍ത്തന ക്ഷമമല്ല. മിക്കയിടത്തും കുഴിച്ചിട്ട പൈപ്പുകളും ടാപ്പുകളും മാത്രമാണ് അവശേഷിക്കുന്നത്. ഖനനങ്ങള്‍ക്കു നിയന്ത്രണ മേര്പ്പെടുത്തിയില്ലെങ്കില് കുടിവെളളം കിട്ടാക്കനിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.