കൊല്ലം: കനത്തമഴയില്‍ വീടുകള്‍ തകര്‍ന്നതുള്‍പ്പെടെ ജില്ലയില്‍ നിരവധി നാശനഷ്ടം. പലയിടങ്ങളിലും മരം ഒടിഞ്ഞുവീണ് ഗതാഗത തടസം ഉണ്ടാവുകയും താഴ്ന്ന സ്ഥലങ്ങള്‍ വെള്ളക്കെട്ടിലാവുകയും ചെയ്തു. കനത്തമഴയെതുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കിഴക്കന്‍മേഖലയില്‍ മഴയെതുടര്‍ന്ന് വന്‍ കൃഷിനാശമാണ് സംഭവിച്ചത്. ചിലയിടങ്ങളില്‍ ദേശീയപാതയില്‍ മരം ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മേല്‍പതിച്ചു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
ചവറ ഫയര്‍സ്റ്റേഷന് മുമ്പില്‍ കൂറ്റന്‍ മരം അതുവഴി വന്ന കാറിന് മുകളിലേക്ക് പതിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ചിലയിടങ്ങളില്‍ വീടുകള്‍ അപകടഭീഷണിയിലുമായി. ശക്തമായ മഴയില്‍ ഭിത്തി വിണ്ടുകീറിയാണ് പല വീടുകളും അപകടാവസ്ഥയിലായത്. കുണ്ടറയില്‍ ആംഗന്‍വാടി യ്ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. മഴയെതുടര്‍ന്ന് കൊല്ലം നഗരത്തിലെ റോഡുകളെല്ലാം വെള്ളത്തിലായി. ഓടകള്‍ മിക്കതും അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം ഒഴുകിപോകാതെ റോഡുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഇടറോഡുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. പലയിടത്തും ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും റോഡിലെ കുഴിയില്‍ വീണ്‌നിസാരപരിക്കേറ്റു.
ചിന്നക്കട പുള്ളിക്കട കോളനി, ഉളിയക്കോവില്‍, കടപ്പാക്കട, ആണ്ടാമുക്കം, കപ്പലണ്ടിമുക്ക്, തോപ്പില്‍കടവ്, ശക്തികുളങ്ങര, കാവനാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇവിടങ്ങളിലെ നൂറിലധികം വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. അപകടാവസ്ഥയിലായ വീടുകളില്‍ ആശങ്കയോടെയാണ് വീട്ടുകാര്‍ താമസിക്കുന്നത്. മയ്യനാട് മുക്കത്ത് കടല്‍ ക്ഷോഭവും ശക്തമാണ്. ശക്തമായ തിരമാലകളില്‍ കരയിടിച്ചില്‍ രൂക്ഷമായി തുടരുകയാണ്. കടവൂര്‍ ക്ഷേത്രത്തിലെ വന്‍മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ക്ഷേത്ര കാവില്‍ നിന്ന മരവും കടപുഴകി. ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകളോളം ശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്.
കടപ്പാക്കടയില്‍ ഓടയില്‍ വെള്ളം നിറഞ്ഞ് മലിനജലം പുറത്തുവന്നതോടെ ഇവിടെ ദുര്‍ഗന്ധം വമിച്ചുതുടങ്ങി. ഇതുമൂലം യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ഇതുവഴി പോകുന്നത്. കിഴക്കന്‍ മേഖലയിലും മഴ വന്‍നാശമാണ് വിതച്ചത്. പത്തനാപുരം, പുനലൂര്‍, കുളത്തൂപ്പുഴ, മടത്തറ, പട്ടാഴി, കടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൃഷിയ്ക്കും വീടുകള്‍ക്കും നാശം സംഭവിച്ചു. മഴയെതുടര്‍ന്ന് മുളവന പുന്നത്തടത്തിന് സമീപം കുന്നിനോട് ചേര്‍ന്ന് നിന്ന ആംഗന്‍വാടിയ്ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കരുനാഗപ്പള്ളിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. നിരവധി വീടുകളിലെ കുടംബങ്ങള്‍ക്ക് വെള്ളക്കെട്ട് കാരണം വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. തീരപ്രദേശത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ടിലാണ്.
ക്ലാപ്പന, കരുനാഗപ്പള്ളി, കുലേശഖരപുരം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളാണ് വെള്ളക്കെട്ടിലായത്. ക്ലാപ്പനതെക്ക് വയലിശേരി പടീറ്റതില്‍ വിന്‍സന്റ് ക്രൂസിന്റെ വീടിന്റെ നാലു വശവും പൂര്‍ണമായും വെള്ളക്കെട്ടിലാണ്. ഇവര്‍ക്ക് വീടിനു പുറത്ത് ഇറങ്ങാന്‍ കഴിയാത്തവസ്ഥയിലാണ്. പണിക്കര്‍ കടവ് 57-ാം നമ്പര്‍ ആംഗനവാടി വെള്ളക്കെട്ടിലാണ്. ഇത് കാരണം ആംഗനവാടി പ്രവര്‍ത്തിച്ചില്ല. ശക്തമായ മഴ തുടര്‍ന്നാല്‍ തീരപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനിടിയിലാകും. മഴയെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മരങ്ങള്‍ വീണ് പലയിടത്തും ഭാഗികമായി വൈദ്യുതി തടസം ഉണ്ടായി.