മഴ തുടങ്ങി, പകര്‍ച്ചപനി ഭീതിയില്‍ നഗരം

TCR-WASTEഇരിങ്ങാലക്കുട: കാലവര്‍ഷം തുടങ്ങിയതോടെ നഗരവാസികള്‍ പനിചൂടില്‍ വിറയ്ക്കുമ്പോള്‍ ആരോഗ്യവകുപ്പധികൃതര്‍ നിര്‍ജീവമായ അവസ്ഥ യിലാണ്. മഴ ശക്തമായതോടെ നിരവധി പേര്‍ പനി മൂലം താലൂക്കാശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടിയെത്തി തുടങ്ങി. ചില്‍സതേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. എന്നാല്‍ രോഗികളില്‍ രോഗ ലക്ഷണങ്ങള്‍ കാര്യമായിട്ടില്ലെന്നും പ്രാഥമിക ചികില്‍സകെണ്ട് ഭേദമാക്കാം എന്നുള്ളതാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

താലൂക്കാശുപത്രിക്കു പുറമേ സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചീട്ടുണ്ട്.  ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നിവ വ്യാപകമാകുവാനാണ് സാധ്യത. നഗരങ്ങളില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകളുടെ പ്രജനനം ഇപ്പോള്‍ തന്നെ അധികമാണെന്നു കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്തിനു മുന്നോടിയായി നടത്താറുള്ള മാലിന്യ നിര്‍മാര്‍ജനം ശക്തമാകാത്തതാണ് ഇതിനു കാരണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാലിന്യ നിര്‍മാര്‍ജനം, കൊതുകു നിവാരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നാണു വിദഗ്ദ പക്ഷം.

രോഗം വരാതിരിക്കുന്നതിനുള്ള ബോധവത്കരണമടക്കമുള്ള മുന്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യവകുപ്പ് തയാറാകാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഏതു നിമിഷവും പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. മാലിന്യം പരന്നൊഴുകുന്ന നഗരത്തില്‍ രോഗങ്ങള്‍ പടരാനുള്ള അനുകൂല സാഹചര്യമാണുള്ളത്. ഷണ്‍മുഖം കനാല്‍, ആസാദ് ജവഹര്‍ കോളനി, ട്രഞ്ചിംഗ് ഗ്രണ്ടിനു സമീപമുള്ള വാട്ടര്‍ ടാങ്ക്, ഗാന്ധിഗ്രാം, എകെപി ജംഗ്ഷന്‍ തുടങ്ങിയ മേഖലകളിലാണ് രോഗഭീഷണി ഏറെയുള്ളത്.

നഗരപ്രദേശത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളില്‍ നിന്നും രോഗം പകരാം എന്നുള്ളതിനാല്‍ മാലിന്യസംസ്കരണം കാര്യക്ഷമമല്ലാത്തത് രോഗാവസ്ഥ ഗുരുതരമാക്കുന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം അണുവിമുക്തമാണോയെന്നും ഗുണനിലവാരമുള്ളതാണൊയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നഗരസഭയിലെ ആരോഗ്യ വിഭാഗം കൂടുതല്‍ സജീവമായി രംഗത്തിറങ്ങിയിട്ടില്ല. വീടുകളിലെ കിണറുകള്‍ രോഗാണുവുമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറുകള്‍ എല്ലാ വര്‍ഷവും നഗരസഭ വിതരണം ചെയ്യാറുള്ളതാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയാണ് ഇതിന്റെ വിതരണം നടക്കാറുള്ളത്. മഴതുടങ്ങിയിട്ടും നഗരസഭ ഇക്കാര്യത്തില്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചീട്ടില്ല.

പുതുതായി തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ക്കെതിരെ കൃത്യമായ ബോധവല്‍ക്കരണ പരിപാടി നടത്താന്‍ ആരോഗ്യ വകുപ്പിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന അജ്ഞതയുമുണ്ട്.  എന്തു സംഭവിച്ചാലും കുലുക്കമില്ലാതെ നോക്കുകുത്തിയായ അവസ്ഥയാണ് നഗരസഭയുടെ ആരോഗ്യ വകുപ്പിനുള്ളത്. രോഗം വരട്ടെ എന്നീട്ടാകാം നടപടികളെന്നാണ് അധികൃതരുടെ നിലപാട്. ആരോഗ്യ വകുപ്പ് ചില നിര്‍ദേശങ്ങള്‍ നല്‍ക്കി രക്ഷപ്പെടുവാനുള്ള ശ്രമത്തിലാണ്.

നഗരത്തിലെ പല തോടുകളും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല. കാലവര്‍ഷം കനത്താല്‍ തോടുകളില്‍ വെള്ളക്കെട്ട് രൂക്ഷമാകും. ഇത് സമീപത്തെ കിണറുകളെ മലിനമാക്കുന്നതോടെ രോഗങ്ങള്‍ പിടിപ്പെടാന്‍ ഇടയാക്കും. നഗരസഭയില്‍ നിന്നും ഓരോ വാര്‍ഡുലേക്കും തോടുകളും കുളങ്ങളും വൃത്തിയാക്കുവാന്‍ തുക നല്‍കുന്നുണ്ടെങ്കിലും ടൗണിലെ പല വാര്‍ഡുകളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നീട്ടില്ല. പല കൗണ്‍സിലര്‍മാരുടെയും താല്‍പര്യമില്ലായ്മയാണ് ഇതിനു പിന്നില്‍, ഇക്കാര്യത്തെ കുറിച്ച് കൗണ്‍സിലര്‍മാരോട് ചോദിച്ചാല്‍ തോട് വൃത്തിയാക്കുവാന്‍ തെഴിലാളികളെ കിട്ടിയില്ലെന്നും സമയപരിധി ലഭിച്ചില്ലെന്നുമാണ് മറുപടി. മഴ ഇടമുറിയാതെ പെയ്താല്‍ ആരോഗ്യസുരക്ഷാപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുവാനാണ് സാധ്യത.

Related posts