ലോറി പാടത്തേക്കു മറിഞ്ഞു; ഡ്രൈവര്‍ കുടുങ്ങിക്കിടന്നതു മൂന്നര മണിക്കൂര്‍

tvm-lorryമൂവാറ്റുപുഴ: നിയന്ത്രണംവിട്ട ലോറി പാടത്തേയ്ക്കു മറിഞ്ഞു. മൂന്നര മണിക്കുറോളം ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടോടെ മാറാടി കായനാട് കവലയിലായിരുന്നു അപകടം. തലയ്ക്കും കാലിനും പരിക്കേറ്റ ഡ്രൈവര്‍ മുടവൂര്‍ മണ്ണുംകുഴിയില്‍ എം.വി. മഹേഷി(33)നെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്ലൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ ഈറ്റ ഇറക്കിയ ശേഷം തിരികെ വരുന്നതിനിടെയാണ് അപകടം. കായനാട് വളവ് തിരിഞ്ഞ ഉടന്‍ ലോറി ഇരുപതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. 5.30 ന് നടക്കാനെത്തിയവരാണ് ലോറി അപകടത്തില്‍പ്പെട്ട വിവരം ആദ്യം അറിയുന്നത്. ഈ സമയമത്രയും വേദന സഹിച്ച് ഡ്രൈവര്‍ വാഹനത്തില്‍ കുരുങ്ങി കിടക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ തെറിച്ചുപോയതിനാല്‍ ഡ്രൈവര്‍ക്കു മറ്റുള്ളവരെ വിവരം അറിയിക്കാനായില്ല. സ്റ്റിയറിങ്ങിനിടയില്‍ കുരുങ്ങി കിടന്ന മഹേഷിനെ നാട്ടുകാര്‍ പുറത്തിറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം സ്റ്റിയറിംഗ് മുറിച്ചുമാറ്റിയാണ് മഹേഷിനെ പുറത്തെടുത്തത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍ മഹേഷ് മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

Related posts